മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിക്കില്ല; പ്രതിഷേധം തുടരുമെന്ന് ആശ വര്‍ക്കര്‍മാര്‍
ബംഗളൂരു: കർണാടകയിലെ ആശാ വർക്കർമാർ സമരം പിൻവലിക്കണമെന്ന മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ അഭ്യർത്ഥന ആശാവര്‍ക്കര്‍മാര്‍ നിരസിച്ചു. മുഖ്യമന്ത്രി നേരിട്ട് ഫ്രീഡം പാർക്ക് സന്ദർശിച്ച് തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് അവർ പറഞ്ഞു. ജപ്പാൻ സന്ദർശന വേളയില്‍ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ വീഡിയോ കോളിലൂടെയാണ് പ്രതിഷേധിക്കുന്ന തൊഴിലാളി നേതാക്കളുമായി മുഖ്യമന്ത്രി സംസാരിച്ചത്. പ്രശ്നങ്ങൾ തീർച്ചയായും പരിഹരിക്കുമെന്നും പ്രതിഷേധം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷം അവരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി നിങ്ങളെ ഉപയോഗിക്കും. നിയമസഭാ സമ്മേളനം വരെ തനിക്ക് സമയം തരണം. തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ താൻ മനസ്സിലാക്കുന്നുവെന്നും ജപ്പാനിൽ നിന്ന് മടങ്ങിയെത്തിയ ശേഷം തൊഴിലാളികളെ കാണാമെന്ന് ഉറപ്പ് നൽകിയതായും ശിവകുമാർ പറഞ്ഞു. സ്ത്രീകൾ രാവും പകലും, ചൂടിലും തണുപ്പിലും കഷ്ടപ്പെടേണ്ടി വരരുതെന്നും അദ്ദേഹം പറഞ്ഞു. ഓൾ ഇന്ത്യ യുനൈറ്റഡ് ട്രേഡ് യൂണിയൻ സെന്ററുമായി (എ.ഐ.യു.ടി.യു.സി) അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂനിയൻ സംഘടിപ്പിച്ച അനിശ്ചിതകാല രാപ്പകൽ സമരം ചൊവ്വാഴ്ച എട്ടാം ദിവസത്തിലേക്ക് കടന്നു. പ്രതിമാസം 15,000 രൂപ ഓണറേറിയവും മറ്റ് ആവശ്യങ്ങൾ നിറവേറ്റലും ആവശ്യപ്പെട്ടാണ് തൊഴിലാളികൾ സമരം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.