ചരക്ക് ഗതാഗതം നിലച്ചു; തമിഴ്നാട്ടില്‍ പ്രതിസന്ധി

പീരുമേട്: തമിഴ്നാട്ടിൽ നിന്ന്  കുമളി, കമ്പംമെട്ട് ചെക്പോസ്റ്റുകൾ വഴി ചരക്ക് ഗതാഗതം നിലച്ചത് തമിഴ്നാട്ടിലെ കാ൪ഷിക വ്യാവസായിക മേഖലകളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു.
പച്ചക്കറി ഉൾപ്പെടെയുള്ള വസ്തുക്കൾ കേരളത്തിലേക്കും തമിഴ്നാട്ടിലെ വ്യവസായങ്ങൾക്കാവശ്യമായ റബ൪ ഷീറ്റ്, ലാറ്റക്സ് എന്നിവ തമിഴ്നാട്ടിലേക്കും കൊണ്ടുപോകുന്നത് തടസ്സപ്പെട്ടിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി മേഖലയിൽ നിന്ന് ദിനംപ്രതി പത്തിലധികം ലോറികൾ ലാറ്റക്സുമായി കുമളി ചെക്പോസ്റ്റ് വഴി കടന്നുപോയിരുന്നു. ഇവ പൂ൪ണമായും നിലച്ചത് റബ൪ അധിഷ്ഠിത വ്യവസായങ്ങളെ ബാധിച്ചു. കൊല്ലം മേഖലയിൽ നിന്ന്  തീപ്പെട്ടിക്കൊള്ളികളും സാത്തൂ൪,ശങ്കരമംഗലം,ശിവകാശി മേഖലകളിലെ ഫാക്ടറികളിൽ എത്തിച്ചിരുന്നു.തേനി,കമ്പം,ഗൂഡല്ലൂ൪ പച്ചക്കറി ചന്തകൾ നിലച്ചതിനാൽ പച്ചക്കറി ഉൽപ്പാദനത്തെ ബാധിക്കുന്നു.വിപണി ഇല്ലാത്തതിനാൽ ഇവ ചീഞ്ഞ് നശിക്കുകയാണ്.
തമിഴ്നാട്ടിൽ പച്ചക്കറികൾക്ക് ഉയ൪ന്ന വില ലഭിക്കുന്നത് ഡിസംബറിലാണ്. ശബരിമല സീസണും എല്ലാ മതവിശ്വാസികളുടെ നോമ്പ് കാലമായതിനാലും ഡിസംബറിൽ പച്ചക്കറി വില ഉയ൪ന്ന് നിൽക്കുന്നത് ക൪ഷ൪ക്ക് പ്രയോജനമാണ്. ഇത്തവണ കനത്ത തിരിച്ചടിയാണ് ക൪ഷക൪ക്കുണ്ടായത്. ജനുവരിയോടെ പുതിയ കൃഷിയിലെ വിളവെടുപ്പ് ആരംഭിക്കുന്നതിനാൽ വിലയിടിവും ഉണ്ടാകും. തമിഴ്നാട്ടിലെ കന്നുകാലി കൃഷിയും അവതാളത്തിലായി.കറന്നെടുക്കുന്ന പാൽ നശിപ്പിച്ച് കളയുകയാണ്. ചരക്ക് ഗതാഗതം നിലച്ചതോടെ ഗ്രാമങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാണ്.
ആഴ്ചകളായി പച്ചക്കറി കയറ്റി അയക്കാതിരുന്നിട്ടും കേരളത്തിൽ നിന്ന് സമ്മ൪ദം ഉണ്ടാകാതിരുന്നതും തമിഴ്നാട് ക൪ഷകരെ ഭയപ്പെടുത്തുന്നു.ആന്ധ്ര,ക൪ണാടക തുടങ്ങിയ സ്ഥലങ്ങളിലെ വിപണിയിൽ കേരളത്തിലെ വ്യാപാരികൾ എത്തിയാൽ തമിഴ്നാട്ടിലെ വിപണികൾ തകരുമെന്നും ക൪ഷക൪ ഭയക്കുന്നു.
കേരളത്തിലെ വ്യാപാരികൾ ചന്തകളിൽ എത്താത്തതിനാൽ നിസ്സാര വിലയ്ക്കാണ് പച്ചക്കറികൾ ക൪ഷക൪ വിൽക്കുന്നത്. മേട്ടുപാളയം, ഒട്ടംചത്രം തുടങ്ങിയ ചന്തകളിലേക്കാണ്  തേനി,കമ്പം ചന്തകളിൽ നിന്ന് ഇപ്പോൾ പച്ചക്കറികൾ കൊണ്ടുപോകുന്നത്.ചരക്ക് കൂലിയുടെ പേരിൽ വളരെക്കുറച്ച് വിലയ്ക്കാണ് ഇവിടുത്തെ വ്യാപാരികൾ ഇടപാടുകൾ നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.