ഡി.ഇ.ഒ കെ.പി. കൃഷ്​ണദാസ്​ വിരമിക്കുന്നു

അമ്പലപ്പുഴ: വിദ്യാഭ്യാസ മേഖലയില്‍ നൂതന സംഭാവനകള്‍ നൽകിയ ജില്ല വിദ്യാഭ്യാസ ഓഫിസര്‍ പടിയിറങ്ങുന്നു. അമ്പലപ്പുഴ കോമന പ്ലാക്കുടി െലയിനില്‍ പാലാഴിയില്‍ വീട്ടില്‍ കെ.പി. കൃഷ്ണദാസാണ് 34 വര്‍ഷത്തെ സേവനത്തിനുശേഷം ശനിയാഴ്ച വിരമിക്കുന്നത്. 1984ല്‍ എൽ.എം.എച്ച്.എസിലാണ് കൃഷ്ണദാസ് അധ്യാപകവൃത്തിക്ക് തുടക്കം കുറിക്കുന്നത്. '88ല്‍ സര്‍ക്കാര്‍ സര്‍വിസില്‍ ചേര്‍ത്തല ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ പ്രവേശിച്ചു. കെ.എസ്.ടി.എയുടെ സജീവ പ്രവര്‍ത്തകനാണ്. അമ്പലപ്പുഴ ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ ആയിരിക്കെ ക്ലാസ് റൂം ലൈബ്രറിക്ക് തുടക്കം കുറിച്ചു. എല്ലാ വിദ്യാലയങ്ങളിലെയും കുട്ടികളെ വായനയിലേക്ക് ആകൃഷ്ടരാക്കാൻ ഇത് സഹായിച്ചു. തുടര്‍ന്ന് 'അമ്പലപ്പുഴ മോഡൽ ക്ലാസ് റൂം ലൈബ്രറി' എന്ന പേരില്‍ സംസ്ഥാന തലത്തില്‍ അറിയപ്പെട്ട ഈ പദ്ധതി സര്‍വശിക്ഷ അഭിയാന്‍ (എസ്.എസ്.എ), രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന്‍ (ആർ.എം.എസ്.എ) വഴി വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിയിലും ഉള്‍പ്പെടുത്തി. ജില്ല വിദ്യാഭ്യാസ ഓഫിസര്‍ ആയിരിക്കെ എച്ച്.എസ് വിഭാഗം കുട്ടികളുടെ ഭാഷാപരമായ പിന്നാക്കാവസ്ഥ പരിഹരിക്കാനും വായനയിലേക്ക് നയിക്കാനും 'എ​െൻറ മലയാളം' ഭാഷാപരിപോഷണ പദ്ധതി ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പ് ആർ.എം.എസ്.എ വഴി മറ്റ് ജില്ലകളിലേക്ക് പിന്നീട് ഈ പദ്ധതി വ്യാപിപ്പിക്കാന്‍ നടപടി കൈക്കൊണ്ടു. വിദ്യാർഥികള്‍ക്കായി കലാപരവും സ്വതസിദ്ധവുമായ കഴിവുകള്‍ കണ്ടെത്താനും അതിലൂടെ ജീവിതവഴിത്താര തെളിക്കാനുമായി സിനിമ, തിരക്കഥ, സംവിധാനം, ഛായാഗ്രഹണം എന്ന പ്രേജക്ടിന് ഈ അധ്യയനവര്‍ഷം ആരംഭം കുറിച്ചു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷന്‍ ടെക്‌നോളജിയുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതി തകഴി സ്മാരകത്തില്‍ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാണ് തിരിതെളിച്ചത്. ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കംകുറിച്ച അമ്പലപ്പുഴയുടെ മണ്ണില്‍നിന്ന് ക്ലാസ് റൂം ലൈബ്രറി ഉള്‍പ്പെടെ ഒട്ടനവധി പദ്ധതികള്‍ ആവിഷ്‌കരിച്ച കെ.പി. കൃഷ്ണദാസി​െൻറ വിദ്യാഭ്യാസ ആസൂത്രണ നിര്‍വഹണത്തിന് ദേശീയ സര്‍വകലാശാലയായ നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് എജുക്കേഷനൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്‌ട്രേഷ​െൻറ ദേശീയ പുരസ്കാരം ഉള്‍പ്പെടെ ഒട്ടനവധി പുരസ്‌കാരങ്ങളും നേടാനായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.