കാത്തിരിപ്പിനൊടുവിൽ തുരുത്ത് പാലങ്ങളിൽ വെളിച്ചമെത്തി; ഒപ്പം വൈദ്യുതാഘാതവും

ആലുവ: നാട്ടുകാരുടെയും വാഹന യാത്രികരുടെയും നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് തുരുത്ത് പാലങ്ങളിൽ വെളിച്ചമെത്തി. സീപോർട്ട് -എയർപോർട്ട് റോഡി​െൻറ ഭാഗമായ തുരുത്ത് --ചൊവ്വര, മഹിളാലയം --തുരുത്ത് പാലങ്ങളാണ് കഴിഞ്ഞ ദിവസം പ്രകാശപൂരിതമായത്. നൂറോളം വൈദ്യുത കാലുകളിൽ എൽ.ഇ.ഡി ബൾബുകൾ വെളിച്ചം ചൊരിഞ്ഞു. എന്നാൽ, ലൈറ്റുകൾ പ്രകാശിച്ചതിനൊപ്പം വിളക്കുകാലുകളിൽ വൈദ്യുതി പ്രവഹിച്ചത് നാട്ടുകാർക്ക് 'ആഘാത'മായി. ലൈറ്റുകൾ തെളിഞ്ഞതറിഞ്ഞ് ഓടിയെത്തി കാലുകളിൽ തൊട്ടവർക്കെല്ലാം വൈദ്യുതാഘാതമേറ്റതായാണ് ആക്ഷേപം. ഇതിനിെട ചില കാലുകളിലെ വൈദ്യുത വിളക്കുകൾ തെളിഞ്ഞുമില്ല. പാലങ്ങൾ പണി കഴിഞ്ഞ് തുറന്നുകൊടുത്ത് രണ്ടുവർഷമായിട്ടും വിളക്കുകൾ സ്ഥാപിച്ചിരുന്നില്ല. ഇത് പലപ്പോഴും വാഹനാപകടങ്ങൾക്ക് കാരണമായിരുന്നു. കാൽനടക്കാരടക്കം ഇരുട്ടിൽ പാലം കടക്കാൻ നന്നേ കഷ്ടപ്പെട്ടു. ഇരുട്ടിൽ പാലങ്ങളിൽനിന്ന് പുഴയിലേക്ക് മാലിന്യമെറിയലും വർധിച്ചു. ഈ സാഹചര്യത്തിൽ പാലങ്ങളിൽ വൈദ്യുതി വിളക്കുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തുരുത്ത് സമന്വയ ഗ്രാമവേദി പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകി. ചെങ്ങമനാട് പഞ്ചായത്ത് ഇടപെട്ട് സ്വകാര്യ പരസ്യ ഏജൻസിക്കാരെ ഉപയോഗിച്ച് വിളക്കുകൾ സ്ഥാപിക്കാൻ നടപടിയെടുത്തു. വിളക്കുകൾ സ്ഥാപിക്കുന്ന ഏജൻസിക്ക് ഇവിടെ പരസ്യം വെക്കുന്നതിനുള്ള അനുവാദമാണ് നൽകിയത്. ഇതുപ്രകാരം ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും ഒരു മാസമായിട്ടും വിളക്കുകൾ പ്രകാശിച്ചിരുന്നില്ല. വൈദ്യുത വിളക്കുകൾ നോക്കുകുത്തിയായപ്പോൾ ഗ്രാമവേദി കലക്ടർക്ക് പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 'മാധ്യമം' വാർത്ത നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.