രണ്ടു മണിക്കൂർ തടഞ്ഞുവെച്ച മജിസ്ട്രേറ്റിനെതിരെ ഹൈകോടതിക്ക്​ പൊലീസുകാര​െൻറ പരാതി

കൊച്ചി: ഉപരാഷ്്ട്രപതിയുടെ വാഹനവ്യൂഹത്തിന് കടന്നുപോകാൻ ഗതാഗതം തടഞ്ഞപ്പോൾ മജിസ്ട്രേറ്റിനെ കടത്തിവിട്ടില്ലെന്നാരോപിച്ച് കോടതിയിൽ രണ്ട് മണിക്കൂർ നിർത്തിയെന്ന് വ്യക്തമാക്കി ഹൈകോടതി രജിസ്ട്രാർക്ക് പൊലീസുകാര​െൻറ പരാതി. കെ.എ.പി ഒന്നാം ബറ്റാലിയനിലെ ഹവീൽദാർ എ.പി. അജേഷാണ് കമാൻഡൻറ് മുഖാന്തരം പരാതി നൽകിയത്. നവംബർ 22 ന് ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹം കടന്നു പോകുന്ന സമയത്തെ ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട േജാലി നിർവഹിക്കവേയാണ് സംഭവമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പാർക്ക് അവന്യൂ റോഡിലൂടെ താജ് ഗേറ്റ് വേ ഹോട്ടലിലെ ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോൾ അജേഷിന് ജില്ല കോടതി സമുച്ചയത്തിന് മുന്നിലെ സബ് കോടതി ഗേറ്റിലായിരുന്നു ഡ്യൂട്ടി. കോടതി വളപ്പിൽ നിന്ന് വാഹനങ്ങൾ റോഡിലേക്ക് ഇറങ്ങാതിരിക്കാൻ വടം കെട്ടി തടഞ്ഞിരുന്നു. ഈ സമയം ഒരു വനിതയെത്തി അകത്തേക്ക് കടന്നുപോകാൻ വടം അഴിക്കാൻ നിർദേശിച്ചു. എന്നാൽ, വി.വി.ഐ.പി സുരക്ഷയ്ക്കാണ് ഇങ്ങനെ കെട്ടിയതെന്ന് അവരോട് പറഞ്ഞു. തുടർന്ന് മജിസ്ട്രേറ്റാണെന്ന് പറഞ്ഞപ്പോൾ വടം ഉയർത്തി കടന്നുപോകാൻ വഴിയൊരുക്കി. എന്നാൽ, മജിസ്ട്രേറ്റ് പോകാൻ തയാറായില്ല. വടം അഴിച്ചാൽ കോടതി വളപ്പിൽ നിന്നുള്ള വാഹനങ്ങൾ മെയിൻ റോഡിലേക്ക് പ്രവേശിക്കുമായിരുന്നെന്നും ഇത് വി.വി.ഐ.പി സുരക്ഷയെ ബാധിക്കുമെന്നും പരാതിയിൽ പറയുന്നു. ഉപരാഷ്ട്രപതി പോയശേഷം വടം അഴിച്ചുമാറ്റി മജിസ്ട്രേറ്റിനെ കടത്തി വിട്ടതായും പരാതിയിൽ പറയുന്നു. പിന്നീട് കോടതി ജീവനക്കാരൻ അറിയിച്ചതനുസരിച്ച് മജിസ്ട്രേറ്റിന് മുന്നിൽ എത്തിയ തന്നെ രണ്ട് മണിക്കൂർ കോടതിക്കുള്ളിൽ നിർത്തി. പിന്നീട് സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി എത്തി മജിസ്ട്രേറ്റിന് മുന്നിൽ എത്തിച്ചു. തുടർന്ന് തന്നെ തടഞ്ഞത് ശരിയായില്ലെന്നും മാപ്പാക്കുന്നുവെന്നും പറഞ്ഞ് വിട്ടയച്ചതായും പരാതിയിൽ പറയുന്നു. മേലുദ്യോഗസ്ഥരുടെ നിർദേശാനുസരണം ഉപരാഷ്ട്രപതിയുടെ സുരക്ഷ മുൻനിർത്തി ഡ്യൂട്ടി ചെയ്തതിന് കോടതിയിൽ രണ്ട് മണിക്കൂർ നിർത്തിയത് മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിച്ചതായും പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.