ദേശീയപാത വികസനത്തിന് 45 മീറ്റർ; ഭൂമിയേറ്റെടുക്കല്‍ ജില്ല ഭരണകൂടത്തിന് കീറാമുട്ടി

കാക്കനാട്: ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാന്‍ 101 ഏക്കര്‍ സ്ഥലം ഏറ്റെടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ജില്ല ഭരണകൂടത്തിന് കീറാമുട്ടി. ഭൂമി ഏറ്റെടുക്കലിന് പ്രാഥമിക രൂപരേഖക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയെങ്കിലും മറ്റു സാങ്കേതികാനുമതികൾ ലഭിക്കാത്തതാണ് ജില്ലഭരണകൂടത്തെ കുഴക്കുന്നത്. നിലവില്‍ 30 മീറ്ററാണ് ദേശീയപാതയുടെ വീതി. ഇനി 15 മീറ്റര്‍കൂടി ഏറ്റെടുക്കണം. ഇതിനുള്ള പ്രാഥമിക രൂപരേഖയാണ് ജില്ല ഭരണകൂടം തയാറാക്കിയത്. ഇടപ്പള്ളി മുതല്‍ കോട്ടപ്പുറം വരെ 25 കി.മീറ്ററാണ് 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിന് ഒമ്പത് വില്ലേജിൽനിന്ന് 101 ഏക്കര്‍ ഭൂമി ഏറ്റെടുക്കുകയെന്നതാണ് ദൗത്യം. ഇടപ്പള്ളി മുതല്‍ കോട്ടപ്പുറം വരെ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനാണ് ആദ്യം പദ്ധതിയിട്ടത്. ഇതിനെ പ്രദേശത്തെ സമരസമിതിയും അനുകൂലിച്ചിരുന്നു. എന്നാല്‍, പദ്ധതിരേഖ (ഡി.പി.ആര്‍) തയാറാക്കിയപ്പോള്‍ എലിവേറ്റഡ് ഹൈവേക്ക് എസ്റ്റിമേറ്റ് തുക കൂടുതലാണെന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ കണ്ടെത്തല്‍. സാധാരണ നാലുവരിപ്പാതക്ക് കിലോമീറ്ററിന് 20 കോടിയാണ് നിര്‍മാണച്ചെലവ് കണക്കാക്കുന്നത്. എലിവേറ്റഡ് ഹൈവേക്ക് 120 കോടി ചെലവ് വരുമെന്നതിനാൽ പദ്ധതി വേണ്ടെന്നുവെച്ചു. തുടർന്നാണ് റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുത്ത് 45 മീറ്റർ ദേശീയപാത പദ്ധതി യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ ജില്ല ഭരണകൂടത്തോട് ആവശ്യപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.