നാറ്റ് ടെസ്​റ്റ് വരില്ല; രക്തദാനത്തിലെ സുരക്ഷിതത്വമില്ലായ്മ തുടരും

യൂനിറ്റ് സ്ഥാപിക്കുന്നതിന് ആവശ്യമായ ഉയർന്ന ചെലവാണ് സർക്കാർ പിന്തിരിയാൻ കാരണം കൊച്ചി: രക്തദാനം നടത്തുമ്പോൾ എച്ച്.ഐ.വി വൈറസ് മുക്തമാണോ എന്ന് പരിശോധിക്കാനുള്ള സുരക്ഷിത മാർഗമായ ന്യൂക്ലിക് ആസിഡ് ടെസ്റ്റ് (നാറ്റ്) ഏർപ്പെടുത്തേണ്ടെന്ന നിലപാടിൽ അധികൃതർ. നിലവിലെ പരിശോധനരീതികൾ തുടരാനാണ് നീക്കം. തിരുവനന്തപുരം റീജനൽ കാൻസർ സ​െൻററിൽ രക്തം സ്വീകരിച്ച പെൺകുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചെന്ന റിപ്പോർട്ടുകളെത്തുടർന്നാണ് ന്യൂക്ലിക് ആസിഡ് ടെസ്റ്റി​െൻറ പ്രാധാന്യം ചർച്ചയായത്. നാറ്റ് ടെസ്റ്റ് യൂനിറ്റുകൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സർക്കാറിനെ സമീപിച്ചിരുന്നു. എന്നാൽ, നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന നിലപാടിലാണ് അധികൃതർ. നിലവിൽ എലിസ ടെസ്റ്റ് മാത്രമാണ് എച്ച്.ഐ.വി തിരിച്ചറിയാൻ ഉള്ളത്. രക്തത്തിൽ എച്ച്.ഐ.വി അണുബാധയുണ്ടായി ആറ് ആഴ്ച മുതൽ ആറുമാസം വരെയുള്ള വിൻഡോ പീരിയഡിൽ എലിസ ടെസ്റ്റിലൂടെ തിരിച്ചറിയാനാവില്ല. ഈ സമയത്ത് രക്തദാനം നടത്തിയാൽ സ്വീകർത്താവിലേക്ക് വൈറസ് കടക്കും. എന്നാൽ, നാറ്റ് ടെസ്റ്റിലൂടെ ഇതിനുള്ള സാധ്യത 80 ശതമാനത്തോളം കുറക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഭൂരിഭാഗം വിദേശ രാജ്യങ്ങളിലും ഇത് നിർബന്ധമാക്കിയിട്ടുണ്ടെന്ന് ഐ.എം.എ എറണാകുളം ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ എബ്രഹാം വർഗീസ് 'മാധ്യമ'ത്തോട് പറഞ്ഞു. കേരളത്തിൽ ഐ.എം.എയുടെ കീഴിൽ 1000 രൂപ നിരക്കിൽ എറണാകുളത്ത് ടെസ്റ്റ് ഉണ്ട്. 140 ആശുപത്രികൾ ഇവിടെ രക്ത പരിശോധന നടത്തിവരുന്നു. രണ്ട് സ്വകാര്യ ആശുപത്രികളിൽക്കൂടി സംവിധാനമുണ്ടെങ്കിലും നിരക്ക് കൂടുതലാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ മൂന്ന് മേഖലകളിലെങ്കിലും നാറ്റ് ടെസ്റ്റിനുള്ള സൗകര്യം ഒരുക്കണമെന്ന് ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടത്. യൂനിറ്റ് സ്ഥാപിക്കുന്നതിന് ആവശ്യമായ ഉയർന്ന ചെലവാണ് സർക്കാർ പിന്തിരിയാൻ കാരണം. ഒരു യൂനിറ്റിന് മാത്രം നാല് കോടിയോളം രൂപ ആവശ്യമാണ്. വിൻഡോ പീരിയഡിൽ അഞ്ച് ശതമാനം മാത്രേമ നാറ്റ് ടെസ്റ്റിന് എലിസയേക്കാൾ കൃത്യത പുലർത്താനാകൂ എന്ന് കേരള സ്റ്റേറ്റ് എയിഡ്സ് കൺട്രോൾ സൊസൈറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അതിനാൽ ഇത്രയധികം തുക െചലവിട്ട് പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഷംനാസ് കാലായി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.