ആനയിടഞ്ഞത്​ പരിഭ്രാന്തി സൃഷ്​ടിച്ചു

തൃപ്പൂണിത്തുറ: പൂർണത്രയീശ ക്ഷേത്രത്തിൽ ചെറിയവിളക്ക് ഉത്സവമായ വ്യാഴാഴ്ച പ്രഭാത ശീവേലി എഴുന്നള്ളിപ്പിനിടെ തിടമ്പേറ്റിയ കോലവുമായി ആനയിടഞ്ഞത് പരിഭ്രാന്തി പരത്തി. പ്രഭാത ശീവേലിക്കായി മറ്റ് രണ്ട് ആനകൾക്കൊപ്പം തിടമ്പേറ്റിയ കോലവുമായി നിന്ന 'നന്ദിലേത്ത് ഗോപാലകൃഷ്ണൻ' എന്ന ആനയാണ് ഇടഞ്ഞ് കിഴേക്ക ക്ഷേത്രഗോപുരം കടന്ന് പുറത്ത് റോഡിലേക്ക് ഇറങ്ങിയത്. കിഴേക്ക നടയിലെ ആൽത്തറയും കടന്ന് മണിമാളികക്ക് മുന്നിലെത്തിയ ആന സ്റ്റാച്യൂ ഭാഗത്തേക്ക് പോകാൻ തുടങ്ങിയെങ്കിലും മറ്റ് ആനകളുടെ പാപ്പാന്മാർ ഉൾപ്പെടെയുള്ളവർ ചേർന്ന് ആനയെ തടഞ്ഞുനിർത്തുകയായിരുന്നു. ആന കൂടുതൽ പ്രകോപനമൊന്നും ഉണ്ടാക്കാതിരുന്നതിനാൽ അപായമുണ്ടായില്ല. വ്യാഴാഴ്ച ഭക്തജനത്തിരക്ക് പതിവിലും കൂടുതലുള്ള ദിവസമാണ്. ദർശനത്തിനും ശീവേലി കാണാനുമായി ക്ഷേത്രാങ്കണം നിറയെ ഭക്തജനങ്ങൾ ഉള്ളപ്പോഴാണ് ആനയിടഞ്ഞത്. ജനങ്ങൾ നാലുപാടും ഓടിയെങ്കിലും ആർക്കും പരിക്കില്ല. കോലവുമായി ക്ഷേത്രത്തിന് പുറത്തേക്ക് ഓടിയ ആനയെ സ്ഥലത്തുണ്ടായിരുന്ന വെറ്ററിനറി ഡോക്ടർ തരക​െൻറ നേതൃത്വത്തിൽ പരിശോധിച്ചെങ്കിലും മദപ്പാടി​െൻറ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല. എഴുന്നള്ളിപ്പിന് ആനയെ ഇരുത്തിയശേഷമാണ് തിടമ്പേറ്റിയ കോലം ആനപ്പുറത്ത് കയറ്റുന്നത്. തുടർന്ന് ആനയെ വീണ്ടും എഴുന്നേൽപിച്ച് നിർത്തിയപ്പോഴുണ്ടായ എന്തോ ഭയപ്പാടായിരിക്കാം ആന ഗോപുരം കടന്ന് റോഡിലേക്കിറങ്ങാൻ ഇടയാക്കിയതെന്നാണ് കരുതുന്നത്. ആനയിടഞ്ഞതോടെ ക്ഷേത്രമതിൽക്കെട്ടിനകത്ത് ഉണ്ടായിരുന്ന മുഴുവൻ ആളുകളെയും ഒഴിപ്പിച്ചു. ഈ സമയമത്രയും തിടമ്പും കോലവും പിടിച്ച് കീഴ്ശാന്തി അവരോധം ദിനേശൻ എമ്പ്രാന്തിരി ആനപ്പുറത്തുണ്ടായിരുന്നു. ആനയെ തിരികെ ക്ഷേത്രത്തിലെത്തിച്ചശേഷം തിടമ്പും കോലവും താഴെയിറക്കി. വൈകാതെതന്നെ ഇടഞ്ഞ ആനയെ ലോറിയിൽ കയറ്റി തൃശൂരിലേക്ക് കൊണ്ടുപോയി. ആനയിടഞ്ഞതിനെ തുടർന്ന് വൈകിയ ശീവേലി എഴുന്നള്ളിപ്പ് പിന്നീട് 10.30ഓടെയാണ് മധുരപ്പുറം കർണൻ എന്ന ആനയുടെ പുറത്ത് തിടമ്പേറ്റി വീണ്ടും തുടങ്ങിയത്. ബുധനാഴ്ച സേവാസംഘത്തി​െൻറ ശ്രീഹരി എന്ന ആനയും കുളിപ്പിക്കാൻ കൊണ്ടുപോകുന്നതിനിടെ ഇടഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.