സ്വച്ഛ് സർവേക്​ഷൺ പരിശോധകസംഘം 19ന് ആലപ്പുഴയിൽ

ആലപ്പുഴ: സ്വച്ഛ് ഭാരത് മിഷൻ ഇന്ത്യയിലെ വൃത്തിയും വെടിപ്പുമുള്ള നഗരങ്ങളെ തെരഞ്ഞെടുക്കാൻ നടത്തുന്ന ശുചിത്വാന്വേഷണ പരിശോധന ആലപ്പുഴയിൽ 19, 20, 21 തീയതികളിൽ നടക്കും. ആലപ്പുഴയുടെ ബ്രാൻഡ് അംബാസഡറായി നടൻ കുഞ്ചാക്കോ ബോബനെ തെരഞ്ഞെടുത്തതായി ധനമന്ത്രി ഡോ. തോമസ് ഐസക് വാർത്തസമ്മേളനത്തിൽ പറഞ്ഞു. 15 മുതൽ കനാൽ ശുചീകരണം ആധുനിക യന്ത്രസാമഗ്രികൾ ഉപയോഗിച്ച് ചെയ്തുതുടങ്ങും. കനാൽ ശുചീകരണത്തിന് സ്ഥിരം സംവിധാനം സംബന്ധിച്ച് പരിസ്ഥിതി പഠനം നടക്കുന്നുണ്ട്. ഇതി​െൻറ അടിസ്ഥാനത്തിൽ കനാലിലെ മണ്ണൊഴിച്ച് ചളി മാത്രം മാറ്റാനുള്ള ടെൻഡർ ക്ഷണിച്ചു. ചെറുതോടുകളിലൂടെ വീടുകളിലെയും മറ്റും മാലിന്യങ്ങൾ കനാലിൽ നിരന്തരം പതിക്കുന്നതിനാൽ സ്ഥിരം സംവിധാനം ബുദ്ധിമുട്ടാണ്. ഇതിനായി ആദ്യം ചെറുതോടുകൾ ശുചീകരിക്കാനാണ് പദ്ധതി. ഖരമാലിന്യ സംസ്കരണത്തിനായി എയ്റോബിക് സിസ്റ്റം പോലെ ജലമലിനീകരണം ഒഴിവാക്കാൻ അനെയറോബിക് സിസ്റ്റം സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇതനുസരിച്ച് വീടുകളിൽ ടാങ്കുകൾ സ്ഥാപിച്ച് മലിനജലം ശേഖരിച്ച് ശുദ്ധിയാക്കും. കൂടാതെ, ഉപ്പുവെള്ളം കടലിൽനിന്ന് കനാലിലേക്ക് കയറ്റി 14 ദിവസം കഴിഞ്ഞ് തിരികെ കടലിലേക്ക് വിടുന്ന സംവിധാനമൊരുക്കാനും പദ്ധതിയുണ്ട്. ഇതിന് 200 കോടിയെങ്കിലും ചെലവ് വരുമെന്നും മന്ത്രി പറഞ്ഞു. കുട്ടനാട് കുടിവെള്ള പദ്ധതി പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും 2019-20ൽ ഒരു വർഷം തണ്ണീർമുക്കം ബണ്ട് തുറന്നിടുമെന്നും മന്ത്രി പറഞ്ഞു. നഗരസഭയിലെ തോടുകൾ മുഴുവൻ വൃത്തിയാക്കുമെന്നും 100 കാമറകൾ സ്ഥാപിക്കുമെന്നും മന്ത്രിയോടൊപ്പം വാർത്തസമ്മേളനത്തിൽ പങ്കെടുത്ത നഗരസഭ ചെയർമാൻ തോമസ് ജോസഫ് പറഞ്ഞു. ഇതിനായി നഗരസഭ ബജറ്റിൽ പണം വകയിരുത്തും. നഗരത്തിൽ നാലിടത്ത് പൊതുശൗചാലയം സ്ഥാപിക്കും. അതിനായി ടെൻഡർ ക്ഷണിച്ചുകഴിഞ്ഞു. ആറുമാസത്തിനകം ആധുനിക അറവുശാല നിർമിക്കും. ആധുനിക മാർക്കറ്റും സ്ഥാപിക്കുമെന്ന് ചെയർമാൻ പറഞ്ഞു. വാർത്തസമ്മേളനത്തിൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജി. മനോജ് കുമാർ, ബി. മെഹബൂബ്, ഷോളി സിദ്ധകുമാർ, കൗൺസിലർ എം.ആർ. േപ്രം തുടങ്ങിയവരും പങ്കെടുത്തു. ഉയർന്ന റാങ്ക് നേടണോ? പൊതുജനാഭിപ്രായം വേണം ആലപ്പുഴ: ശുചിത്വ നഗരമാകാൻ ഊർജിത പ്രവർത്തനങ്ങൾ നടത്തുന്ന ആലപ്പുഴ നഗരസഭക്ക് ഉയർന്ന റാങ്ക് നേടണമെങ്കിൽ സിറ്റിസൺ ഫീഡ് ബാക്ക് വേണം. എല്ലാ നഗരവാസികളുടെയും പൂർണമായ സഹകരണം ഇതിന് ആവശ്യമാണെന്ന് നഗരസഭ അധികൃതർ പറഞ്ഞു. ഇതിനായി ഓരോ വ്യക്തിയും സന്നദ്ധ സംഘടനകളും രാഷ്ട്രീയപാർട്ടികളും ജനപ്രതിനിധികളും വിദ്യാർഥി-യുവജന സംഘടനകളും രംഗത്തിറങ്ങണമെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു. ഇതിനായി www.swachshurvekshan2018.org/citizenfeedback എന്ന ലിങ്കിൽ കയറി പൊതുജനം അഭിപ്രായം രേഖപ്പെടുത്തണമെന്നും മന്ത്രി തോമസ് ഐസക്കും നഗരസഭ ചെയർമാൻ തോമസ് ജോസഫും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.