പ്രളയ സഹായം: സ്​ഥിരം ​ലോക്​ അദാലത്​​ രണ്ടാം അപ്പീൽ അതോറിറ്റി

കൊച്ചി: പ്രളയ ബാധിതരുടെ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾക്ക് സ്ഥിരം ലോക് അദാലത്തിനെ രണ്ടാം അപ്പീൽ അത ോറിറ്റിയായി പ്രഖ്യാപിച്ച് ഹൈകോടതി ഉത്തരവ്. നിലവിലെ ഒന്നാം അപ്പീൽ അധികാരിയായ ജില്ല കലക്ടറുടെ തീർപ്പ് സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് 60 ദിവസത്തിനുള്ളിൽ സ്ഥിരം ലോക് അദാലത്തിന് അപ്പീൽ നൽകാമെന്ന് ചീഫ് ജസ്റ്റീസ് ഋഷികേശ് റോയി, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. ജുഡീഷ്യൽ അധികാരമുള്ള സ്വതന്ത്ര അതോറിറ്റിക്ക് മുന്നിൽ അപ്പീൽ നൽകാൻ സംവിധാനം നിലവിലില്ലാത്തത് വ്യക്തമാക്കിയാണ് ഉത്തരവ്. പ്രളയ ബാധിതരുടെ പരാതിപരിഹരിക്കാൻ ദ്വിതല സംവിധാനമാണ് സർക്കാർ ഏർപ്പെടുത്തിയത്. ജില്ല തലങ്ങളിലെ പരാതി ദുരന്ത നിവാരണ ചുമതലയുള്ള സബ് കലക്ടറോ എ.ഡി.എമ്മോ പരിഗണിക്കും. അപ്പീൽ ദുരന്തനിവാരണ സമിതി ചെയർമാൻ കൂടിയായ ജില്ല കലക്ടറാണ് പരിഗണിക്കുന്നത്. എന്നാൽ, ജുഡീഷ്യൽ അധികാരമുള്ള അപ്പലറ്റ് അതോറിറ്റി നിലവിലില്ലെന്നും സ്വതന്ത്ര ജുഡീഷ്യൽ അധികാരമുള്ള സ്ഥിരം ലോക് അദാലത്തിനെ നോമിനേറ്റ് ചെയ്യുന്നതിലൂടെ മാത്രമേ നീതി ഉറപ്പാക്കാൻ കഴിയൂവെന്നും കോടതി അഭിപ്രായപ്പെട്ടു. സ്ഥിരം ലോക് അദാലത്തിനെ രണ്ടാം അപ്പീൽ അതോറിറ്റിയാക്കി സർക്കാർ വിജ്ഞാപനം ഇറങ്ങാൻ താമസമുണ്ടാകും. പൊതുതെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ഇത്തരമൊരു വിജ്ഞാപനത്തിന് കാത്തു നിൽക്കാനാവില്ലെന്നും നിലവിലുള്ള സ്ഥിരം ലോക് അദാലത്തിനെ അപ്പീൽ അതോറിറ്റിയായി നിയോഗിക്കുകയാണെന്നും കോടതി വ്യക്തമാക്കി. ആദ്യ രണ്ടു തലങ്ങളിൽ ഉത്തരവ് പുറപ്പെടുവിക്കുേമ്പാൾ തന്നെ അപ്പീൽ എവിടെ നൽകണമെന്നും സമയപരിധിയും വ്യക്തമാക്കണമെന്നും ഉത്തരവിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.