ജനവാസ മേഖലയില്‍ പാറമട ആരംഭിക്കാന്‍ നീക്കം: - നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

കട്ടിങ് കവലയില്‍ പ്രതിഷേധ സമരസംഗമം സംഘടിപ്പിച്ചു അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ ഏഴാറ്റുമുഖം കട്ടിങ് പ്രദേശത്ത് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തിനോട് ചേര്‍ന്ന് പാറമട ആരംഭിക്കാനുള്ള ശ്രമത്തിനെതിരെ നാട്ടുകാർ പ്രക്ഷോഭം ആരംഭിച്ചു. മഞ്ഞപ്ര, ചെങ്ങല്‍ സ്വദേശികളുടെ പേരിലുള്ള ഏഴാറ്റുമുഖം കട്ടിങ് ഭാഗത്തുള്ള 10 ഏക്കറോളം സ്ഥലം 10 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്താണ് പാറമട ആരംഭിക്കാന്‍ ശ്രമം നടക്കുന്നത്. പാറമടക്ക് അനുമതി ലഭിക്കുന്നതിന് വിവിധ വകുപ്പുകളിൽ അപേക്ഷ നല്‍കിയിരിക്കുകയാണ്. ഒരു വര്‍ഷം മുമ്പ് പാറമട തുടങ്ങാൻ നീക്കം തുടങ്ങിയപ്പോൾ തന്നെ ജില്ല കലക്ടര്‍ക്കും വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കറുകുറ്റി ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കും നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും പ്രക്ഷോഭം സംഘടിപ്പിക്കുകയുമുണ്ടായി. പിന്നീട് ഇത് സംബന്ധിച്ച നീക്കങ്ങള്‍ ഒന്നും പരസ്യമായി പാറമടലോബി ചെയ്തിരുന്നില്ല. എന്നാല്‍, അണിയറയില്‍ പാറമട ആരംഭിക്കുന്നതിനുള്ള അനുമതിക്കായി ഇവര്‍ ശ്രമം നടത്തുന്നതായി മനസ്സിലാക്കിയപ്പോളാണ് നാട്ടുകാര്‍ വീണ്ടും സംഘടിച്ച് സമര പരിപാടികളുമായി രംഗത്തെത്തിയത്. പാറമട ആരംഭിച്ചാല്‍ സമീപ പ്രദേശങ്ങളിലെ നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടാകും. ചാലക്കുടി അങ്കമാലി നിയോജകമണ്ഡലത്തിലെ ജനങ്ങള്‍ കൃഷിക്കും ജലസേചനത്തിനും ആശ്രയിക്കുന്ന ചാലക്കുടി ഇടതുകര മെയിന്‍ കനാലും അടിച്ചിലി ബ്രാഞ്ച് കനാലും തകരാന്‍ ഇട വരും. പാറമടയ്ക്ക് അളന്നുതിരിച്ചിട്ടിരിക്കുന്ന സ്ഥലത്തി​െൻറ 50 മീറ്റര്‍ ദൂരപരിധിക്കുള്ളിലാണ് കനാലുകള്‍ സ്ഥിതി ചെയ്യുന്നത്. ഏഴാറ്റുമുഖം - കട്ടിങ് റോഡ് തകരുമെന്നും നാട്ടുകാർ പറഞ്ഞു. പാറമട വിരുദ്ധ സമരപരിപാടികളുടെ ഭാഗമായി പാറമട വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ മൂന്നൂര്‍പ്പിള്ളി കവലയില്‍നിന്നും പാറമട വിരുദ്ധ സന്ദേശ റാലിയും തുടര്‍ന്ന് കട്ടിങ് കവലയില്‍ പ്രതിഷേധ സമരസംഗമവും നടത്തി. റാലിയില്‍ 100 കണക്കിന് സ്ത്രീകളും കുട്ടികളും പങ്കെടുത്തു. പ്രതിഷേധ സംഗമം ഏഴാറ്റുമുഖം സ​െൻറ് തോമസ് പള്ളിവികാരി ഫാ. സുബിന്‍ പാറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ ഉഷ മനോഹരന്‍ അധ്യക്ഷത വഹിച്ചു. കാതികുടം നീറ്റ ജലാറ്റിന്‍ കമ്പനി സമരസമിതി കണ്‍വീനര്‍ അനില്‍ കാതില്‍കുടം മുഖ്യപ്രഭാഷണം നടത്തി. മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജയ രാധാകൃഷ്ണന്‍, വൈസ് പ്രസിഡൻറ് ബിജു പാലാട്ടി, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം. വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. അയ്യപ്പന്‍, സമിതി കൗണ്‍വീനര്‍ എം.എം. ബെന്നി, കോണ്‍ഗ്രസ് കറുകുറ്റി മണ്ഡലം പ്രസിഡൻറ് കെ.പി. പോളി, സി.പി.എം പാലിശ്ശേരി ലോക്കല്‍ സെക്രട്ടറി എം.പി. ജോണി, ഐ.എസ്. ഷാജി, റിസോ തോമസ്, അശോക് കുടുക്കച്ചിറ, സാബു വര്‍ഗീസ്, പി.വി. മാര്‍ട്ടിന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.