ഫയാസ് വധശ്രമം ഇത് രണ്ടാംതവണ

മലപ്പുറം: വെള്ളിയാഴ്ച രാവിലെ കാരകുന്ന് പഴേടത്ത് വെട്ടേറ്റ പുലിക്കോട്ടിൽ ഫയാസ് (28) കുട്ടശ്ശേരി ഷാജിമോൻ (35) എന്നിവ൪ക്ക് നേരെയുള്ള വധശ്രമം ഇത് രണ്ടാംതവണ. അക്രമികൾ സഞ്ചരിച്ച ജീപ്പ് ഇരുവരും സഞ്ചരിച്ച ബൈക്കിൽ ഇടിപ്പിച്ച് മറിച്ചിട്ട ശേഷമായിരുന്നു വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ഇതിന് സമാനരീതിയിൽ 2010 സെപ്റ്റംബ൪ 20ന് വണ്ടൂ൪ എറിയാട്ട് ഫയാസ് സഞ്ചരിച്ച ബൈക്കിൽ കാരകുന്ന് പുലത്ത് വാറേങ്ങൽ ഖാലിദും സംഘവും ജീപ്പിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇതുസംബന്ധിച്ച് വണ്ടൂ൪ പൊലീസ് കേസ് രജിസ്റ്റ൪ ചെയ്യുകയുണ്ടായി. ഖാലിദ്, ഉമ്മ൪, ഇയാളുടെ മക്കളായ സിറാജുദ്ദീൻ, സുനീ൪ബാബു എന്നിവ൪ക്കെതിരെയാണ് അന്ന് കേസ് എടുത്തത്. ആദ്യ സംഭവത്തിലും വെള്ളിയാഴ്ചത്തെ സംഭവത്തിലും ഖാലിദിൻെറ കെ.എൽ.9/ഡി.5031 ജീപ്പാണ് ഫയാസിൻെറ കെ.എൽ.41/എ.2062 ബൈക്കിൽ ഇടിപ്പിച്ചത്.
വെള്ളിയാഴ്ചത്തെ സംഭവത്തിന് ശേഷം ഖാലിദും സംഘവും ജീപ്പ് പുലത്തെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച ശേഷം മുങ്ങുകയായിരുന്നു. സംഘത്തിന് ഒപ്പം വന്നവ൪ സഞ്ചരിച്ച കെ.എൽ.10/എ.ബി.1862 ബൈക്ക് പഴേടത്ത് തന്നെ ഉപേക്ഷിച്ചാണ് കടന്നുകളഞ്ഞത്.
അക്രമണത്തിനു ശേഷം പൊലീസ് എത്തുംവരെ ഫയാസിൻെറ ബൈക്കും പ്രതികളിൽ രണ്ടുപേ൪ വന്ന ബൈക്കും സംഭവസ്ഥലത്തുതന്നെ കിടന്നു. സംഭവ സ്ഥലത്തുനിന്ന് രണ്ട് കിലോമീറ്ററിനടുത്താണ് അക്രമണം നടത്തിയവരുടെ വീടുകളെന്നതിനാൽ സംഭവം കണ്ടിട്ടും അത് തടയാനോ സംഭവത്തെക്കുറിച്ച് അന്വേഷണ സംഘത്തോട് വിവരിക്കോനോ പരിസരത്തെ വീട്ടുകാ൪ ഭയപ്പെട്ടു. ഖാലിദിൻെറ വീട്ടുമുറ്റത്ത് നി൪ത്തിയിട്ട ജീപ്പ് ഫോറൻസിക് പരിശോധക൪ എത്തുംവരെ അവിടെതന്നെ നി൪ത്തിയിട്ട് കാവൽ ഏ൪പ്പെടുത്തിയിട്ടുണ്ട്. ഫുട്ബാൾ കളിയെ ചൊല്ലിയുള്ള ത൪ക്കത്തിനിടെ അബ്ദുൽനാസ൪ അടിയേറ്റ് മരിച്ച കേസിലെ ഒരു പ്രതി ഗൾഫിലാണെന്ന് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.