ഇതിഹാസ സമാനം ഹൈന്ദവ വിശ്വാസം

കേരളത്തിലെ 108 ശിവാലയങ്ങളിൽ ഒന്നാണ് കോതമംഗലം നഗരപ്രദേശത്തെ തൃക്കാരിയൂർ മഹാദേവ ക്ഷേത്രം. സർവരോഗനിവാരകനായ വൈദ്യനാഥനായാണ് ഇവിടെ ശിവപ്രതിഷ്ഠ. മറ്റ് ക്ഷേത്രങ്ങളിൽനിന്ന് വ്യത്യസ്തമായി തൃക്കാരിയൂരിൽ നക്ഷത്രമനുസരിച്ചല്ല ഉത്സവം. മീനമാസം ഒന്നിന് കൊടിയേറി പത്തിന് ആറാട്ടോടെ അവസാനിക്കുന്ന ഉത്സവമാണ് ഇവിടെയുള്ളത്. ഇരുപത്തിയൊന്ന് വട്ടം ക്ഷത്രിയകുലത്തെ മുടിച്ച മഹാപാപത്തിൽനിന്ന് മുക്തിനേടാൻ പരശുരാമൻ തനിക്ക് ലഭിച്ച ഭൂമിയെല്ലാം ബ്രാഹ്മണർക്ക് ദാനം ചെയ്തു. എന്നാൽ, അവരിൽ ചിലർ അത് സ്വീകരിക്കാൻ തയാറായില്ല. തുടർന്ന് അദ്ദേഹം വരുണദേവനിൽനിന്ന് അനുമതി വാങ്ങി സ്വന്തം മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചു. ബാക്കിയുള്ള ബ്രാഹ്മണരെ അദ്ദേഹം കേരളത്തിലേക്ക് ക്ഷണിച്ചു. തുടർന്ന് അവരെ 64 ഗ്രാമങ്ങളിലായി താമസിപ്പിച്ച അദ്ദേഹം അവർക്ക് ആരാധന നടത്താൻ 108 ശിവക്ഷേത്രങ്ങളും 108 ദുർഗാക്ഷേത്രങ്ങളും അഞ്ച് ശാസ്താക്ഷേത്രങ്ങളും ഏതാനും വിഷ്ണുക്ഷേത്രങ്ങളും നിർമിച്ചുകൊടുത്തു. അവയിൽ അവസാനം നിർമിച്ചതാണ് തൃക്കാരിയൂർ മഹാദേവ ക്ഷേത്രമെന്നും അവിടെ പ്രതിഷ്ഠ നടത്തിയശേഷം അദ്ദേഹം അന്തർധാനം ചെയ്തുവെന്നാണ് വിശ്വാസം. വിനോദസഞ്ചാര കേന്ദ്രമായ ഭൂതത്താൻകെട്ട് തൃക്കാരിയൂർ ക്ഷേത്രത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലെയാണ്. അവിടവുമായി ഈ ക്ഷേത്രത്തെ ബന്ധിപ്പിക്കുന്ന ഒരു ഐതീഹ്യം ഇങ്ങനെയാണ്. തൃക്കാരിയൂർ ക്ഷേത്ര സ്ഥാപനത്തിനുശേഷം ശിവചൈതന്യം അത്യന്തം വർധിച്ചു. ഇത് ഭൂതത്താന്മാരെ അസ്വസ്ഥരാക്കി. ആ ഗ്രാമത്തെ നശിപ്പിക്കാൻ അവർ പദ്ധതിയിട്ടു. രാത്രി രഹസ്യമായി അടുത്തുള്ള പുഴയിൽ അണകെട്ടുക. സൂര്യോദയത്തിനുമുമ്പ് പണി തീർക്കണം. അങ്ങനെ വരുമ്പോൾ ഗ്രാമവും ക്ഷേത്രവും നശിച്ചുപോകും. അങ്ങനെ അവർ അണകെട്ടാൻ തുടങ്ങി. ഭക്തവത്സലനായ തൃക്കാരിയൂരപ്പൻ (ശിവൻ) സംഭവം മണത്തറിഞ്ഞു. പാതിരാത്രി അണക്കെട്ടുപണി തകൃതിയായി നടക്കുമ്പോൾ പൂവൻകോഴിയായി വേഷം മാറി കൂവി. നേരം പുലർന്നുവെന്ന് വിചാരിച്ച് ഭൂതത്താന്മാർ പണി പാതിവഴിയിൽ അവസാനിപ്പിച്ച് സ്ഥലംവിട്ടു. അങ്ങനെ തൃക്കാരിയൂർ ഗ്രാമം സർവനാശത്തിൽനിന്ന് രക്ഷപ്പെട്ടു. ഭൂതത്താന്മാർ പണികഴിപ്പിക്കാൻ വിചാരിച്ച ആ അണക്കെട്ടാണ് പിൽക്കാലത്ത് 'ഭൂതത്താൻകെട്ട്' എന്ന് അറിയപ്പെട്ടത്. നാലേക്കറോളം വരുന്ന വലിയ ക്ഷേത്രമതിൽക്കകമാണ് തൃക്കാരിയൂർ മഹാദേവക്ഷേത്രത്തിനുള്ളത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. വനദുർഗ ക്ഷേത്രമായ പെരുമ്പാവൂരിലെ ഇരിങ്ങോൾ കാവ് വിനോദസഞ്ചാരികളുെടയും പ്രകൃതിസ്നേഹികളുടെയും ആകർഷണ കേന്ദ്രമാണ്. നഗരമധ്യത്തിലെ ഇൗ ക്ഷേത്രഭൂമിയിലെ വനസമ്പത്ത് അപൂർവമായ ജൈവവൈവിധ്യത്തി​െൻറ കലവറയാണ്. മുമ്പ് ക്ഷേത്ര നടത്തിപ്പി​െൻറ ചുമതല 28 ബ്രാഹ്മണ കുടുംബങ്ങൾക്കായിരുന്നു. പട്ടശ്ശേരി, ഓരോഴിയം, നാഗഞ്ചേരി എന്നിവ ഇതിൽപെടുന്നു. അവസാനം നാഗഞ്ചേരി മനയുടെ അധീനതയിലായിരുന്ന ക്ഷേത്രം 1945​െൻറ അവസാനത്തോടെ സർ സി.പി. രാമസ്വാമി അയ്യരുടെ ഭരണകാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറി. 1986ൽ ജ്യോതിശാസ്ത്ര പണ്ഡിതൻ കൈമുക്ക്‌ പരമേശ്വരൻ നമ്പൂതിരി ക്ഷേത്രത്തിന് 2746 കൊല്ലത്തോളം പഴക്കമുണ്ടെന്ന് കണക്കുകൂട്ടുകയുണ്ടായി. അതേസമയം, പൂജാദി ചടങ്ങുകൾക്കും മറ്റും 1200 കൊല്ലത്തി​െൻറ പഴക്കമേ ഉള്ളൂവെന്ന് കരുതപ്പെടുന്നു. പെരുമ്പാവൂരിലെ പ്രധാന ക്ഷേത്രമായ ശ്രീധർമശാസ്ത േക്ഷത്രത്തിന് പന്തളം രാജകൊട്ടാരവുമായി ബന്ധപ്പെട്ട െഎതീഹ്യങ്ങളുണ്ട്. ഞാളൂർ കോട്ടയിലെ കർത്താക്കന്മാരുടെ വകയായിരുന്ന പെരുമ്പാവൂർ പ്രദേശം പണ്ട് പാഴ്ഭൂമിയായിരുന്നുവേത്ര. ശബരിമല ശ്രീഅയ്യപ്പൻ പന്തളം രാജാവി​െൻറ വളർത്തുമകനായിരുന്ന കാലം. അയ്യപ്പൻ ഞാളൂർ കർത്താവിനെ കണ്ട് പ്രദേശമാകെ വിളനിലമാക്കാമെന്ന് ഏറ്റു. നാട്ടുകാരുടെ സഹായത്താൽ പാഴ്ഭൂമിയായിരുന്ന പ്രദേശത്തെ 'പെരുംപാഴ് ഉൗരി'നെ വിളനിലമാക്കിയെന്നും അങ്ങനെയാണ് പെരുമ്പാവൂർ എന്ന പ്രദേശം രൂപപ്പെട്ടതെന്നുമുള്ള വിശ്വാസം ശക്തമാണ്. പെരുമ്പാവൂർ നഗരമധ്യത്തിലെ ആൽപാറ കാവും കുഴിപ്പിള്ളിക്കാവും ഭക്തജനത്തിരക്കുള്ള ദേവാലയങ്ങളാണ്. പെരുമ്പാവൂരിന് അടുത്തുള്ള കുറുപ്പംപടിയിലെ കൂട്ടുമഠം സുബ്രഹ്മണ്യ ക്ഷേത്രവും കൂവപ്പടി തോട്ടുവയിെല ധന്വന്തരി ക്ഷേത്രവും ഒക്കലിലെയും ചേലാമറ്റെത്തയും ശ്രീകൃഷ്ണ ക്ഷേത്രങ്ങളും ചേരാനല്ലൂരിലെ ശങ്കരനാരായണ ക്ഷേത്രവും പ്രശസ്തങ്ങളാണ്. ആലുവ താലൂക്കിലെ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ സദാശിവനെ കിഴക്കുഭാഗത്തേക്കും ശ്രീപാർവതിയെ പടിഞ്ഞാറു ഭാഗത്തേക്കും ദർശനമായി ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ധനുമാസത്തിൽ തിരുവാതിര നാൾ മുതൽ 12 ദിവസം മാത്രേമ ശ്രീപാർവതിയുടെ നട തുറക്കുകയുള്ളൂ. അതുകൊണ്ട് ദേവിയെ ദർശിക്കാൻ എത്തുന്ന ഭക്തരുടെ വൻ തിരക്കാണ് ഇവിടെ. ആലുവ ശിവരാത്രി മണപ്പുറത്തെ ശിവക്ഷേത്രത്തിലെ വിഗ്രഹം സ്വയംഭൂവാണെന്നാണ് വിശ്വാസം. അധികം ദൂരെയല്ലാതെയുള്ള ഉളിയന്നൂർ ക്ഷേത്രവും ലോകപ്രശസ്തമാണ്. കേരള തനിമയിൽ പെരുന്തച്ചൻ നിർമിച്ച ഇവിടത്തെ വർത്തുളാകൃതിയിലുള്ള ശ്രീകോവിൽ വളരെ വിസ്തൃതിയുള്ളതാണ്. ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ശിവനും പടിഞ്ഞാറോട്ട് ദർശനമായി പാർവതിയും ദർശനം നൽകുന്നു. അർധനാരീശ്വരസങ്കൽപമാണ് ഇതി​െൻറ പിന്നിൽ. ആറടി ഉയരം വരുന്ന ഇവിടത്തെ ശിവലിംഗവും സ്വയംഭൂവാണ്. പരശുരാമൻ ദ്വാപരയുഗത്തിൽ ധ്യാനത്തിലൂടെ ശിവനെയും പാർവതിയെയും പ്രത്യക്ഷപ്പെടുത്തി അവരെ ശക്തിപഞ്ചാക്ഷരി ധ്യാനരൂപത്തിൽ സ്വയംഭൂവായി കുടിയിരുത്തി എന്ന് ഐതീഹ്യം. അത്യുഗ്രമൂർത്തിയായ മഹാദേവ​െൻറ കോപം ശമിപ്പിക്കാൻ പെരിയാർ കിഴക്കേ നടയിലൂടെ ഒഴുകിപ്പോകുന്നതെന്നാണ് വിശ്വാസം. ഘനശ്യാം കൃഷ്ണൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.