(പടം EM MVPA Pumb house) വേനൽ കനക്കുന്നു; നഗരത്തിലും സമീപത്തും കുടിവെള്ള ക്ഷാമം രൂക്ഷം

മൂവാറ്റുപുഴ: വേനൽ കനത്തതോടെ നഗരത്തിലും സമീപ പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. മോളേക്കുടി, ആശ്രമംടോപ്പ്, മണിയംകുളം, പണ്ടരിമല, ഒലിപ്പാറ, ആസാദ് റോഡ്, ഹൗസിങ് ബോർഡ് എന്നീ ഉയര്‍ന്ന പ്രദേശങ്ങളില്‍ കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. മൂന്നുവര്‍ഷം മുമ്പ് മഴയില്‍ വെള്ളൂർക്കുന്നം മല ഇടിഞ്ഞതിനെ തുടര്‍ന്ന് കോർമലയിൽ സ്ഥാപിച്ച ജല അതോറിറ്റിയുടെ കുടിവെള്ള സംഭരണിക്ക് തകർച്ച കെണ്ടത്തിയിരുന്നു. തുടർന്ന് സുരക്ഷ മുന്‍നിര്‍ത്തി ടാങ്കില്‍ വെള്ളം സംഭരിക്കുന്നത് പകുതിയായി കുറച്ചു. പിന്നീട് കുസാറ്റിലെ എന്‍ജിനീയറിങ് വിഭാഗവും പ്രകൃതിദുരന്ത നിവാരണ അതോറിറ്റിയും നടത്തിയ പരിശോധനയില്‍ ടാങ്കി​െൻറ സുരക്ഷക്ക് കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയെങ്കിലും സംഭരണശേഷി വര്‍ധിപ്പിച്ചിട്ടില്ല. ഇതുമൂലം നഗരത്തിലെ പുളിഞ്ചുവട്, ആസാദ് റോഡ് ഭാഗങ്ങളിൽ വെള്ളം എത്തിക്കാന്‍ ബുദ്ധിമുട്ടാണ്. ടാങ്കില്‍ പരമാവധി വെള്ളം സംഭരിച്ച് തുറന്നുവിട്ടാല്‍ മാത്രമാണ് വടക്കൻ മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്തുക. പൈപ്പില്‍ സമ്മര്‍ദം വര്‍ധിക്കുമ്പോള്‍ കാലപ്പഴക്കം മൂലം പൊട്ടുന്നതും പതിവാണ്. ഇവ മാറ്റാൻ ഇതുവരെ പദ്ധതി തയാറാക്കിയിട്ടില്ല. വാഹനത്തില്‍ കുടിവെള്ളം എത്തിക്കാൻ നഗരസഭക്ക് സ്വന്തമായി കുടിവെള്ള ടാങ്കര്‍ വാങ്ങണമെന്ന ആവശ്യമുയര്‍ന്നിട്ടും നാളുകളായി. സ്വകാര്യ ഏജന്‍സികള്‍ക്ക് കരാര്‍ നല്‍കുകയാണ് പതിവ്. കഴിഞ്ഞ നഗരസഭ ബജറ്റില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കര്‍മപദ്ധതി തയാറാക്കുമെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് സര്‍ക്കാറി​െൻറ സഹായത്തോടെ പദ്ധതി ആവിഷ്‌കരിക്കുമെന്നും ചെറുകിട കുടിവെള്ള പദ്ധതികള്‍ നടപ്പാക്കുമെന്നും അറിയിച്ചിരുന്നു. കൂടാതെ നഗരത്തിലെ പൊതുകിണറുകള്‍, കുളങ്ങള്‍, മറ്റ് ജല സ്രോതസ്സുകള്‍ എന്നിവ സംരക്ഷിക്കുമെന്നും അറിയിച്ചിരുന്നു. ഇതിന് ആവശ്യമായ തുകയും നീക്കിെവച്ചിരുന്നു. എന്നാല്‍, ഇതില്‍ നടപ്പാക്കിയത് വിരലിലെണ്ണാവുന്ന കാര്യങ്ങള്‍ മാത്രമാണ്. നഗരസഭയിലെ 28 വാര്‍ഡുകളിൽ 30,000 പേരുണ്ട്. ഏഴായിരത്തിഅഞ്ഞൂറോളം കുടുംബങ്ങള്‍ ജല അതോറിറ്റിയുടെ കുടിവെള്ളത്തെയാണ് ആശ്രയിക്കുന്നത്. നഗരത്തിലേക്ക് കൂടുതല്‍ താമസക്കാർ എത്തിയതോടെ കുടിവെള്ള ആവശ്യവും ആനുപാതികമായി വര്‍ധിച്ചുവരുകയാണ്. ഇതിനനുസരിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നില്ല. മൂലമറ്റം പവര്‍ഹൗസിലെ വെള്ളം തൊടുപുഴയാർ വഴി എത്തുന്നതിനാൽ കടുത്തവേനലിലും മൂവാറ്റുപുഴയാർ ജലസമൃദ്ധമാണ്. നിലവിലെ വിതരണം കാര്യക്ഷമമാക്കുകയും വിപുലീകരിക്കുകയും ചെയ്യാത്തതാണ് കുടിവെള്ള ക്ഷാമം വർധിപ്പിക്കുന്നത്. ജല അതോറിറ്റി ഓഫിസിന് സമീപത്തെ കിണറ്റില്‍നിന്ന് പമ്പുചെയ്യുന്ന വെള്ളം ശിവന്‍കുന്നിലെ പ്ലാൻറിലാണ് നിലവിൽ ശുദ്ധീകരിക്കുന്നത്. തുടർന്ന് ഒമ്പതുലക്ഷം സംഭരണ ശേഷിയുള്ള ടാങ്കിലും വെള്ളൂർക്കുന്നം കോര്‍മലയിലെ പത്തുലക്ഷം ശേഷിയുള്ള ടാങ്കിലും എത്തിച്ചാണ് നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളിലും കുടിവെള്ള വിതരണം നടത്തുന്നത്. ഇതിനായി പമ്പ്ഹൗസില്‍ 150 എച്ച്.പി ശേഷിയുള്ള നാല് മോട്ടോറുകളും സ്ഥാപിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.