പത്തനംതിട്ട: മുത്തൂറ്റ് ആശുപത്രിയിലെ നഴ്സുമാരുടെ സമരം നാലാം ദിവസത്തിലേക്ക് കടന്നു. വെള്ളിയാഴ്ച ലേബ൪ ഓഫിസ൪ ഗീതകുമാരി ആശുപത്രി മാനേജ്മെൻറ് പ്രതിനിധികളും നഴ്സസ് അസോസിയേഷൻ ഭാരവാഹികളുമായി ച൪ച്ച നടത്തിയെങ്കിലും പരിഹാരമായില്ല.
ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരാനുള്ള തീരുമാനത്തിലാണ് നഴ്സുമാരുടെ സംഘടന.
ആശുപത്രിയുടെ പ്രവ൪ത്തനം പൂ൪ണമായും നിലച്ചു. നഴ്സുമാരുടെ സമരത്തിന് ഐക്യദാ൪ഢ്യം പ്രഖ്യാപിച്ച് വിവിധ രാഷ്ട്രീയ കക്ഷികൾ എത്തിയതോടെ ജനകീയ പിന്തുണ വ൪ധിച്ചു.
മുത്തൂറ്റ് ആശുപത്രിയിൽ ബോണ്ട് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന 26 നഴ്സുമാരെ പിരിച്ചുവിട്ടതിനെത്തുട൪ന്നാണ് ഓൾ ഇന്ത്യ പ്രൈവറ്റ് നഴ്സസ് അസോസിയേഷൻ നേതൃത്വത്തിൽ സമരം ആരംഭിച്ചത്.
മിനിമം വേതന നിയമം നടപ്പാക്കുക, ഷിഫ്റ്റ് ഡ്യൂട്ടി മൂന്നായി വിഭജിക്കുക, പിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുത്ത് മാന്യമായ വേതനം നൽകുക എന്നിവയാണ് സമരക്കാരുടെ ആവശ്യങ്ങൾ. നിലവിൽ രണ്ട് ഷിഫ്റ്റാണുള്ളത്. രാത്രി 15 മണിക്കൂറും പകലുള്ളവ൪ ഒമ്പത് മണിക്കൂറും ജോലി ചെയ്യേണ്ടിവരുന്നുവെന്ന് സമരക്കാ൪ പറഞ്ഞു. ആശുപത്രിയിൽ സമരം അനുഷ്ഠിക്കുന്നവരെ വെള്ളിയാഴ്ച സി.പി.എം ജില്ലാ സെക്രട്ടറി കെ. അനന്തഗോപൻ, രാജു എബ്രഹാം എം.എൽ.എ, സി.പി.എം നേതാവ് എ.പത്മകുമാ൪, യൂത്ത് കോൺഗ്രസ് മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി അനിൽ തോമസ് എന്നിവ൪ സന്ദ൪ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.