മാർഗനിർദേശം പാലിച്ച് മടങ്ങിപ്പോക്ക്

ആലപ്പുഴ: വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സർക്കാർ മാർഗനിർദേശങ്ങളെല്ലാം പാലിച്ചാണ് ആലപ്പുഴയിൽനിന്നുള്ള അന്തർസംസ്ഥാന തൊഴിലാളികളുമായുള്ള ആദ്യ ട്രെയിൻ പുറപ്പെട്ടത്. മടങ്ങി പോകുന്നതിന് താൽപര്യം പ്രകടിപ്പിച്ച തൊഴിലാളികളുടെ പട്ടിക നേരത്തേ തന്നെ പൊലീസും ലേബര്‍ വകുപ്പിലെ ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് തയാറാക്കിയിരുന്നു. അമ്പലപ്പുഴയിൽനിന്ന് 24 ബസ്, മാവേലിക്കരനിന്ന് 21, കുട്ടനാടുനിന്ന് ഒരു ബസിലുമാണ് അന്തർസംസ്ഥാന തൊഴിലാളികളെ എത്തിച്ചത്. ഒരു ബസില്‍ പരമാവധി 27 പേരാണ് ഉണ്ടായിരുന്നത്. മെഡിക്കൽ സർട്ടിഫിക്കറ്റും രണ്ടുദിവസത്തേക്ക് കഴിക്കാനുള്ള ഭക്ഷണവും ബസിൽ െവച്ചുതന്നെ തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നു. സ്റ്റേഷനിൽ െവച്ച് ഓരോ ബസിലും ഉള്ള തൊഴിലാളികളെ എണ്ണി പ്ലാറ്റ്ഫോമിലേക്ക് പ്രവേശിപ്പിക്കുകയും തുടർന്ന് െട്രയിനില്‍ ഇരിപ്പിടങ്ങളില്‍ എത്തിക്കുകയും ചെയ്തു. അനുഗമിച്ച റവന്യൂ ഉദ്യോഗസ്ഥന്‍ ഇവര്‍ക്ക് ടിക്കറ്റ് നല്‍കി. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും ജി.ആര്‍.എഫും ഇവരെ അനുഗമിക്കുന്നുണ്ട്. ജില്ല കലക്ടര്‍ എം. അഞ്ജന, ജില്ല പൊലീസ് മേധാവി ജെയിംസ് ജോസഫ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു. അന്തർ സംസ്ഥാന തൊഴിലാളികളെ യാത്രയയക്കുന്നതിന് എ.എം. ആരിഫ് എം.പി, ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ, ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍, മുന്‍ കയര്‍കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍ തുടങ്ങിയവര്‍ എത്തിയിരുന്നു. ജില്ല ലേബര്‍ ഓഫിസര്‍ വേണുഗോപാലിൻെറ നേതൃത്വത്തില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, ആര്‍.ഡി.ഒമാരായ എസ്. സന്തോഷ്കുമാര്‍, ഉഷാകുമാരി‍, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ ആശ സി. എബ്രഹാം, റെയില്‍വേ ഏരിയ മാനേജര്‍ നിതിന്‍ നോര്‍ബട്ട്, സ്റ്റേഷന്‍ മാനേജര്‍ റൂബിന്‍സണ്‍ ജോണ്‍, ഡെപ്യൂട്ടി സ്റ്റേഷന്‍ മാനേജര്‍ എല്‍. രാഖി തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഡി.ഐ.ജി എസ്.കെ. മഹേഷ്കുമാറും പൊലീസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.