കുറിച്ചിക്കുളത്തിലേക്ക് രാസമാലിന്യം തള്ളുന്നെന്ന് പരാതി

ആലുവ: എടത്തല കുറിച്ചിക്കുളത്തിലേക്ക് രാസമാലിന്യവും ശൗചാലയ മാലിന്യവും തള്ളുന്നതായി പരാതി. ജില്ല പഞ്ചായത്ത് 60 ലക്ഷം മുടക്കി നവീകരിച്ച കുളത്തിലേക്കാണ് വ്യാപകമായി രാസമാലിന്യം തള്ളുന്നതായി ആക്ഷേപമുള്ളത്. ആറുമാസം മുമ്പാണ് കുളം നവീകരിച്ചത്. മാലിന്യം നിറഞ്ഞ് ജലം കറുത്ത നിറമായി മാറിയ കുളം ഉപയോഗശൂന്യമായിരിക്കുന്നു. ജില്ല പഞ്ചായത്ത് അംഗമായ അസ്‌ലഫ് പാറേക്കാടനാണ് മലിനീകരണത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സമീപത്തെ വ്യവസായമേഖലയാണ് കുളത്തിന് ശാപമാകുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് കമ്പനിക്കെതിരെ ആരോഗ്യ വിഭാഗത്തിനും ലേബര്‍ ഓഫിസര്‍ക്കും ഫാക്ടറി ആൻഡ് ബോയിലേഴ്‌സ് വകുപ്പിനും അദ്ദേഹം പരാതി നല്‍കി. എടത്തല, കീഴ്മാട് പഞ്ചായത്തുകളിലെ ഭൂരിഭാഗം കമ്പനികളും വേണ്ടത്ര സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് പരാതി. കമ്പനികളുടെ ലേബര്‍ ക്യാമ്പുകള്‍ നിയമവിരുദ്ധമായി കമ്പനിയുടെ കോമ്പൗണ്ടിലാണ് പ്രവര്‍ത്തിക്കുന്നത്. നൂറ്റമ്പതോളം ഇതര സംസ്‌ഥാന തൊഴിലാളികളാണ് വൃത്തിഹീന അന്തരീക്ഷത്തില്‍ താമസിക്കുന്നത്. ചെറിയ മുറികളില്‍ ഇടുങ്ങിയ സാഹചര്യത്തിലാണ് താമസം. കമ്പനികളിലെ രാസമാലിന്യവും ലേബര്‍ ക്യാമ്പുകളിലെ ശൗചാലയ മാലിന്യവും പഞ്ചായത്തിലെ ഏറ്റവും വലിയ കുടിവെള്ള േസ്രാതസ്സായ കുറിച്ചിക്കുളത്തിലേക്കാണ് തള്ളുന്നത്. രാത്രിയാണ് രഹസ്യമായി മാലിന്യം ഒഴുക്കുന്നത്. മാലിന്യം തള്ളുന്ന കമ്പനികള്‍ക്കെതിരെ നടപടി വേണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.