ദുരിതം തീർത്ത് മൂക്കന്നൂരിലെ അനധികൃത പാറമടകള്‍

അങ്കമാലി: മൂക്കന്നൂര്‍ പഞ്ചായത്തിലെ ജനവാസ കേന്ദ്രത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറമടകള്‍ നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. നാല് പാറമടകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. പല പാറമടകളുടെയും പ്രവര്‍ത്തനം കോടതിയും നാട്ടുകാരും ഇടപെട്ട് നിര്‍ത്തിവെപ്പിച്ചെങ്കിലും മൂക്കന്നൂരിലെ പാറമടകള്‍ക്ക് നിയന്ത്രണമില്ല. പാറപൊട്ടിക്കുമ്പോഴുണ്ടാകുന്ന ശബ്ദമലിനീകരണവും ഭൂമി വിണ്ടുകീറലും വെടിമരുന്ന് സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണവും മറ്റ് അപകടങ്ങളും നാട്ടുകാരുടെ സ്വൈരജീവിതം നഷ്ടപ്പെടുത്തിയിരിക്കുന്നു. പാറമടകളിലേക്ക് എത്തുന്ന ഭീമന്‍ ഭാരവാഹനങ്ങള്‍മൂലം പ്രദേശത്തെ റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു. സംസ്ഥാനത്തുടനീളം സ്കൂള്‍ സമയത്ത് ടോറസ്, ടിപ്പര്‍ അടക്കമുള്ള ഭാരവാഹനങ്ങള്‍ നിയന്ത്രിക്കപ്പെട്ടിട്ടുണ്ടെങ്കിലും മൂക്കന്നൂര്‍ മേഖലയില്‍ അത്തരം നിയന്ത്രണമില്ലെന്ന് നാട്ടുകാർ പറയുന്നു. കുടിവെള്ള പ്രശ്നം രൂക്ഷമാകാനും പൈപ്പുകള്‍ പൊട്ടാനും പാറമടകളുടെ പ്രവര്‍ത്തനം കാരണമാകുന്നു. ദൂരക്രമം അടക്കം എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് ഇവിടെ പാറമടകള്‍ പ്രവര്‍ത്തിക്കുന്നേത്ര. പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കൂഴിക്കാരന്‍ കവല മുതല്‍ താബോര്‍ വരെയാണ് നാല് അനധികൃത പാറമടകൾ പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ പാറമടകള്‍ക്ക് ലൈസന്‍സ് സമ്പാദിക്കാന്‍ അണിയറ നീക്കം ശക്തമാണെന്നാണ് ആക്ഷേപം. പാറമടകളെ നിയന്ത്രിക്കുന്നതിലുള്ള നിസ്സഹായത വില്ലേജ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. പാറമടകളുടെ പ്രവര്‍ത്തനത്തിന് നിയമപരമായി എല്ലാ രേഖകളും സമ്പാദിച്ചിട്ടുണ്ടെന്നാണ് വില്ലേജ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. നിരവധി കുടുംബങ്ങളും വളര്‍ത്തുമൃഗങ്ങളുമടക്കം പാറമടകളുടെ ദുരിതം അനുഭവിച്ചിട്ടും നടപടിയെടുക്കാത്ത അധികാരികളുടെ നിലപാടില്‍ വ്യാപക പ്രതിഷേധമുണ്ട്. അതിനിടെ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാരെ അണിനിരത്തി ശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജെ. ബാബു മുന്നറിയിപ്പ് നല്‍കി. ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തണം അങ്കമാലി: സംസ്ഥാനത്തെ നാമമാത്ര ചെറുകിട കര്‍ഷകരെ സര്‍ക്കാറി​െൻറ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കെ. കരുണാകരന്‍ സ്മാരക സമിതി നിയോജക മണ്ഡലം എക്സിക്യൂട്ടിവ് യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സമിതി ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്‍കി. നിര്‍മാണ മേഖലയിലെ സ്തംഭനാവസ്ഥയും കെട്ടിട നിര്‍മാണ സാമഗ്രികളുടെ അമിത വിലവര്‍ധനയും നിയന്ത്രിക്കണമെന്ന് യോഗം ചൂണ്ടിക്കാട്ടി. നിയോജക മണ്ഡലം പ്രസിഡൻറ് പി.വി. ലാലു അധ്യക്ഷത വഹിച്ചു. ഷൈബി പാപ്പച്ചന്‍, കെ.സി. തോമസ്, കെ.ടി. തങ്കപ്പന്‍, എ.കെ. സുരേന്ദ്രന്‍, ബിനു മഞ്ഞളി, ജോയി കോട്ടയ്ക്ക എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.