ചോറ്റാനിക്കര മകംതൊഴൽ ഇന്ന്

ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ പ്രസിദ്ധമായ കുംഭമാസത്തിലെ മകംതൊഴൽ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും. തങ്കഗോളക ചാർത്തി സർവാഭരണവിഭൂഷിതയായ ചോറ്റാനിക്കര ദേവിയെ ദർശിച്ച് ആത്മസായൂജ്യം നേടാൻ സ്ത്രീകളടക്കം പതിനായിരങ്ങൾ എത്തും. ദർശനത്തിനെത്തുന്നവർക്കുവേണ്ട ക്രമീകരണങ്ങളെല്ലാം തിങ്കളാഴ്ച വൈകീട്ടോടെ തന്നെ പൂർത്തിയാക്കി. ക്ഷേത്രാങ്കണത്തിലും റോഡിലും പൂരപ്പറമ്പിലും തെക്കെനടയിലുമെല്ലാം പന്തലും ബാരിക്കേഡും പൂർത്തിയായി. ഭക്തജനങ്ങൾക്ക് കുടിവെള്ളവിതരണ സൗകര്യം ഉടനീളം ലഭ്യമാക്കും. കർശനസുരക്ഷ ക്രമീകരണങ്ങളും നിരീക്ഷണ കാമറകളുമൊരുക്കി തിരക്ക് നിയന്ത്രിച്ചാണ് ഭക്തരെ ക്ഷേത്രത്തിനുള്ളിലേക്ക് കടത്തിവിടുക. ചൊവ്വാഴ്ച രാവിലെ 5.30ന് ഓണക്കുറ്റി ചിറയിൽ ആറാട്ട് കഴിഞ്ഞ് ചോറ്റാനിക്കര ദേവി ശാസ്താസമേതയായി ആനപ്പുറത്ത് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് പറയെടുത്തശേഷം ഏഴ് ആനപ്പുറത്ത് ശീവേലി എഴുന്നള്ളിപ്പ്, മേളം എന്നിവയുണ്ടാകും. എഴുന്നള്ളിപ്പ് കഴിഞ്ഞ് മകം ദർശനത്തിനായുള്ള അലങ്കാരങ്ങൾക്കായി നടയടക്കും. മേൽശാന്തിയും കീഴ്ശാന്തിയും ചേർന്ന് ദേവിയെ ആടയാഭരണങ്ങൾ ചാർത്തി അണിയിച്ചൊരുക്കും. തുടർന്ന് രണ്ടിന് ക്ഷേത്രനട തുറക്കുന്നതാണ് മകംതൊഴൽ മുഹൂർത്തം. മകംതൊഴൽ രാത്രി ഒമ്പതുവരെ നീളും. തിരക്ക് നിയന്ത്രിക്കാൻ 800ഓളം പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. ആംബുലൻസ്, ഫയർഫോഴ്സ്, മെഡിക്കൽ സേവനങ്ങൾ എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്തർക്ക് ലഘുഭക്ഷണം നൽകുന്നതിനും ക്രമീകരണങ്ങളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.