അന്തർ സംസ്​ഥാന തൊഴിലാളികൾക്കുള്ള ട്രെയിൻ ടിക്കറ്റ് നൽകാൻ കോൺഗ്രസ്​, അനുമതിയില്ലാതെ വാങ്ങില്ലെന്ന് കലക്ടർ

ആലപ്പുഴ: ആലപ്പുഴയിൽനിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങുന്ന അന്തർ സംസ്ഥാന തൊഴിലാളികൾക്കുള്ള ട്രെയിൻ യാത്രക്കൂലി നൽകാൻ സന്നദ്ധരായി ജില്ല കോൺഗ്രസ് കമ്മിറ്റി. എന്നാൽ, സർക്കാർ അനുമതിയില്ലാതെ പണം വാങ്ങില്ലെന്ന് കലക്ടർ. ജില്ലയിൽനിന്ന് ബിഹാറിലേക്ക് തൊഴിലാളികളെയുംകൊണ്ട് ആദ്യ ട്രെയിൻ പുറപ്പെട്ട പശ്ചാത്തലത്തിലാണ് യാത്രാ ചെലവ് വഹിക്കാൻ ഒരുക്കമാണെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു കലക്ടർ എം. അഞ്ജനയെ അറിയിച്ചത്. എന്നാൽ, സർക്കാറിൻെറ അനുമതിയില്ലാതെ തുക കൈപ്പറ്റാൻ കഴിയില്ല എന്നാണ് കലക്ടർ അറിയിച്ചതെന്ന് ലിജു പറഞ്ഞു. 1140 പേരുടെ യാത്ര കൂലിയിനത്തിൽ 930 രൂപ വീതം 10,60,200 രൂപ ഇവരിൽനിന്ന് സർക്കാർ ഈടാക്കിയതായും ലിജു വ്യക്തമാക്കി. സോണിയ ഗാന്ധിയുടെ നിർദേശ പ്രകാരമാണ് കുടിയേറ്റ തൊഴിലാളികൾക്ക് ട്രെയിൻ ടിക്കറ്റ് തുക നൽകാൻ കോൺഗ്രസ്‌ സന്നദ്ധമായത്. ആലപ്പുഴയിൽനിന്ന് യാത്രയാകുന്നവരുടെ തുക എത്രയാണെങ്കിലും നൽകാൻ ഡി. സി. സി തയാറാണെന്നും ലിജു വ്യക്തമാക്കി. കലക്ടർ തുക സ്വീകരിച്ചില്ലെങ്കിൽ അന്തർ സംസ്ഥാന തൊഴിലാളികളുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കാനാണ് നീക്കം. സ്പോൺസർമാരെ കണ്ടെത്തി ഭക്ഷണവും മറ്റും നൽകുന്ന സർക്കാർ കോൺഗ്രസ്‌ നൽകുന്ന പണം സ്വീകരിക്കില്ലെന്ന് പറയുന്നത് ശരിയല്ലെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂറും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.