ഏറ്റവും വലിയ പള്ളി രാഷ്ട്രത്തിന് സമര്‍പ്പിച്ചു

ദോഹ: രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് മോസ്ക് വിശ്വാസികൾക്കായി തുറന്നുകൊടുത്തു. ഇന്നലെ രാവിലെ പത്ത് മണിയോടെ നടന്ന ഭക്തിനി൪ഭരമായ ചടങ്ങിൽ അമീ൪ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയാണ് ഉദ്ഘാടനം നി൪വഹിച്ചത്. കിരീടാവകാശി ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, അമീറിൻെറ പ്രത്യേക ഉപദേഷ്ടാവ് ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് ഹമദ് ബിൻ ജാസിം ബിൻ ജബ൪ ആൽഥാനി, ശൂറാ കൗൺസിൽ സ്പീക്ക൪ മുഹമ്മദ് ബിൻ മുബാറക് അൽ കുലൈഫി, മന്ത്രിമാ൪, നയതന്ത്ര പ്രതിനിധികൾ, അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭാ അധ്യക്ഷൻ ഡോ. യൂസുഫുൽ ഖറദാവി അടക്കമുള്ള പണ്ഡിത൪, മറ്റ് പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങി ഒട്ടേറെ പേ൪ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനചടങ്ങിന് സാക്ഷിയാകാൻ വൻ ജനാവലിയും പള്ളിയിലെത്തിയിരുന്നു.
ശരിയായ രീതിയിലുള്ള ആരാധനക്കും മനസ്സിനെ ശുദ്ധീകരിക്കാനുമുള്ള പൊതു ഇടമായി ഈ ആരാധനാലയം മാറുമെന്ന് അമീ൪ പ്രത്യാശ പ്രകടിപ്പിച്ചു. ഖു൪ആൻെറയും സുന്നത്തിൻെറയും അടിസ്ഥാനത്തിൽ വിശ്വാസികൾക്ക് ശരിയായ മാ൪ഗം കാണിച്ചുകൊടുത്ത 12ാം നൂറ്റാണ്ടിലെ പരിഷ്ക൪ത്താവും പണ്ഡിതനുമായ ഇമാം മുഹമ്മദ് ബിൻ അബ്ദുൽവാഹബിനോടുള്ള ആദര സൂചകമായാണ് പള്ളിക്ക് അദ്ദേഹത്തിൻെറ പേര് നൽകിയതെന്ന് അമീ൪ പറഞ്ഞു. മുഹമ്മദ് ബിൻ അബ്ദുൽവഹാബ് നി൪വഹിച്ച നവീകരണദൗത്യം കാലാനുസൃതമായ മാറ്റങ്ങളോടെ ഇന്നും പ്രസക്തമാണ്. ബിൻ അബ്ദുൽവഹാബിന്‍്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ ആധുനിക ഖത്തറിന്‍്റെ സ്ഥാപകൻ ശൈഖ് ജാസിം ബിൻ മുഹമ്മദ് ആൽഥാനി വഹിച്ച പങ്ക് അമീ൪ അനുസ്മരിച്ചു. ഖു൪ആൻ പാരായണത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുട൪ന്ന് പള്ളിയെക്കുറിച്ചുള്ള ഡോക്യുമെൻററി പ്രദ൪ശിപ്പിച്ചു.
സമൂഹത്തിൻെറ ആത്മീയ സുരക്ഷയും വിജ്ഞാനവും മതബോധവും നില൪ത്തുന്നത്തിൽ പള്ളികൾക്ക് സുപ്രധാന പങ്കാണ് ഉള്ളതെന്ന് തുട൪ന്ന് സംസാരിച്ച ഒൗഖാഫ് മന്ത്രി ഡോ. ഗെയ്ഥ് മുബാറക് അലി ഉംറാൻ അൽ കുവാരി പറഞ്ഞു. പള്ളിയിലെ ആദ്യ ജുമുഅയിൽ അമീറും പങ്കെടുത്തു. ഡോ. മുഹമ്മദ് ബിൻ ഹസൻ അൽ മുറൈഖി ഖുതുബ നി൪വഹിച്ചു. ഇമാം മുഹമ്മദ് ബിൻ അബ്ദുൽവഹാബിൻെറ പരിഷ്കരണ പ്രവ൪ത്തനങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. പള്ളികൾക്ക് ഭരണാധികാരികൾ സ്വന്തം പേരിടുന്ന കാലഘട്ടത്തിൽ പണ്ഡിതനായ ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബിൻെറ പേര് രാജ്യത്തെ ഏറ്റവും വലിയ പള്ളിക്ക് നൽകിയ അമീറിൻെറ നടപടിയെ ഡോ. യൂസുഫുൽ ഖറദാവി അഭിനന്ദിച്ചു. മെറ്റൽ ഡിറ്റക്റ്റ൪ പരിശോധനക്ക് ശേഷമാണ് ഉദ്ഘാടന ചടങ്ങിനെത്തിയവരെ അകത്തേക്ക് കടത്തിവിട്ടത്. പള്ളിയിലെ ആദ്യ ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാൻ മലയാളികളടക്കം ആയിരക്കണക്കിന് സ്ത്രീപുരുഷൻമാരാണ് എത്തിയത്.
ഖത്ത൪ സ്പോ൪ട്സ് ക്ളബിന് സമീപം അൽജുബൈലാത്തിൽ 175575 ചതുരശ്രമീറ്ററിൽ പണിത ബഹുനില പള്ളിയിൽ ഒരേ സമയം 30,000 പേ൪ക്ക് നമസ്കരിക്കാനാവും. ഖത്തറിന്‍്റെ സ്ഥാപകൻ ശൈഖ് ജാസിം ബിൻ മുഹമ്മദ് 130 വ൪ഷങ്ങൾക്ക് മുമ്പ് നി൪മിച്ച ‘ബുൽഖുബൈബ്’ പള്ളിയുടെ മാതൃകയിൽ പരമ്പരാഗത ശിൽപചാരുതയോടെയാണ് ഇത് നി൪മിച്ചിരിക്കുന്നത്.
ഒരേസമയം എൺപത് സ്ത്രീകൾക്കും 317 പുരുഷൻമാ൪ക്കും 11 വികലാംഗ൪ക്കും അംഗശുദ്ധി വരുത്താനുള്ള സൗകര്യവും വിശാലമായ കാ൪പാ൪ക്കിംഗുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.