കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം നിർമാണം നാളെ ആരംഭിക്കും

കൊച്ചി: കൊച്ചി കപ്പല്‍ നിര്‍മാണശാല 970 കോടി ചെലവിട്ട് നിർമിക്കുന്ന കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രത്തി​െൻറ നിർമാണ പ്രവര്‍ത്തനങ്ങള്‍ വെള്ളിയാഴ്ച ആരംഭിക്കും. രാവിലെ ഒമ്പതിന് കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി ശിലാസ്ഥാപനം നിർവഹിക്കും. ആറ് ട്രാൻസ്ഫർ സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന യാര്‍ഡില്‍ ഒരേ സമയം ഒന്നിലേറെ കപ്പലുകള്‍ ആവശ്യാനുസരണം വെള്ളത്തില്‍ ഇറക്കാനും ഡോക്കില്‍ കയറ്റാനും സാങ്കേതിക സൗകര്യമുണ്ടാകും. അത്യാധുനിക സാങ്കേതിക നിലവാരമുള്ള ജര്‍മന്‍ നിര്‍മിത ഷിപ് ലിഫ്റ്റ് യാര്‍ഡില്‍ സ്ഥാപിക്കും. 150 കോടി രൂപ ചെലവുവരുന്ന ഷിപ് ലിഫ്റ്റിന് 130 മീറ്റര്‍ വരെ നീളവും 6,000 ടണ്‍ വരെ ഭാരവുമുള്ള യാനങ്ങള്‍ ഉയര്‍ത്താന്‍ കഴിയും. വില്ലിങ്ടന്‍ ദ്വീപില്‍ കൊച്ചി പോർട്ട് ട്രസ്റ്റില്‍നിന്ന് പാട്ടത്തിനെടുത്ത് 42 ഏക്കറില്‍ നിര്‍മിക്കുന്ന റിപ്പയര്‍ യാര്‍ഡ് പ്രവർത്തനസജ്ജമാകുന്നതോടെ കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കും നിർമാണങ്ങള്‍ക്കും ആഗോള നിലവാരത്തിലുള്ള സേവനങ്ങള്‍ ലഭ്യമാക്കാൻ കൊച്ചി കപ്പല്‍ ശാലക്ക് കഴിയുമെന്ന് കൊച്ചിന്‍ ഷിപ്യാര്‍ഡ് ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ മധു എസ്. നായര്‍ പറഞ്ഞു. രണ്ടു വര്‍ഷത്തിനകം കൊച്ചി പ്രധാന കപ്പല്‍ അറ്റകുറ്റപ്പണി ഹബ്ബായി മാറുകയും 1500 പേര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങൾ ലഭിക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.