ഒരു നിലവറയിലെ വീർപ്പുമുട്ടലിൽ ഒരു രാജ്യത്തിന്‍റെ പിടച്ചിൽ

യുദ്ധവും പലായനവും പശ്ചിമേഷ്യൻ രാജ്യങ്ങളെ ഉഴുതു മറിക്കുന്ന രാഷ്ട്രീയവും കേരളത്തിന്‍റെ രാജ്യാന്തര ചലച്ചിത്രമേളയെ എത്രയോവട്ടം പിടിച്ചുലച്ചിരിക്കുന്നു. ഒരിക്കൽ കൂടി ആ പിടച്ചിലിലൂടെ കടന്നു പോകണമെങ്കിൽ 25മത് ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിലെ ലെബനീസ് ചിത്രം 'ആൾ ദിസ് വിക്ടറി' കാണണം.

ഇസ്രയേലിന്‍റെ സൈനികാധിക്രമം നടക്കുന്ന ലബനീസ് അതിർത്തി ഗ്രാമത്തിലേക്കാണ് സംവിധായകൻ അഹമ്മദ് ഖൊസൈൻ പ്രേക്ഷകരെ കൊണ്ടു പോകുന്നത്. യുദ്ധം ചോര വീഴ്ത്തുന്ന സ്വന്തം മണ്ണിൽ നിന്ന് കനഡയിലേക്ക് കുടിയേറാനായിരുന്നു ബെയ്റൂത്ത് നഗരത്തിൽ താമസിക്കുന്ന മർവാന്‍റെയും അയാളുടെ ഭാര്യയുടെയും പദ്ധതി. വിസ നടപടികൾക്കായി അയാൾ ഭാര്യയെ അയക്കുകയും ചെയ്തതാണ്. പക്ഷേ, ഇസ്രായേൽ ബോംബ് വർഷിക്കുന്ന അതിർത്തിയിലെ ഗ്രാമത്തിൽ കഴിയുന്ന അയാളുടെ പിതാവിനെ തേടിപ്പിടിക്കാൻ അയാൾക്കിറങ്ങേണ്ടി വരുന്നു.

കാറിൽ പുറപ്പെടുന്ന അയാൾ ഏറെ തടസങ്ങൾ മറികടന്ന് ഗ്രാമത്തിലെത്തിയെങ്കിലും ചാർജ് തീരാറായ ഒരു മൊബൈൽ ഫോൺ ഒഴികെ മറ്റെല്ലാം അയാൾക്ക് നഷ്ടമായി കഴിഞ്ഞിരുന്നു. ഇസ്രായേൽ സൈനികരുടെ കൈയിൽ പെടാതെ അയാൾ ചെന്നു കയറിയത് ഒരു വീടിന്‍റെ നിലവറയിൽ. മുകളിൽ സൈനികർ തമ്പടിച്ചു കഴിഞ്ഞു. ആ നിലവറയിൽ രണ്ട് പ്രായമായ മനുഷ്യർ. അതിലൊരാൾ ആസ്തമ രോഗി. അയാളുടെ ഇൻഹേലർ തീർന്നു കഴിഞ്ഞു. അവർക്കിടയിലേക്ക് മൂത്രം പോക്കിന്‍റെ ഉപദ്രവമുള്ള പ്രായമായൊരാളും അയാളുടെ ചെറുപ്പക്കാരിയായ ഭാര്യയും അഭയം തേടി വരുന്നതോടെ അതൊരു തടവറ കണക്കെയാകുന്നു.

ഹിസ്ബുല്ല പോരാളികളുമായി വെടിയുതിർക്കുന്ന സൈനികരുടെ കണ്ണിൽ പെടാതിരിക്കാൻ ശ്വാസം പിടിച്ചിരിക്കുന്ന അഞ്ച് മനുഷ്യരുടെ വീർപ്പുമുട്ടൽ ലെബനാൻ 2006ൽ നേരിട്ട യഥാർഥ അനുഭവമാണ്. തടവുമുറി കണക്കെയായി തീർന്ന ആ കുടുസ്സുമുറിയിലെ നിമിഷങ്ങളിൽ മർവാൻ തിരിച്ചറിയുന്നത് സ്വന്തം പിതാവിന്‍റെ അസ്തിത്വമാണ്.

ഒന്നര മണിക്കൂർ ശ്വാസം പിടിച്ചിരുന്നു കാണേണ്ട ചിത്രമാണ് അഹമ്മദ് ഖൊസൈൻ തിരക്കഥയും സംവിധാനവും ഒരുക്കിയിരിക്കുന്ന 'ആൾ ദിസ് വിക്ടറി'.അന്താരാഷ്ട്ര ചിത്രങ്ങളുടെ മത്സര വിഭാഗത്തിലാണ് ഈ ചിത്രം പ്രദർശിപ്പിക്കുന്നത്.

Tags:    
News Summary - Lebanese Movie All This Victory -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.