ബോളിവുഡ് തന്നെയും അവഗണിച്ചു -റസൂൽ പൂക്കുട്ടി 

മുംബൈ: ഓസ്കര്‍ നേടിയതിന് ശേഷം ബോളിവുഡ് തന്നെയും അവഗണിക്കുന്നതായി പ്രശസ്ത സൗണ്ട് റെക്കോര്‍ഡിസ്റ്റ് റസൂല്‍ പൂക്കുട്ടി. ബോളിവുഡില്‍ വലിയൊരു സംഘം തനിക്കെതിരെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതിനാല്‍ അവസരങ്ങള്‍ കുറഞ്ഞതായി കഴിഞ്ഞ ദിവസം വിഖ്യാത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ പറഞ്ഞിരുന്നു. 

ഇതെന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് അറിയാമൊ എന്ന് റഹമാനോട് ചോദിച്ച് സംവിധായകന്‍ ശേഖര്‍ കപൂര്‍ ഞായറാഴ്ച ട്വിറ്ററില്‍ പ്രതികരിക്കുകയും ചെയ്തു. ‘നിങ്ങള്‍ ഓസ്കര്‍ നേടിയതുകൊണ്ടാണ്. ബോളിവുഡില്‍ ഓസ്കര്‍ എന്നാല്‍ മരണത്തിന്‍െറ ചുംബനമാണ്. ബോളുവുഡിന് താങ്ങാവുന്നതിലും പ്രതിഭയാണ് നിങ്ങളെന്ന് അത് തെളിയിക്കുന്നു’. ശേഖര്‍ കപൂര്‍ എഴുതി. 

ശേഖര്‍ കപൂറിന്‍െറ ട്വീറ്റിന് മറുപടിയായാണ് എന്നോടും കൂടി ചോദിക്കൂ എന്ന് പറഞ്ഞുകൊണ്ട് റസൂലും അനുഭവം പങ്കുവെച്ചത്.  ഓസ്കര്‍ നേടിയതിന് ശേഷം ഹിന്ദി സിനിമകളില്‍ ആരും അവസരം തന്നില്ല. തകര്‍ച്ചയുടെ വക്കിലായിരുന്ന എന്നെ തുണച്ചത് മറ്റ് ഭാഷാ സിനിമകളാണ്. നിങ്ങളെ ആവശ്യമില്ലെന്ന് നിര്‍മാണ കമ്പനികള്‍ മുഖത്തുനോക്കി പറയുകവരെയുണ്ടായി. എങ്കിലും ഞാന്‍ ബോളിവുഡിനെ സ്നേഹിക്കുന്നു -റസൂല്‍ എഴുതി. 

തന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ചത് ബോളിവുഡാണ്​. തന്നില്‍ വിശ്വാസമുള്ളവര്‍ ഇന്നുമുണ്ട്​. ഹോളിവുഡിലേക്ക് ചേക്കേറാന്‍ അവസരമുണ്ടായിട്ടും അത് ചെയ്തില്ലെന്നും ഇനിയും അതുണ്ടാകില്ലെന്നും റസൂല്‍ തുടര്‍ ട്വീറ്റുകളില്‍ കുറിച്ചു. ഇന്ത്യയില്‍ ചിത്രീകരിച്ച സിനിമക്കാണ് തനിക്ക് ഓസ്കര്‍ കിട്ടിയത്​. ആറ് തവണ മോഷന്‍ പിക്ച്ചേഴ്സ് സൗണ്ട് എഡിറ്റേഴ്സ് ഗ്വില്‍ഡ് അവാര്‍ഡ് നേടികൊടുത്ത സിനിമകളും അതുപോലെയാണെന്നും അദ്ദേഹം എഴുതി.
 

Tags:    
News Summary - bollywood avoided me also said rasool pookkutty -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.