ഭൂമി ഇടപാടിനെ ആരാധനാക്രമവുമായി ബന്ധപ്പെടുത്താൻ​ ഗൂഢശ്രമമെന്ന്​ വൈദിക കൂട്ടായ്​മ

കൊച്ചി: ഭൂമിവിവാദവുമായി ബന്ധപ്പെട്ട് സീറോ മലബാർ സഭയിലുണ്ടാകുന്ന എതിർശബ്ദങ്ങളെ ആരാധനക്രമവുമായി കൂട്ടിക്കെട്ടാൻ ഗൂഢശ്രമമെന്ന് വൈദികസമിതിയുടെ നേതൃത്വത്തിലുള്ള വൈദിക കൂട്ടായ്മ. ഹൈകോടതി വിധിയുണ്ടായിട്ടും എന്തുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തതെന്ന് തങ്ങൾക്കറിയില്ല. ആരാധന ക്രമവുമായി ബന്ധപ്പെട്ട പ്രശ്നമല്ല ഇത്. അങ്ങനെ വരുത്താൻ ചിലർ ശ്രമിക്കുന്നുണ്ട്. തങ്ങൾ മാർ ജോർജ് ആലഞ്ചേരിക്കെതിരല്ല. ഭൂമി വിൽപന എന്തുകൊണ്ടാണ് രഹസ്യമാക്കിയതെന്നും അദ്ദേഹം ചോദിച്ചു. വിഷയങ്ങൾ എല്ലാം വത്തിക്കാനിൽ അറിയാം. മാർപാപ്പക്കും അറിയാം. നടപടിയെടുക്കേണ്ടത്് സിനഡാണ്. സിനഡിലെ ബിഷപ്പുമാർ മാർ ജോർജ് ആലഞ്ചേരിയെ വേണ്ടവിധം ഉപദേശിക്കണം. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. കർദിനാളിന് പ്രത്യേക ആനുകൂല്യം ഇല്ല. കർദിനാളിൽ തങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. അദ്ദേഹം അഗ്നിശുദ്ധി വരുത്തി തിരിച്ചെത്തിയാൽ തങ്ങൾ പിന്തുണക്കും. പക്ഷേ അദ്ദേഹം തങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ല. അതിരൂപതയിലെ വൈദിക സമിതി, ആലോചന സമിതി, സാമ്പത്തിക കാര്യസമിതി തുടങ്ങിയ ഒരു വേദിയിലും ചർച്ച ചെയ്യാതെയായിരുന്നു ഭൂമി ഇടപാട്. പട്ടിയും പശുവും ചത്താൽ ചോദിക്കാറുള്ള നാട്ടിൽ 25 വർഷം നാടും വീടും ഉപേക്ഷിച്ച് സഭയെ ശുശ്രൂഷിച്ച മലയാറ്റൂർ റെക്ടർ ഫാ. സേവ്യർ തേലക്കാട്ട് കുത്തേറ്റ് മരിച്ചപ്പോൾ സഭാനേതൃത്വം സ്വീകരിച്ച നിലപാട് പ്രതിഷേധാർഹമാണ്. സംഭവത്തെ അപലപിക്കാൻ പോലും തയാറായില്ല എന്നുമാത്രമല്ല മറ്റുപലരും പറയുന്നതുകേട്ട് അദ്ദേഹത്തെ മരണശേഷവും കുറ്റവാളിയായി കാണുകയായിരുന്നു. ഫാ. സേവ്യർ തേലക്കാടി​െൻറ മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. മുമ്പ് അദ്ദേഹത്തി​െൻറ കാർ തല്ലിത്തകർത്തിരുന്നു. ജീവന് ഭീഷണിയുള്ളതായി അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്. ഇൗ വിഷയത്തിൽ പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും ഫാ. കുര്യാക്കോസ് മുണ്ടാടൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.