താമരക്കുളത്ത് രണ്ട്​ ക്ഷേത്രങ്ങളിൽ മോഷണം

ചാരുംമൂട്: താമരക്കുളത്ത് രണ്ട് ക്ഷേത്രങ്ങളുടെ ഓഫിസ് മുറിയും സ്റ്റോർ റൂമും കുത്തിത്തുറന്ന് കവർച്ച. ഒന്നരലക്ഷം രൂപയും പത്തരപ്പവൻ സ്വർണവും അപഹരിച്ചു. താമരക്കുളം ചത്തിയറ മുതിരക്കാല ക്ഷേത്രം, വേടരപ്ലാവ് ചെറ്റാരിക്കൽ ക്ഷേത്രം എന്നിവിടങ്ങളിലായിരുന്നു മോഷണം. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. മുതിരക്കാല ക്ഷേത്രത്തിനുള്ളിൽ കയറിയ മോഷ്ടാക്കൾ ഓഫിസ് റൂമും സ്റ്റോർ റൂമും കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ഓഫിസ് മുറിയിലെ മേശയുടെ പൂട്ട് തകർത്തശേഷം ബാഗിനുള്ളിൽ സൂക്ഷിച്ച ഒന്നരലക്ഷം രൂപയും പത്തര പവനോളം സ്വർണവും അപഹരിച്ചു. സ്വർണവും പണവും സൂക്ഷിച്ചിരുന്ന ബാഗ് ക്ഷേത്ര പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സമീപവാസിയായ മൈക്ക് ഓപറേറ്റർ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ചെറ്റാരിക്കൽ ക്ഷേത്രത്തിനുള്ളിൽ കയറിയ മോഷ്ടാക്കൾ ഓഫിസ് മുറിയും ഹാളും കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ഇവിടെ ഓഫിസ് മുറിയിലെ മേശയിൽ സൂക്ഷിച്ച 6000 രൂപയാണ് അപഹരിച്ചത്. ഒരു കിലോമീറ്റർ പരിധിയിലാണ് മോഷണം നടന്ന ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നത്‌. ആയതിനാൽ മോഷണം നടത്തിയത് ഒരേ സംഘം തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച ഉച്ചയോടെ ആലപ്പുഴയിൽ നിന്നും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ക്ഷേത്രങ്ങളിലെത്തി തെളിവെടുത്തു. നൂറനാട് പൊലീസ് പരിശോധന നടത്തി കേസെടുത്തു. കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍ മാവേലിക്കര: മാല പൊട്ടിക്കലും വാഹന മോഷണവും നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് മാവേലിക്കര പൊലീസി​െൻറ പിടിയിലായി. പത്തനംതിട്ട റാന്നി കള്ളിക്കാട്ട് ബിനു തോമസാണ് (26) പിടിയിലായത്. കല്ലുമല മഠത്തില്‍ മൂലയില്‍ ഡേവിഡി​െൻറ മോട്ടോര്‍ ബൈക്ക് മോഷ്ടിച്ച് നഗരത്തിലെ ലോഡ്ജില്‍ താമസിച്ച ബിനുവിനെക്കുറിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കൊല്ലം ശൂരനാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ റോഡിലൂടെ പോയ വീട്ടമ്മയുടെ ആറര പവ​െൻറ മാല അപഹരിച്ച കേസിലെ പ്രതിയാണ് ബിനുവെന്ന് പൊലീസ് പറഞ്ഞു. മാവേലിക്കര സ്വദേശിയുടെ ഓട്ടോറിക്ഷയിലാണ് ബിനു ശൂരനാട്ട് മോഷണത്തിനായി പോയത്. മാല പൊട്ടിച്ച ശേഷം ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടതിനാല്‍ ബിനുവിനെ പിടികൂടാന്‍ പൊലീസിനായില്ല. എന്നാല്‍, ശൂരനാട് പൊലീസിന് ലഭിച്ച കാമറ ദൃശ്യങ്ങളില്‍നിന്നും ഓട്ടോറിക്ഷയുടെ നമ്പര്‍ കണ്ടെത്തി ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ശൂരനാെട്ട മോഷണത്തിനുശേഷം മാവേലിക്കരയില്‍നിന്നും രക്ഷപ്പെട്ട ബിനു കഴിഞ്ഞദിവസം ലോഡ്ജിലെത്തി മുറിയെടുത്തു. സഹപ്രവര്‍ത്തകനെ കുരുക്കിലാക്കിയ ബിനുവിനെ തിരിച്ചറിഞ്ഞ മാവേലിക്കരയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ബിനുവിനെ തടഞ്ഞുവെച്ച് പൊലീസില്‍ വിവരമറിയിച്ചു. സംഭവമറിഞ്ഞെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോയിപ്പുറം, റാന്നി, പത്തനംതിട്ട, അടൂര്‍, ആറന്മുള, തിരുവല്ല, ശൂരനാട്, മാവേലിക്കര പൊലീസ് സ്റ്റേഷനുകളില്‍ നിരവധി മോഷണ കേസുകളില്‍ ബിനു പ്രതിയാണെന്ന് സി.ഐ പി. ശ്രീകുമാര്‍, എസ്‌.ഐ എസ്. ശ്രീകുമാര്‍ എന്നിവര്‍ പറഞ്ഞു. പതിനാറാമത്തെ വയസ്സില്‍ മോഷണം ആരംഭിച്ച പ്രതി ഇത് ഹോബിയായാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. ജയിലില്‍നിന്ന് ഇറങ്ങിയാല്‍ മോഷണങ്ങള്‍ നടത്തുകയാണ് സ്ഥിരം പരിപാടിയെന്നും പൊലീസ് സൂചിപ്പിച്ചു. മാവേലിക്കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.