നോക്കുകൂലി: സര്‍ക്കാര്‍ നടപടികള്‍ക്ക് തൊഴിലാളി യൂനിയനുകളുടെ പിന്തുണ

കാക്കനാട്: നോക്കുകൂലി അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് ജില്ലയിലെ തൊഴിലാളി യൂനിയനുകളുടെ പിന്തുണ. ഇതുസംബന്ധിച്ച് മുഖ്യന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തി​െൻറ തീരുമാനങ്ങള്‍ ജില്ലതലത്തില്‍ തൊഴിലാളി യൂനിയനുകളെ അറിയിക്കാൻ കലക്ടര്‍ മുഹമ്മദ് സഫീറുല്ലയുടെയും ജില്ല ലേബര്‍ ഓഫിസര്‍ മുഹമ്മദ് സിയാദി​െൻറയും അധ്യക്ഷതയില്‍ വിളിച്ച യോഗത്തിലാണ് വിവിധ തൊഴിലാളി യൂനിയന്‍ നേതാക്കള്‍ പിന്തുണ അറിയിച്ചത്. നോക്കുകൂലി, തൊഴിലാളികളെ വിതരണം ചെയ്യല്‍ തുടങ്ങിയ അനാരോഗ്യ പ്രവണതകള്‍ക്ക് േമയ് ഒന്നുമുതല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകില്ലെന്നും കലക്ടര്‍ പറഞ്ഞു. എൽ.പി.ജി പ്ലാൻറ് മേഖലയിലുണ്ടാകുന്ന സമരങ്ങളുമായി ബന്ധപ്പെട്ട് വിതരണക്കാരുടെയും ലോറി ഉടമകളുടെയും സംസ്ഥാനതല യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരാന്‍ തീരുമാനിച്ചതും യോഗത്തില്‍ അറിയിച്ചു. അതേസമയം, യന്ത്രവത്കരണം മൂലം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതിെല ആശങ്ക തൊഴിലാളി നേതാക്കള്‍ പങ്കുവെച്ചു. തൊഴിലെടുക്കാതെ കൂലി വാങ്ങുന്നതിനോട് യോജിപ്പില്ല. ടിപ്പറിലും ലോറിയിലും മറ്റും തൊഴിലാളിയുടെ സഹായമില്ലാതെ യന്ത്രവത്കൃത രീതിയില്‍ ലോഡ് ഇറക്കുമ്പോള്‍ ഇറക്കുകൂലികൂടി ഇടനിലക്കാര്‍ ഈടാക്കുന്നുണ്ടെന്നും അത് അനുവദിക്കരുതെന്നും യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. തൊഴിലുടമകളുമായി കരാറിലേര്‍പ്പെട്ട തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടരുത്. നിലവിലെ കരാര്‍ വ്യവസ്ഥ ലംഘിക്കപ്പെടരുത്. ഉടമകളുടെ ആളുകള്‍ ചേര്‍ന്ന് ലോഡ് ഇറക്കുന്ന സ്ഥിതി അനുവദിക്കരുതെന്നും നേതാക്കള്‍ പറഞ്ഞു. കണ്‍ട്രോള്‍ റൂം എ.സി.പി എസ്.ടി. സുരേഷ് കുമാര്‍, ആലുവ ഡിവൈ.എസ്.പി എന്‍.ആര്‍. ജയരാജ് എന്നിവരും വിവിധ തൊഴിലാളി യൂനിയന്‍ പ്രതിനിധികളും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.