അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ വജ്രജൂബിലി സമ്മേളനത്തിന് നാളെ തുടക്കം

കൊച്ചി: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ.എ.ടി.എഫ്) വജ്രജൂബിലി സമ്മേളനത്തിന് നാളെ തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി എറണാകുളം ടൗണ്‍ഹാളില്‍ 'സംഘശക്തി സുരക്ഷിത സേവനം' എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് വൈജ്ഞാനിക സാംസ്‌കാരിക ഭാഷാസമ്മേളനങ്ങളും മാധ്യമ സെമിനാറും അധ്യാപക ശക്തി പ്രകടനവും പൊതുസമ്മേളനവും നടക്കും. നാളെ രാവിലെ 10ന് കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡൻറ് എ.മുഹമ്മദ് സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തുന്നതോടെ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമാകും. 11 മണിക്ക് പ്രതിനിധി സമ്മേളനം വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അറബിക് ഭാഷയുടെ പ്രാധാന്യം പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ സമ്മേളന നഗരിയില്‍ ഒരുക്കുന്ന എക്‌സ്‌പോയുടെ ഉദ്ഘാടനം ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ നിര്‍വഹിക്കും. ഉച്ചക്ക് രണ്ടിന് പൊതുവിദ്യാഭ്യാസ സംരക്ഷണവും മാധ്യമങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന മാധ്യമ സെമിനാര്‍ ഡോ.സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്യും. ഒമ്പതിന് രാവിലെ പത്തുമണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ അധ്യക്ഷനായിരിക്കും. പി.പി. തങ്കച്ചന്‍ സുവനീര്‍ പ്രകാശനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന തലമുറ സമ്മേളനവും എന്‍.കെ. അനുസ്മരണവും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 3.30ന് നടക്കുന്ന ഭാഷ സമ്മേളനം ഡോ.കുഞ്ഞ് മുഹമ്മദ് പുലവത്ത് ഉദ്ഘാടനം ചെയ്യും.ഡോ.എ.സഫീറുദ്ദീ ന്‍, പ്രഫ.കെ.സലാഹുദ്ദീന്‍,ഡോ.ഹുസൈന്‍ മടവൂര്‍, ഓണമ്പള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ പ്രസംഗിക്കും. രാത്രി എട്ടിന് നടക്കുന്ന സര്‍ഗ വിരുന്ന് സംവിധായകന്‍ സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. പത്തിന് രാവിലെ നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ന്യൂനപക്ഷ അവകാശ സമ്മേളനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ കെ.എ.ടി.എഫ് ഭാരവാഹികളായ സി. അബ്ദുല്‍ അസീസ്, എന്‍.എ. സലീം ഫാറൂഖി, കെ.യു. അബ്ദുല്‍ റഹീം എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.