കാസ൪കോട്: രാവിലെ 7.15ന് മാവേലി എക്സ്പ്രസിന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ മുഖ്യമന്ത്രിയെ സ്വീകരിച്ചതുതന്നെ പരാതികളാണ്. പരാതികൾ നേരത്തെ നൽകാൻ കഴിയാതിരുന്ന ഏതാനുംപേ൪ റെയിൽവേ സ്റ്റേഷനിൽ കാത്തിരിപ്പുണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനിൽനിന്ന് കാഞ്ഞങ്ങാട് ഗെസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രിയെ ഗെസ്റ്റ് ഹൗസിലേക്ക് സ്വീകരിച്ചതും പരാതി പ്രളയം. നൂറുകണക്കിനാളുകൾ കാഞ്ഞങ്ങാട് ഗെസ്റ്റ് ഹൗസിൽ തടിച്ചുകൂടിയിരുന്നു. ഗെസ്റ്റ് ഹൗസ് മുറിയിൽ കയറിയ മുഖ്യമന്ത്രി കുളിച്ച് പ്രാതൽ കഴിച്ചു. 45 മിനിറ്റ് നേരം ഗെസ്റ്റ് ഹൗസിൽ തങ്ങിയ മുഖ്യമന്ത്രിയെ കാണാൻ പരാതിയുമായി എത്തിയവരുടെയും കോൺഗ്രസ് പ്രവ൪ത്തകരുടെയും തള്ളുതന്നെയായിരുന്നു.
പരമാവധി പരാതികൾ സ്വീകരിച്ച് എല്ലാവരോടും ‘സലാം’ പറഞ്ഞ് ഗെസ്റ്റ് ഹൗസിൻെറ പടിയിറങ്ങിയ മുഖ്യൻ വായുവേഗത്തിൽ പറന്നെത്തിയത് കഴിഞ്ഞദിവസം അബൂദബിയിൽ ഭൂഗ൪ഭ അറയിൽ കുടുങ്ങി മരിച്ച പത്മനാഭൻ നായരുടെ വെള്ളിക്കോത്തെ വീട്ടിലേക്ക്. കുടുംബാംഗങ്ങളെ നേരിൽക്കണ്ട് ആശ്വസിപ്പിച്ച് അടുത്തത് ഒരു ഉദ്ഘാടന ചടങ്ങ്. പെരിയയിലെ ഗാന്ധി സ്മാരക ഗ്രന്ഥാലയം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുറേ പരാതികൾ പെരിയയിൽനിന്ന് ലഭിച്ചു. അതും സ്വീകരിച്ച് കാസ൪കോട്ടേക്ക് പാഞ്ഞു.
9.50ന് കാസ൪കോട് കലക്ടറേറ്റിൽ എത്തിയ മുഖ്യമന്ത്രിയെ കാത്തിരുന്നത് മഹാ ജനപ്രളയം. പതിനായിരത്തിലധികം പരാതികൾക്ക് കൂട്ടായി അരലക്ഷത്തോളം ജനം. ദേശീയപാതയിൽനിന്ന് തുടങ്ങുന്ന മനുഷ്യമതിൽ കലക്ടറേറ്റ് വളപ്പിൽ കടലായിത്തീ൪ന്നിരിക്കുന്നു. മുഖ്യമന്ത്രി വന്നുവെന്നറിഞ്ഞതോടെ ജനം അലയടിക്കാൻ തുടങ്ങി. ഉദ്ഘാടനം കഴിഞ്ഞ മുഖ്യമന്ത്രി ആദ്യം പരിഗണിച്ചത് ആംബുലൻസിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്ത രോഗികളെ.
20ഓളം രോഗികളുടെ അടുത്തേക്ക് മുഖ്യമന്ത്രി ഇറങ്ങിച്ചെന്നു. അവരുടെ സങ്കടങ്ങൾ കേട്ടു. വിശദവിവരങ്ങൾ ആരാഞ്ഞു. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് നടപടിക്ക് ശിപാ൪ശ ചെയ്തു.
കുടുംബത്തിൻെറ നട്ടെല്ലായ ഗൃഹനാഥന്മാ൪, കുട്ടികൾ, എൻഡോസൾഫാൻ ഇരകൾ എന്നിങ്ങനെ എല്ലാവ൪ക്കും മുഖ്യമന്ത്രിയുടെ സാമീപ്യം ആശ്വാസവും പ്രതീക്ഷയുമായി. 12 മണിയോടെ തീരെ അവശരായ രോഗികളിൽനിന്ന് ശാരീരിക വൈകല്യമുള്ളവരിലേക്ക് ഇറങ്ങി.
ഇതിനിടയിൽ ലഘു പാനീയങ്ങൾ മാത്രമാണ് മുഖ്യമന്ത്രി കഴിക്കുന്നത്. വിഭവസമൃദ്ധമായ ഭക്ഷണം ഇല്ല. ഭക്ഷണം കഴിക്കാതെ തന്നെ കാത്തിരിക്കുന്ന രോഗികൾക്കും മറ്റുമൊപ്പം അവരുടെ വേദനകൾ വാങ്ങി മുഖ്യമന്ത്രിയും ജനമ്പ൪ക്കം തുട൪ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.