മെഡൽ നേട്ടത്തോടെ പീറ്റർ ജോസഫ്​ വിടവാങ്ങി; 41 വർഷത്തെ കായിക ജീവിതത്തിൽ നിന്ന്​

കൊച്ചി: 57ാം വയസ്സിൽ ലോക ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി പീറ്റർ ജോസഫ് 41 വർഷത്തെ കായിക ജീവിതത്തിന് വിരാമമിടുന്നു. ഏഥൻസിൽ 18,19 തീയതികളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഓപൺ കാറ്റഗറിയിലാണ് പീറ്റർ മത്സരിച്ചത്. പീറ്ററിന് കേരള ബോഡി ബിൽഡിങ് അസോസിയേഷൻ കൊച്ചിയിൽ സ്വീകരണം നൽകി. കേരളത്തിൽനിന്ന് ഈ മേഖലയിൽ അന്താരാഷ്ട്ര നേട്ടം കൈവരിക്കുന്ന ആദ്യ വ്യക്തിയാണ് ആലുവ സ്വദേശിയായ പീറ്ററെന്ന് ഭാരവാഹികൾ പറഞ്ഞു. വെയ്റ്റ് ലിഫ്റ്റിങ്ങിലൂടെയാണ് പീറ്ററി​െൻറ കായിക ജീവിതം തുടങ്ങുന്നത്. 22ാമത്തെ വയസ്സിൽ 56 കിലോ വിഭാഗത്തിൽ ദേശീയ ചാമ്പ്യനായി. 40ാം വയസ്സിൽ ബോഡി ബിൽഡിങ്ങിലേക്ക് തിരിഞ്ഞു. രണ്ടു വർഷത്തിനുശേഷം മിസ്റ്റർ കേരളയായി. 50ാം വയസ്സിൽ മിസ്റ്റർ ഇന്ത്യയുമായി. 2012ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി. റെയിൽവേയിൽ അക്കൗണ്ടൻറായിരുന്ന പീറ്റർ വി.ആർ.എസ് എടുത്തശേഷമാണ് കായികരംഗത്ത് ശ്രദ്ധ പതിപ്പിച്ചത്. ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് കുടുംബം. ജിമ്മുകളിൽപോയി മസിൽ വീർപ്പിക്കുന്നതിനുപകരം ജീവിത ശൈലിയാണ് ബോഡി ബിൽഡിങ്ങെന്ന് പീറ്റർ പറഞ്ഞു. പ്രോട്ടീനും സ്റ്റിറോയിഡും ഉപയോഗിക്കുന്നത് സംബന്ധിച്ച ചില തെറ്റിദ്ധാരണകളുണ്ട്. അവ മാറണം. വ്യായാമത്തിലൂടെ ശരീരത്തെ ഊർജസ്വലമാക്കിയാൽ പല രോഗങ്ങളും ബാധിക്കില്ല. അര മണിക്കൂർ ജിമ്മിൽ ചെലവഴിച്ചാൽ വലിയ മാറ്റങ്ങൾ ശരീരത്തിലുണ്ടാകും. പക്ഷേ പ്രഫഷനൽ രംഗത്ത് നിൽക്കാൻ ചിട്ടയായ ഭക്ഷണവും ക്രമവും ഫുഡ് സപ്ലിമ​െൻറുകളുമൊക്കെയായി വളരെ ചെലവുണ്ട്. ആരോഗ്യ സംരക്ഷണത്തിനുവേണ്ട കാര്യങ്ങൾ പൊതുസമൂഹത്തിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾക്കായി സമയം ചെലവിടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.ബോഡി ബില്‍ഡിങ് അസോസിയേഷന്‍ സെക്രട്ടറി എം. പണിക്കർ, ജില്ല ഭാരവാഹികളായ വി.ഡി. സുനില്‍ദാസ്, വി.എസ്. ഷിഹാബ് എന്നിവരും പെങ്കടുത്തു. പീറ്റർ ജോസഫിന് നൽകിയ സ്വീകരണത്തിൽ ബോഡി ബില്‍ഡിങ് അസോസിയേഷന്‍ സെക്രട്ടറി എം. പണിക്കർ സംസാരിക്കുന്നുഫ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.