എളങ്കുന്നപ്പുഴ അവിശ്വാസം: കോണ്‍ഗ്രസും ബി.ജെ.പി.യും വിപ്പ് നല്‍കി ഭരണം തിരിച്ചു പിടിക്കുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

വൈപ്പിന്‍: എളങ്കുന്നപ്പുഴ പഞ്ചായത്തില്‍ വിഭാഗീയത മൂലം കൈവിട്ടുപോയ ഭരണം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിൽ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന്. പ്രസിഡൻറ് സി.പി.എമ്മിലെ വി.കെ. കൃഷ്ണനെതിരെ കോണ്‍ഗ്രസിലെ 10 അംഗങ്ങള്‍ ചേര്‍ന്ന് നല്‍കിയ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി ബി.ജെ.പി. അംഗങ്ങള്‍ വോട്ടു ചെയ്യാന്‍ തീരുമാനമായി. ബി.ജെ.പി. അംഗങ്ങള്‍ അവിശ്വാസ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. സി.പി.എം ഭരണത്തിനെതിരെ ഏത് അവിശ്വാസ പ്രമേയത്തെയും പിന്തുണക്കുകയെന്നതാണ് പൊതു നയമെന്ന് ബി.ജെ.പി ജില്ല സെക്രട്ടറി കെ.എസ്. ഷൈജു അറിയിച്ചു. ഇത് സംബന്ധിച്ച നിര്‍ദേശം പാര്‍ട്ടി അംഗങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് പദവി പട്ടികജാതി സംവരണമായതിനാൽ പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സമീപനമാകും കൈക്കൊള്ളുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ അവിശ്വാസപ്രമേയം പാസാകുമെന്ന് ഉറപ്പായി. രണ്ട് പതിറ്റാണ്ടുകളായി കോണ്‍ഗ്രസിനായിരുന്നു ഭരണം. 2015ല്‍ യു.ഡി.എഫും എല്‍.ഡി.എഫും എട്ട് വാര്‍ഡുകളില്‍ വീതം വിജയം നേടി. രണ്ട് കോണ്‍ഗ്രസ് വിമതരും വിജയിച്ചു. ബി.ജെ.പി.യുടെ നാല് പേരും വിജയിച്ചു. 23 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് -10, സി.പി.എം - 7, ബി.ജെ.പി - 4, സി.പി.ഐ- 1, സി.പി.എംഎല്‍ (സ്വതന്ത്രന്‍) - 1 എന്നിങ്ങനെയാണ് കക്ഷിനില. കോണ്‍ഗ്രസ് അംഗങ്ങളിലെ 10 പേരില്‍ രണ്ട് പേര്‍ വിമതരായി വിജയിച്ചവരാണ്. ഇരുവരെയും പാര്‍ട്ടി തിരിച്ചെടുത്തിരുന്നു. ഇവരിലൊരാളായ റസിയ ജമാലാണ് ഇപ്പോള്‍ വൈസ് പ്രസിഡൻറ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ രസികല പ്രിയരാജിനും സി.പി.എമ്മിലെ വി.കെ. കൃഷ്ണനും ഒമ്പത് വോട്ടുകള്‍ വീതമാണ് ലഭിച്ചത്. നറുക്കെടുപ്പിലൂടെയാണ് വി.കെ. കൃഷ്ണന്‍ പ്രസിഡൻറായത്. എട്ട് അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ഇടതുമുന്നണി സ്ഥാനാർഥിക്ക് വിമതനായ കെ.കെ. ഉണ്ണികൃഷ്ണ​െൻറ വോട്ട് കൂടി ലഭിച്ചതാണ് തുല്യമായത്. ബി.ജെ.പി യിലെ നാല് അംഗങ്ങളും സി.പി.എംഎല്‍ (സ്വതന്ത്രാംഗം) സി.ജി. ബിജുവും വോട്ടെടുപ്പില്‍നിന്നും വിട്ടു നിന്നിരുന്നു. അവിശ്വാസം: ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് എല്‍.ഡി.എഫ് വൈപ്പിന്‍: എളങ്കുന്നപ്പുഴ പഞ്ചായത്തില്‍ എല്‍.ഡി.എഫിനെതിരെ കോണ്‍ഗ്രസ് ബി.ജെ.പി പിന്തുണയോടെ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പാര്‍ലമ​െൻററി പാർട്ടി യോഗം ആരോപിച്ചു. പദ്ധതിവിഹിതം 50 ശതമാനം പോലും നിര്‍വഹിക്കാതിരുന്നിടത്ത് എൽ.ഡി.എഫ് കാലത്ത് 62 ശതമാനവും അടുത്ത രണ്ടുവര്‍ഷങ്ങളില്‍ 75ഉം 85 ശതമാനം വരെ വര്‍ധനവുണ്ടായി. ഗ്രൂപ് തര്‍ക്കവും തമ്മിലടിയുമായി പഞ്ചായത്ത് ഭരണത്തെ താളംതെറ്റിച്ച കോണ്‍ഗ്രസാണ് അവിശ്വാസവുമായി രംഗത്തുവന്നിട്ടുള്ളതെന്നും യോഗം കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.