ഉമര്‍ പറയുന്നതും പറയാത്തതും

നാം അനുഭവിക്കാത്ത ജീവിതങ്ങളത്രയും നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണെന്ന, എവിടെയോ വായിച്ചുമറന്ന വാക്കുകളാണ് ഹനി അബു അസദ് സംവിധാനം ചെയ്ത 'ഉമര്‍' കണ്ട് കഴിഞ്ഞപ്പോള്‍ ഓര്‍മ വന്നത്. ഫലസ്തീന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ പശ്ചാത്തലത്തിലൂടെ ഒരു കൂട്ടം യുവാക്കളുടെ ജീവിതവും, സൗഹ്യദവും, പ്രണയവും, പ്രതിരോധവും, സ്വപ്‌നങ്ങളുമാണ് ചിത്രം വരച്ചിടുന്നത്. ദുരന്ത പര്യവസായിയായ ചിത്രം ഇസ്രായേലി സൈന്യം ഫലസ്തീനി പൗരന്‍മാരെ ഉപയോഗിച്ച് പോരാട്ടത്തെ അടിച്ചമര്‍ത്തുന്നതിന്‍റെ  ക്രൂരത കാണിച്ചുതരുന്നു. എല്ലാ കഥാപാത്രത്തങ്ങളുടെയും വ്യക്തി ജീവിതവും രാഷ്ട്രീയ ജീവിതവും വളരെ സൂക്ഷ്്മമായി നെയ്തെടുക്കുമ്പോഴും അവരുടെ കുടുംബ ജീവിതവും സംവിധായകൻ വിസ്മരിക്കുന്നുണ്ട്.
 

മകന്‍റെ മരണത്തിന് തെളിവില്ലെന്ന കാരണത്താല്‍, അവന്‍ ഇസ്രയേലി ജയിലിലുണ്ടെന്ന് വിശ്വസിച്ച്, മുപ്പത്തിയാറ് വര്‍ഷം മകനെയും കാത്തിരിക്കുന്ന റൗഫ ഖതാബിനെയും അയ്മന്‍ അല്‍-എസൈലിനെയുംപോലെ, തങ്ങളുടെ മക്കള്‍ ജയിലില്‍ ജീവനോടെയുണ്ടോ, അതോ, ആരുടെ ശവകുടീരമെന്ന് അറിയാതിരിക്കാന്‍ 'സംഖ്യാ സെമിത്തേരിയില്‍' മറവുചെയ്യേെപ്പട്ടാ എന്നറിയാതെ വര്‍ഷങ്ങളോളം കാത്തിരിക്കുന്ന ഒട്ടനവധി അഛനമ്മമാരുടെയും സഹോദരീ സഹോദരന്‍മാരുടെയും വ്യാകുലതകള്‍ വിസ്മരിക്കുന്നു ഉമര്‍. ഒടുക്കം അവര്‍ക്ക് കിട്ടുന്നതോ സ്വന്തം മകന്‍റെ ശേഷിപ്പുകള്‍ മാത്രവും.  ഇസ്രയേല്‍ അധിനിവേശം ഫലസ്തീനികളുടെ ബന്ധങ്ങള്‍ക്കുണ്ടാകുന്ന വിള്ളലുകളും അവരുടെ മാനസിക സംഘര്‍ഷങ്ങളും ചിത്രീകരിക്കുന്നതില്‍ പൂര്‍ണ്ണ വിജയം കരസ്ഥമാക്കുന്നുണ്ട് ചിത്രം.

വിഭജന മതില്‍ വലിഞ്ഞുകയറി തന്‍റെ -പ്രണയവും പോരാട്ടത്തിലുള്ള പങ്കാളിത്തവും ഉറപ്പുവരുത്തുന്ന ഉമറിന്റെയും (ആദം ബക്ര്‍) സുഹൃത്തുക്കളായ താരികിന്‍റെയും (ഇയാദ് ഹുറാനി) അംജദിന്‍റെയും (സമര്‍ ബിശാറത്) നാദിയയുടെയും (ലീം ലുബാനി) ജീവിതത്തിലൂടെയും ത്രികോണ പ്രണയത്തിലൂടെയുമാണ് ചിത്രം മുമ്പോട്ട്് പോകുന്നത്. ഒരു ഇസ്രായേലി സൈനികന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്് അറസ്റ്റിലാകുന്നതോടെ ഉമറിന്‍റെ ജീവിതം കൂഴഞ്ഞൂമറിയുന്നു. താരികിന്‍റെ മരണശേഷം സ്വൈര്യജീവിതം നയിക്കുന്ന ഉമറിനെ തേടി പുതിയൊരാവശ്യവുമായി ഇസ്രായേലി പൊലീസ് ഓഫീസര്‍ ഏജന്‍റ് റാമി (വലീദ് എഫ്. സുഅയ്തര്‍) എത്തുന്നതോടെ, 'അന്ത്യമോ, അവസാനമോ, തിരിച്ചുപോക്കോ ഇല്ലാത്ത 'രാജ്യദ്രോഹി' ജീവിതം തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഉമര്‍. എന്നാൽ ഏജന്റ് റാമിക്ക് 'വഞ്ചനയിലൂടെ' തന്നെ തിരിച്ചടി നല്‍കാനും അയാൾ മറക്കുന്നില്ല.

തന്‍റെ ജീവിതത്തിലെ വഞ്ചകനെ ഉമര്‍ തിരിച്ചറിയുമ്പോഴേക്കും ഉമറിനു തന്‍റെ ജീവിതം നഷ്ടപ്പെട്ടിരുന്നു. ഉമറിന് മാത്രമല്ല, എല്ലാ ഫലസ്തീനികളുടെയും ജീവിതം ഇത് പോലെയാണ്. അവരുടെ സൗഹാർദത്തിനും പ്രണയത്തിനും അതിലുപരി സ്വപ്നങ്ങൾക്കും ഇടയിലെ തടസമായി നിൽക്കുന്ന വിഭജന മതിൽ ഒരർഥതത്തിൽ മനസുകൾ തമ്മിലുള്ള ജീവിതങ്ങൾ തമ്മിലുള്ള വിഭജനമാണെന്ന് ചിത്രം പറയാതെ പറയുന്നുണ്ട്. ഇസ്രയേലി സേനയുടെയും പലസ്തീന്‍ പോരാളികളുടെയും ഇടയില്‍ നിസ്സഹായരായി 'ചെകുത്താനും കടലിനുമിടയില്‍' ജീവിക്കുന്ന ഓരോ ഫലസ്തീന്‍ പൗരന്‍റെയും പ്രതിനിധിയായിമാറുന്നു ഉമർ.

ചിത്രത്തിലുടനീളം നിഗൂഢത നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ് അംജദ്. ഇസ്രയേലി ഏജന്റിന്റെ വേഷം നന്നായി കൈകാര്യം ചൈത വലീദ് എഫ്. സുഅയ്തറെ ഒഴിച്ചുനിര്‍ത്തിയാല്‍, പുതുമുഖങ്ങളായ എല്ലാവരും തന്നെ അവരവരുടെ കഥാപാത്രങ്ങള്‍ളെ തന്‍മയത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. പലപ്പോഴും ഷോട്ടുകളുടെ പരമ്പരാഗത ഉപയോഗരീതി തകര്‍ക്കുന്ന സിനിമ പശ്ചാത്തലസംഗീതത്തിന്റെ അഭാവം ഉണ്ടായിട്ടും മികച്ച ശബ്ദമിശ്രണത്താല്‍ ഏറെ ആസ്വാദ്യകരമായിത്തീരുന്നു. സംഭാഷണശകലങ്ങളെക്കാള്‍ നിശബ്ദതയിലൂടെയും അഭിനേതാക്കളിലെ ഭാവപ്പകര്‍ച്ചയിലൂടെയും വസ്ത്രധാരണയിലൂടെയും താന്‍ പറയാന്‍ ശ്രമിക്കുന്നതെന്തെന്ന് സംവദിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട് സംവിധായകന്‍. എക്‌സ്ട്രീം ക്ലോസ്‌ഷോട്ടില്‍ ആരംഭിക്കുന്ന ചിത്രം എക്‌സ്ട്രീം ക്ലോസ്‌ഷോട്ടില്‍ തന്നെ അവസാനിക്കുന്നുവെന്ന് എടുത്ത് പറയേണ്ടതുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.