അപകട തീവ്രത വർധിപ്പിച്ചത് രക്ഷാപ്രവർത്തനത്തിലെ വീഴ്ചയെന്ന്

കൊച്ചി: കപ്പല്‍ശാലയിലുണ്ടായ അപകടത്തി​െൻറ തീവ്രത വര്‍ധിപ്പിച്ചത് രക്ഷാപ്രവര്‍ത്തനത്തിലുണ്ടായ വീഴ്ചയെന്ന് ആക്ഷേപം. അപകടം സംഭവിച്ച് മണിക്കൂറുകള്‍ക്കുശേഷമാണ് തൊഴിലാളികളെ മുഴുവന്‍ പുറത്തെത്തിക്കാന്‍ സാധിച്ചത്. സ്വന്തം അഗ്നിശമന സേന സംഘത്തെ മാത്രം കപ്പല്‍ശാല ആശ്രയിച്ചതാണ് സ്ഥിതി വഷളാക്കിയതെന്നാണ് ആരോപണം. സമീപത്തെ മറ്റ് ഫയർഫോഴ്സുകളിൽ ആദ്യ മണിക്കൂറുകളിൽ വിവരം അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്. രാവിലെ 9.15ന് അപകടമുണ്ടായതായി കപ്പൽശാല അധികൃതർ സമ്മതിക്കുന്നു. എന്നാൽ, രണ്ടു മണിക്കൂറിനുശേഷമാണ് പരിക്കേറ്റവരെ ഉൾപ്പെടെ രക്ഷപ്പെടുത്താനായത്. 11.30ഓടെയാണ് അവസാനത്തെയാളെ പുറത്തെത്തിച്ചത്. അപകടം കഴിഞ്ഞ് നാലഞ്ച് മണിക്കൂറിനുശേഷം വിളിച്ച വാർത്തസമ്മേളനത്തിൽപോലും എത്രപേർ ടാങ്കിനകത്തും എത്ര പേർ കപ്പലിലും ഉണ്ടായിരുന്നെന്ന് ഉറപ്പിച്ചുപറയാൻ അധികൃതർക്ക് കഴിഞ്ഞില്ല. പൊട്ടിത്തെറിക്ക് കാരണമായ വാതകം ഏതെന്ന് സ്ഥിരീകരിക്കാനുമായില്ല. കപ്പലിനുള്ളിലെ കനത്ത പുക രക്ഷാപ്രവർത്തനത്തിന് തടസ്സമായിരുന്നു. പലർക്കും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. പുറത്തുനിന്നുള്ള സംഘങ്ങൾ ആദ്യംമുതൽ കൂടെയുണ്ടായിരുന്നെങ്കിൽ രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമാകുമായിരുന്നു. നേവിയുടെ ഫയര്‍ഫോഴ്‌സ് യൂനിറ്റും എറണാകുളം ഗാന്ധിനഗര്‍, ക്ലബ് റോഡ് ഫയര്‍ഫോഴ്‌സ് യൂനിറ്റുകളില്‍നിന്നുള്ള സംഘവും വിവരമറിഞ്ഞ് എത്തിയിരുന്നു. മാധ്യമങ്ങളിലൂടെ കാര്യമറിഞ്ഞയുടൻ വാഹനമെടുത്ത് പായുകയായിരുന്നുവെന്ന് എറണാകുളം ഡിവിഷനല്‍ ഓഫിസര്‍ പി. ദിലീപൻ പറഞ്ഞു. പുറത്തുനിന്ന് മറ്റാര്‍ക്കും പ്രവേശനമില്ലെങ്കിലും അവശ്യ സര്‍വിസെന്ന നിലയിലാണ് അകത്ത് പ്രവേശിപ്പിച്ചത്. കപ്പലി​െൻറ മുകളില്‍നിന്ന് താഴേക്കിറങ്ങി രണ്ടാമത്തെ നിലയിലെത്തിയപ്പോള്‍ അപകട തീവ്രത തിരിച്ചറിയാനായി. പ്രദേശത്താകെ പുക നിറഞ്ഞിരുന്നു. ശക്തമായ പൊട്ടിത്തെറി നടന്ന ലക്ഷണവും ദൃശ്യമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.