സി.പി.​െഎ ചേർത്തല മണ്ഡലം കമ്മിറ്റി കെട്ടിടം വിവാദത്തിൽ

ചേര്‍ത്തല-: സി.പി.ഐ ചേര്‍ത്തല മണ്ഡലം കമ്മിറ്റി ഓഫിസായ സി.കെ. കുമാരപ്പണിക്കര്‍ സ്മാരക മന്ദിരം ചട്ടവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണം. നഗരസഭ ഗാന്ധി ബസാറിന് സമീപം പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടമാണ് വിവാദത്തിലായത്. 2003ല്‍ നിര്‍മാണം തുടങ്ങി 2006ല്‍ ഉദ്ഘാടനം നടത്തിയ മന്ദിരം നഗരസഭയുടെ കെട്ടിട നമ്പറില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. വാണിജ്യ സമുച്ചയമെന്ന് സൂചിപ്പിച്ച് നഗരസഭയില്‍നിന്നും നിര്‍മാണത്തിനുള്ള അനുമതി നേടി, നല്‍കിയ പ്ലാനില്‍നിന്നും വ്യത്യസ്തമായി വിസ്താരവും നിലകളും കൂട്ടിയുമാണ് നിർമിച്ചത്. പാര്‍ക്കിങ് സ്ഥലസൗകര്യവും ഇല്ല. നിലവിലെ സ്ഥിതിയില്‍ കെട്ടിടത്തെ അനധികൃത കെട്ടിടമായാണ് കാണുന്നതെന്ന് നഗരസഭ ചെയര്‍മാന്‍ ഐസക് മാടവന പറഞ്ഞു. സി.പി.ഐ കെട്ടിട നമ്പരിനായി നേരേത്ത അപേക്ഷിച്ചിട്ടില്ല. നിര്‍മാണ ഘട്ടത്തില്‍ നല്‍കിയ പ്ലാനില്‍നിന്ന് വ്യത്യസ്തമാണ് ഇപ്പോഴുള്ള കെട്ടിടം. ഇക്കാര്യത്തില്‍ നിയമപരമായ നടപടിക്രമങ്ങളുമായി നഗരസഭ മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഓഫിസ് നിർമിച്ചത് സ്വന്തമായി വാങ്ങിയ ഭൂമിയില്‍ നിയമ വിധേയമായാണെന്ന് സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി എന്‍.എസ്. ശിവപ്രസാദ് പറഞ്ഞു. കായല്‍ നികത്തിയോ നിലം നികത്തിയോ പൊതുസ്ഥലം കൈയേറിയോ സി.പി.ഐ മന്ദിരം നിര്‍മിച്ചിട്ടില്ല. നഗരസഭ ചെയര്‍മാന്‍ പറഞ്ഞത് തെറ്റിദ്ധാരണ പരത്തുംവിധമാണ്. തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.ഐ കൈക്കൊണ്ട നിലപാടില്‍ ബുദ്ധിമുട്ടുണ്ടായ ആരോ ആണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സി.പി.എം ആണോ വിവാദമുണ്ടാക്കിയതെന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു മറുപടി. കെട്ടിടം നിര്‍മാണത്തില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചത് ശരിയാണ്. പ്ലാനില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടായി, പാര്‍ക്കിങ്ങിന് സ്ഥലമില്ല എന്നിവയാണത്. ഇതിന് നിയമപരമായി പരിഹാരമാര്‍ഗങ്ങൾ നടപ്പാക്കാന്‍ പല തവണ നഗരസഭയെ സമീപിച്ചതാണ്. നിർമാണഘട്ടത്തില്‍ നല്‍കിയ താല്‍ക്കാലിക നമ്പറിലാണ് കെട്ടിടത്തിലേക്ക് വൈദ്യുതി കണക്ഷൻ എടുത്തത്. 2010 വരെ താൽക്കാലിക നികുതിയും നല്‍കിയിട്ടുണ്ട്. 2007ല്‍ ചേര്‍ത്തല നഗരത്തിലെ അനധികൃത നിർമാണത്തെക്കുറിച്ച പരാതിയില്‍ ഓംബുഡ്സ്മാന്‍ ഈ കെട്ടിടവും പരിശോധിച്ചിരുന്നു. നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടം ക്രമവത്കരിച്ച് പാര്‍ക്കിങ്ങിനുള്ള സ്ഥലം ദീര്‍ഘകാല പാട്ടവ്യവസ്ഥയില്‍ നഗരസഭ നല്‍കാനും ഉത്തരവായി. എന്നാല്‍, ഈ ഉത്തരവ് നടപ്പാക്കി പാര്‍ട്ടി ഓഫിസ് മന്ദിരത്തിന് നമ്പർ നല്‍കണമെന്നും പാര്‍ക്കിങ് സ്ഥലം അനുവദിച്ചുതരണമെന്നും ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ട് ഏറെയായി. നടപടി സ്വീകരിക്കാതെ രാഷ്ട്രീയ പകപോക്കലാണ് നഗരസഭ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആരോപണം സി.പി.െഎ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് നിഷേധിച്ചു. ഏതുതരത്തിലുള്ള അന്വേഷണവുമാകാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വിഷയത്തിൽ അന്വേഷണം വേണമെന്ന് സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.