തകഴിയുടെ മനസ്സറിഞ്ഞ സാഹിതീയം അയ്യപ്പക്കുറുപ്പ്​ ഇനി ഒാർമ

അമ്പലപ്പുഴ: ശങ്കരമംഗലത്തെ നിത്യസന്ദർശകനായിരുന്നു തകഴി ശിവശങ്കരപ്പിള്ളയുടെ പ്രിയസുഹൃത്ത് അയ്യപ്പക്കുറുപ്പ്. തകഴിയുടെ സാഹിത്യരചനകൾ പ്രൂഫ് നോക്കി അക്ഷരത്തെറ്റുകൾ തിരുത്തിക്കൊടുക്കുന്ന ജോലി കുറച്ചുകാലം ഉണ്ടായിരുന്നു. അതിനുമുമ്പ് വിവിധ സ്കൂളുകളിൽ മലയാളം അധ്യാപകനായിരുന്നു. മനസ്സുകൊണ്ടും പ്രവൃത്തികൊണ്ടും അയ്യപ്പക്കുറുപ്പ് ശങ്കരമംഗലത്തെ ഒരംഗം പോലെയായിരുന്നു. തകഴിയെയും കാത്തയെയും കാണാൻ ശങ്കരമംഗലത്ത് എത്തിയിരുന്ന പ്രമുഖരുമായി അയ്യപ്പക്കുറുപ്പിനും സ്നേഹബന്ധം ഉണ്ടായിരുന്നു. സുകുമാർ അഴീക്കോടിനെ പോലുള്ളവരുമായി ദീർഘകാലം തകഴി സ്മാരകവുമായി ബന്ധപ്പെട്ട് ആലോചനകളും നടത്തിയിരുന്നു. അതുകൊണ്ടുതന്നെ അയ്യപ്പക്കുറുപ്പി​െൻറ വിയോഗം തകഴി നിവാസികൾക്ക് വേദനിക്കുന്ന ഒാർമയാണ്. ബുധനാഴ്ചയാണ് 87കാരനായ തകഴി അയ്യപ്പക്കുറുപ്പ് നിര്യാതനായത്. തകഴിയുടെ എല്ലാ രചനകളും അദ്ദേഹത്തിന് ഹൃദിസ്ഥമായിരുന്നു. മലയാളം അധ്യാപകനായതിനാൽ കൂടുതൽ ആഴത്തിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. തകഴിയുടെ വിയോഗം സൃഷ്ടിച്ച ശൂന്യത മാറ്റാൻ അദ്ദേഹം സാഹിതീയം എന്ന സാഹിത്യസംഘടന വളർത്തി. അതിൽ മാസംതോറും തകഴി കൃതികളുടെ ചർച്ചയായിരുന്നു പ്രധാനം. ജില്ലക്ക് അകത്തും പുറത്തുമുള്ള നിരവധി യുവ എഴുത്തുകാർക്ക് പ്രോത്സാഹനം നൽകുന്ന വേദിയായിരുന്നു അത്. തകഴിയുടെ പ്രശസ്ത കൃതികൾ ശങ്കരമംഗലത്തെ മുറ്റത്ത് ചർച്ചചെയ്യപ്പെടുന്നത് പതിവായി. തകഴി ഉള്ളപ്പോൾ തന്നെ സാഹിതീയം എന്ന യുവ എഴുത്തുകാരുടെ സംഘടനയുണ്ടായിരുന്നു. അത് നിർജീവമായിരുന്നു. തകഴിയുടെ പേരിൽ ചെറുകഥ അവാർഡ് തുടങ്ങിയതും സാഹിതീയമാണ്. അക്ഷര അക്കാദമി എന്ന പാരലൽ കോളജും നടത്തിയിട്ടുണ്ട്. സാഹിതീയം മാസികയുടെ പത്രാധിപ സ്ഥാനവും അലങ്കരിച്ചു. അയ്യപ്പക്കുറുപ്പും തകഴിയെപ്പോലെ ഒരുകാലത്ത് ആർ.എസ്.പിക്കാരനായിരുന്നു. തകഴി സ്മാരകത്തിന് സർക്കാറിനോട് രേഖാമൂലം ആവശ്യപ്പെട്ടത് അയ്യപ്പകുറുപ്പായിരുന്നു. അത് പൂവണിഞ്ഞപ്പോൾ ഏറെ ആഹ്ലാദിച്ചതും അയ്യപ്പക്കുറുപ്പാണ്. സാംസ്കാരിക-സഹകരണ-പെൻഷൻ സംഘടനകളുടെയും ഭാരവാഹിയായിരുന്നു. ശ്രേഷ്ഠഭാഷ പുരസ്കാരം അടക്കം നിരവധി ബഹുമതി ലഭിച്ചു. ജീവിതത്തി​െൻറ നാനാതുറകളിൽപെട്ട നിരവധി പ്രമുഖർ അദ്ദേഹത്തിന് അന്തിമോപചാരമർപ്പിച്ചു. തകഴിയിൽ അനുസ്മരണ സമ്മേളനവും നടന്നു. റിട്ട. അധ്യാപിക സന്താനവല്ലിയമ്മയാണ് ഭാര്യ. അജിത്, സുഭാഷ്, ഗിരിജ എന്നിവരാണ് മക്കൾ. അജിത, ഗീത, ശ്രീകണ്ഠൻ എന്നിവർ മരുമക്കളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.