അഭ്രപാളിയില്‍ പതിയാത്ത പൂവച്ചല്‍ ഖാദറിന്‍റെ പാട്ടുകള്‍

ദ്യശ്യങ്ങളില്‍ ആലേഖനം ചെയ്യപ്പെട്ട ഗാനങ്ങള്‍ മാത്രം ആസ്വദിക്കുന്നവരാണ് പുതിയ തലമുറ. സിനിമയാണ് ഗാനങ്ങളെ ചിത്രങ്ങളിലേക്ക് പറിച്ചു നടാന്‍ വഴിയൊരുക്കിയത്. മലയാളഗാനങ്ങള്‍ക്കും ദ്യശ്യവല്‍ക്കരിക്കപ്പെട്ടതും അല്ലാത്തതുമായ രണ്ട് ചരിത്ര ഘട്ടങ്ങളുണ്ട്. ഈ രണ്ട് കാലഘട്ടങ്ങളെയും സമ്പന്നമാക്കിയ പാട്ടെഴുത്തുകാരനാണ് പൂവച്ചല്‍ ഖാദര്‍. അദ്ദേഹത്തിന്‍റെ ആദ്യത്തെ പാട്ട് സംഗീതം ചെയ്തത് തൃശൂരിലെ പഴയ പാട്ടുകാരന്‍ പി.എം. മൂസ. മാസികകളില്‍ പ്രസിദ്ധീകരിക്കുന്ന ഗാനങ്ങളും കവിതകളുംസ്വയം ട്യൂണ്‍ ചെയ്ത് പാടിയിരുന്ന ഒരാളായിരുന്നു മൂസ. ‘അഴകിലുറങ്ങും കാവുകളില്‍ വസന്ത ഗായകര്‍ പാടുമ്പോള്‍’ എന്ന ഗാനം പാട്ടിന്‍്റെ ലോകത്തേക്കുള്ള ഹരിശ്രീയായി പൂവച്ചലിന്. പിന്നീട് നാട്ടിന്‍പുറത്തെ  ചില നാടകങ്ങളിലും പൂവച്ചലിന്‍്റെ ഗാനങ്ങള്‍ നിര്‍വൃതിപ്പൂക്കള്‍ വിടര്‍ത്തി.
സര്‍ക്കാര്‍ സര്‍വീസില്‍ എഞ്ചിനീയറായി കോഴിക്കോട്ടത്തെിയ പൂവച്ചല്‍ ഖാദര്‍ മലയാളഗാന ശാഖയെ രൂപകല്‍പ്പന ചെയ്യുന്നതാണ് പിന്നീട് കേരളം കണ്ടത്. കാനേഷ് പൂനൂര്‍, എം.എന്‍ കാരശ്ശേരി, അബ്ദുല്ല നന്‍മണ്ട, സുരാസു, ഐ.വി ശശി തുടങ്ങിയവരുടെ സൗഹൃദം ഗാനലോകത്തേക്കുള്ള രാജകീയാഗമനത്തിന് നിമിത്തമായി. 
70 കളില്‍ ലളിതസംഗീതരചനയിലൂടെ കോഴിക്കോട് ആകാശവാണിയെ മധുരവാണിയാക്കുന്നതില്‍ ഖാദറിന്‍്റെ പങ്ക് ചെറുതല്ല. ‘തുറന്ന് നോക്കുക ഹൃദയ കവാടങ്ങള്‍ തുടച്ചുമാറ്റുക നിങ്ങള്‍ വരയ്ക്കും കറുത്തരൂപങ്ങള്‍’ എന്ന കണ്ണൂര്‍ വത്സരാജ് പാടിയ ഗാനമാണ് പൂവച്ചലിന്‍്റെ കോഴിക്കോട് ആകാശവാണിയിലെ ആദ്യഗാനം. രാഘവന്‍മാസ്റ്റര്‍ സംഗീതം ചെയ്ത് ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നില്‍ അവതരിപ്പിച്ച ഓണപ്പാട്ടിലെ ‘നിറകതിര്‍ താലം കൊണ്ട് നിലാവിറങ്ങി’ എന്ന ഗാനം അക്കാലത്തെ ഹിറ്റായിരുന്നു. ഗായകന്‍ ബ്രഹ്മാനന്ദനായിരുന്നു ഈ ഗാനം ആലപിച്ചത്. രാഘവന്‍ മാസ്റ്റര്‍ തന്നെ ഈണം നല്‍കിയ ‘പാടാത്ത പാട്ടിന്‍ മധുരം എന്‍്റെ മാനസമിന്നു നുകര്‍ന്നു’, കോഴിക്കോട് അബ്ദുല്‍ ഖാദര്‍ പാടിയ ‘ഈതമോവീഥിയില്‍ ഈ വഴിത്താരയില്‍ നീറുന്ന ചിന്തകള്‍’, എ.കെ സുകുമാരന്‍ പാടിയ ‘ പഥികന്‍ പാടുന്നു പഥികന്‍ പാടുന്നു’, ‘പലരും പാടിയ പഴയൊരു പല്ലവി, ‘അകലത്തെ പെണ്ണിന്‍്റെ കല്യാണം പറയുവാന്‍’, എം.ജി.രാധാകൃഷ്ണന്‍ ഇണം നല്‍കിയ രാമായണക്കിളീ ശാരികപ്പൈങ്കിളീ, ജയദേവകവിയുടെ ഗീതികള്‍ കേട്ടെന്‍െറ.. തുടങ്ങിയ ഗാനങ്ങള്‍ അക്കാലത്ത് ഏറെ ആസ്വദിക്കപ്പെട്ടവയാണ് .എസ്. ശ്രീകൃഷ്ണന്‍, കുഞ്ഞിരാമന്‍ മാസ്റ്റര്‍ തുടങ്ങിയവരായിരുന്നു മറ്റ് സംഗീത സംവിധായകര്‍.
കേരളത്തിലെ നാടകപ്രസ്ഥാനത്തിനും മറക്കാനാവാത്ത എഴുത്തുകാരനാണ് പൂവച്ചല്‍ ഖാദര്‍. എഴുതിയ ഗാനങ്ങളിലേറെയും മലബാറിലെ നാടക തിയേറ്ററുകള്‍ക്ക് വേദിയായിരുന്നു. സുന്ദരന്‍ കല്ലായിയുടെ പത്മശ്രീ, രാമായണത്തിലെ സീത എന്നീ നാടകങ്ങള്‍ക്ക് ബാബുരാജ് ആയിരുന്നു സംഗീതം നല്‍കിയത്.‘പഞ്ചമി പോലൊരു സുന്ദരിപക്ഷി ചന്ദനക്കാവില്‍ വളര്‍ന്നു’, ‘ഈശ്വരനുണ്ടോ ഈ ധരണിക്കൊരു ശാശ്വതമുണ്ടോ വാനില്‍’ തുടങ്ങിയ ഗാനങ്ങള്‍ കെ.ആര്‍ വേണുവാണ് ആലപിച്ചത്. കൊട്ടിയത്തെ സംഗം തിയേറ്ററിനു പാട്ടൊരുക്കിയതും ബാബുക്ക-പൂവച്ചല്‍ കൂട്ടുകെട്ടായിരുന്നു. ഉപാസന തിയറ്ററിന്‍്റെ ചാണക്യന്‍ എന്ന നാടകത്തിന് പൂവച്ചലിന്‍്റെ പാട്ടിന് ആഹ്വാന്‍ സെബാസ്റ്റ്യന്‍ ആണ് സംഗീതം ഒരുക്കിയത്. കൊച്ചിന്‍ സംഗമിത്രയുടെ അദ്ധ്യായം എന്ന നാടകത്തിലെ ‘കര തേടി ഒഴുകുന്നു കളിയോടവും തുഴയേകി അണയുന്നു മിഴിഓടവും’ എന്ന കണ്ണൂര്‍ രാജന്‍ ഈണമിട്ട ഗാനം ശ്രോതാക്കളുടെ മനം കവര്‍ന്ന ഗാനമായിരുന്നു. രവീന്ദ്രന്‍ മാസ്റ്റര്‍ സംഗീതം നല്‍കി മദ്രാസിലെ മലയാളി ക്ളബ് അവതരിപ്പിച്ച അഗ്നിവലയം എന്ന നാടകത്തിലെ ‘ആയില്യം കിളിയേ വാവാവോ’, ‘ദുഖങ്ങളെ നിങ്ങളുറങ്ങൂ’ എന്നീ ഗാനങ്ങളും പൂവച്ചല്‍ ഖാദറിന്‍്റെ നാടകഗാനങ്ങളില്‍ മികച്ചവയാണ്.
കെ.വി അബൂട്ടി വി.എം കുട്ടി എന്നിവര്‍ക്കുവേണ്ടി മാപ്പിളപ്പാട്ടും എഴുതിയിരുന്നു അക്കാലത്ത് ഖാദര്‍. അബൂട്ടി തന്നെ ഈണമിട്ടു പാടിയ ‘തളിരിട്ട മരം ചാടി കതിരിട്ട മിഴിയുമായ് വളയിട്ട് കിലുക്കണ വെളുത്ത പെണ്ണെ’അന്ന് മാപ്പിളപ്പാട്ടിലെ ഹിറ്റായിരുന്നു. കൂടാതെ ‘കസവിന്‍ തട്ടം ചൂടി കരിമിഴിമുനകള്‍ നീട്ടി’, ‘കിനാവിന്‍്റെ നാട്ടിലെ കിളുന്നു പെണ്ണ് തുടങ്ങിയ രാഘവന്‍ മാസ്റ്റര്‍ ഈണമിട്ട മാപ്പിളപ്പാട്ടുകളും ശ്രോതാക്കളുടെ ഇഷ്ട ഗാനങ്ങളായിരുന്നു. കാലത്തിന്‍്റെ കയത്തിലേക്ക് താഴന്ന്ിറങ്ങിപ്പോയ ഇത്തരം ഗാനങ്ങളെ വീണ്ടെടുത്ത് പുതിയ തലമുറക്ക് അനുഭവവേദ്യമാക്കാന്‍ ഉള്ള ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. മലയാള ഗാനസംസ്ക്യതിയെ പരിപോഷിപ്പിച്ച ആകാശവാണിക്ക് ഇതില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയും. ആസ്വാദകന്‍്റെ മനസ്സില്‍ കാവ്യബിംബങ്ങള്‍ കൊണ്ട് മാത്രം സ്യഷ്ടിക്കപ്പെട്ട ദ്യശ്യങ്ങളായിരുന്നു പഴയ ആ ഗാനങ്ങള്‍. ഓരോരുത്തര്‍ക്കും അവരവരുടേതായ ബിംബങ്ങള്‍. 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT