സ്വൈരജീവിതം തകർത്ത്​ പാറമട; പ്രതിഷേധവുമായി നാട്ടുകാർ

തൊടുപുഴ: പാറമടയുടെ പ്രവർത്തനം സ്വൈര്യ ജീവിതത്തിന് തടസ്സമാകുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. അഞ്ചിരി ഇടിവെട്ടിപ്പാറ കോളനി വാസികളാണ് സമീപത്തെ പാറമടക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ഇഞ്ചിയാനി സ്വദേശി ഷിജു തോമസിൻെറ ലൈസൻസിയിലാണ് പാറമട പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ക്വാറിയിൽ പാറ പൊട്ടിക്കുമ്പോൾ കരിങ്കൽ കഷണങ്ങൾ വീടുകളിലേക്ക് തെറിച്ചുവീഴുന്നത് ആശങ്ക ഉളവാക്കുന്നു. പാറ പൊട്ടിക്കുേമ്പാൾ വലിയ സ്‌ഫോടനമാണ് ഉണ്ടാകുന്നത്. കൽച്ചീളുകൾ 500 മീറ്റർ താഴെ വരെ തെറിച്ചെത്തും. ഇവ വീണ് വീടുകളുടെ ഓട് പൊട്ടുന്നത് പതിവാണ്. സ്‌ഫോടനം മൂലം വീടുകൾക്ക് വിള്ളലും ബലക്ഷയവുമുണ്ടായിട്ടുണ്ട്. കോളനിയിലുള്ള പഞ്ചായത്ത് കമ്യൂണിറ്റി ഹാളും വിണ്ടുകീറിയ നിലയിലാണ്. നാൽപതോളം കുടുംബങ്ങളാണ് ഇവിടെ ഭീതിയോടെ ദിവസങ്ങൾ തള്ളിനീക്കുന്നത്. കഴിഞ്ഞ ദിവസം മൂന്നുമാസം പ്രായമായ കുട്ടിയുടെ സമീപത്താണ് കല്ല് തെറിച്ചുവീണത്. ലോഡ് കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടി റോഡ് മുഴുവൻ തകർന്നുകിടക്കുകയാണ്. പൊടിശല്യം മൂലം പ്രദേശത്തൊന്നും നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. കലക്ടർക്കും പൊലീസിനും ആലക്കോട് പഞ്ചായത്തിനും ജിയോളജി വകുപ്പിനുമൊക്കെ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ലൈസൻസിൻെറ മറവിൽ അനുവദനീയമായ അളവിൽ കൂടുതൽ പാറയാണ് ദിവസവും ഇവിടെനിന്ന് കൊണ്ടുപോകുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. വാർത്തസമ്മേളനത്തിൽ കെ.കെ. രാജൻ, ശശികല, ജിജേഷ് രാജൻ, സുനിൽ ജോസ്, കെ.ജി. സനീഷ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.