ക്വാറി ഉൽപന്നങ്ങൾക്ക് തീവില; നിർമാണമേഖല മാന്ദ്യത്തിൽ

ക്വാറി ഉടമകൾ അന്യായമായി വില വർധിപ്പിക്കുകയാണെന്ന് കരാറുകാർ പ്രജീഷ് റാം പാലക്കാട്: ക്വാറി, ക്രഷർ ഉൽപന്നങ്ങളായ കരിങ്കല്ല്, മെറ്റൽ, എം സാൻഡ് എന്നിവയുടെ വില കുതിച്ചുയർന്നതോടെ പൊതുമരാമത്ത് പ്രവർത്തനങ്ങളടക്കം നിർമാണ മേഖല മാന്ദ്യത്തിൽ. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ രണ്ടു തവണയായി ക്വാറി ഉൽപന്നങ്ങൾക്ക് യൂനിറ്റിന് ശരാശരി 400 രൂപ വരെയാണ് വർധിച്ചത്. ഇതോടെ നിർമാണ പ്രവർത്തനങ്ങൾക്കുള്ള ചെലവ് കുത്തനെ വർധിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ റോഡ് ടാറിങ് പ്രവൃത്തികൾ ഭാഗികമായി നിലച്ചിരിക്കുകയാണ്. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ശരാശരി 3000 രൂപയുടെ വർധനയാണ് ടാറിന് ഉണ്ടായത്. എസ്റ്റിമേറ്റ് വിലയേക്കാൾ അധികം ടാറിന് വരികയാണെങ്കിൽ വർധിച്ച തുക സർക്കാർ നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു. മാർച്ച് 31നുള്ളിൽ സർക്കാർ പദ്ധതികൾ പൂർത്തീകരിക്കണമെന്ന നിബന്ധനയുടെ പശ്ചാത്തലത്തിലാണ് വില കുത്തനെ ഉയർന്നത്. ഡിസംബർ മുതൽ മാർച്ച് വരെയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുക. ഡിസംബറിൽ ഒരു യൂനിറ്റ് കരിങ്കല്ലിന് 3200-3500 രൂപയായിരുന്നു വിലയെങ്കിൽ ഇപ്പോൾ 4500-5000 രൂപവരെയെത്തി. എം സാൻഡ് യൂനിറ്റ് വില 2800ൽനിന്ന് 5000 രൂപയിലെത്തി. കോൺക്രീറ്റിന് ഉപയോഗിക്കുന്ന 1.5 ഇഞ്ച് മെറ്റൽ വില യൂനിറ്റിന് 4000 രൂപയായി ഉയർന്നു. 2800 രൂപ വിലയുണ്ടായിരുന്ന ടാറിങ് മെറ്റലിന് 4000 രൂപയായും ഉയർന്നു. ഓരോ പ്രദേശങ്ങളിലെയും ലഭ്യതക്കനുസരിച്ചും വിലയിൽ മാറ്റമുണ്ട്. ഇടുക്കി, വയനാട് ജില്ലകളിൽ സാധാരണ വിലയേക്കൾ അധികം നൽകണം. കമ്പിയടക്കമുള്ള അനുബന്ധ സാമഗ്രികൾക്കും വില കൂടിയിട്ടുണ്ട്. നിർമാണ മേഖല മാന്ദ്യത്തിലായതോടെ തൊഴിലാളികളും പ്രതിസന്ധിയിലാണ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിലാണ് പ്രധാനമായും വൻകിട ക്വാറികൾ പ്രവർത്തിക്കുന്നത്. സാമ്പത്തിക വർഷത്തിനുള്ളിൽ പദ്ധതികൾ പൂർത്തിയാക്കണമെന്ന ചട്ടത്തി​െൻറ മറവിൽ സംസ്ഥാനത്തെ വൻകിട ക്രഷർ ഉടമകൾ അന്യായമായി വില വർധിപ്പിക്കുകയാണെന്ന് സർക്കാർ കരാറുകാർ ആരോപിച്ചു. എന്തുവില കൊടുത്തും ഉൽപന്നങ്ങൾ വാങ്ങുമെന്നതിനാൽ ക്വാറി ഉടമകൾ ചൂഷണം ചെയ്യുകയാണ്. ടെൻഡർ തുകയേക്കാൾ 30 ശതമാനം വരെ അധികം ചെലവാക്കേണ്ട അവസ്ഥയാണെന്നും സർക്കാർ ഇടപെട്ടില്ലെങ്കിൽ പണിമുടക്കുമെന്നും കരാറുകാരുടെ സംയുക്ത സമരസമിതി അറിയിച്ചു. സൂചനയായി ബുധനാഴ്ച സംയുക്ത സമരസമിതി സെക്രേട്ടറിയറ്റിലേക്ക് മാർച്ച് നടത്തും. പാരിസ്ഥിതിക അനുമതി കുരുക്കിൽ ചെറുകിട ക്വാറികൾ അടച്ചുപൂട്ടിയതിനാൽ വൻകിട ക്വാറി ഉടമകൾ കരാറുകാരെയും സാധാരണക്കാരെയും ചൂഷണം ചെയ്യുകയാണെന്ന് ഒാൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോ. ജന. സെക്രട്ടറി സണ്ണി ചെന്നിക്കര പറഞ്ഞു. അഞ്ച് ഹെക്ടറിൽ താഴെയുള്ള ക്വാറികൾക്ക് പാരിസ്ഥിതിക അനുമതി നിർബന്ധമാക്കിയതോടെ സംസ്ഥാനത്തെ 90 ശതമാനം ചെറുകിട ക്വാറികളും പൂട്ടിയതായി രജിസ്ട്രേഡ് മെറ്റൽ, ക്രഷർ ഓണേഴ്സ് അസോ. സെക്രട്ടറി ഡേവിസ് പാത്താടൻ പറഞ്ഞു. പല തരത്തിലുള്ള ഫീസും കുത്തനെ വർധിച്ചു. ഇതെല്ലാം ഇൗ മേഖലയെ പ്രതിസന്ധിയിലാക്കിയതായി അദ്ദേഹം ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.