പായിപ്ര പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാക്കും

ഉദ്ഘാടനം 26ന് മൂവാറ്റുപുഴ: പായിപ്ര പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തുന്നതിന് നടപടി പൂർത്തിയായി. ഉദ്ഘാടനം 26ന് വൈകീട്ട് നാലിന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിര്‍വഹിക്കും. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും. ഈ വര്‍ഷം ജില്ലയില്‍ 15 കുടുംബാരോഗ്യകേന്ദ്രങ്ങള്‍ അനുവദിച്ചതില്‍ ഉള്‍പ്പെട്ടതാണ് പായിപ്ര പ്രാഥമികാരോഗ്യകേന്ദ്രം. പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ വികസനത്തിന് 2.06 കോടി രൂപ ദേശീയ ആരോഗ്യദൗത്യം അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെ വിവിധ എജന്‍സികളുടെ ഫണ്ടും ഉപയോഗപ്പെടുത്തുന്നുണ്ട്. കുടുംബാരോഗ്യകേന്ദ്രമാകുന്നതോടെ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറുവരെയും ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 1.30 വരെയും ഒ.പി സംവിധാനം ഉണ്ടാകും. ലാബ് സൗകര്യം രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാലുവരെയുണ്ടാകും. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഫാര്‍മസി രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറുവരെയും ഞായറാഴ്ച രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക് 1.30 വരെയും പ്രവര്‍ത്തിക്കും. ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ വീടുകളില്‍ പോയി ചികിത്സ ലഭ്യമാക്കും. വാര്‍ഷിക കുടുംബാരോഗ്യ സര്‍വേ പൂര്‍ത്തിയാക്കിയതിനുശേഷം ജനങ്ങള്‍ക്ക് നല്‍കേണ്ട ആരോഗ്യസേവനങ്ങളുടെ പദ്ധതികള്‍ ആസൂത്രണം ചെയ്യും. ഇതിന് ഇ--ഹെല്‍ത്ത് വിവരസങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തും. കുടുംബാരോഗ്യ രജിസ്റ്ററില്‍ രേഖപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ വ്യക്തിക്കും നല്‍കേണ്ട ആരോഗ്യസേവനങ്ങളനുസരിച്ചാണ് പദ്ധതികള്‍ തയാറാക്കുക. രജിസ്റ്റര്‍ ഓരോ വര്‍ഷവും പുതുക്കും. ഉദ്ഘാടന പരിപാടിയുടെ സംഘാടകസമിതി രൂപവത്കരണ യോഗം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ. ഏലിയാസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബര്‍ എന്‍. അരുണ്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പായിപ്ര കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സ്മിത സിജു, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. ഇബ്രാഹിം, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ സുറുമി ഉമ്മര്‍, മുന്‍പഞ്ചായത്ത് പ്രസിഡൻറുമാരായ പി.എ. ബഷീര്‍, മാത്യൂസ് വര്‍ക്കി, ഒ.കെ. മോഹനന്‍, പഞ്ചായത്ത് മെംബര്‍മാരായ അശ്വതി ശ്രീജിത്ത്, വി.എച്ച്. ഷഫീഖ്, എം.സി. വിനയന്‍, വിവിധ കക്ഷിനേതാക്കളായ ആര്‍. സുകുമാരന്‍, കെ.കെ. ഉമ്മര്‍, വി.എം. നവാസ്, വി.ഇ. നാസര്‍, മെഡിക്കല്‍ ഓഫിസര്‍ ധന്യ, പി.ആര്‍.ഒ താര ആര്‍. നമ്പൂതിരി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബേബി എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാനായി ആലീസ് കെ. ഏലിയാസിനെയും കണ്‍വീനറായി ആര്‍. സുകുമാരനെയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.