മാർക്കറ്റിലെ മാലിന്യം 45 ദിവസത്തിനകം നീക്കാൻ നിർദേശം

ആലുവ: മാർക്കറ്റിലെ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാൻ മനുഷ്യാവകാശ കമീഷൻ 45 ദിവസത്തെ സാവകാശം അനുവദിച്ചു. ആലുവയിൽ നടന്ന സിറ്റിങ്ങിൽ ഇതുമായി ബന്ധപ്പെട്ട പരാതിയിൽ സെക്രട്ടറി ഹാജരായിരുന്നു. പുതിയ സെക്രട്ടറി മൂന്നുദിവസം മുമ്പാണ് ചുമതലയേറ്റത്. അതിനാൽ വിഷയം പഠിക്കാനും നടപടി ആസൂത്രണം ചെയ്യാനും സമയം അനുവദിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. മാലിന്യം അവിടെത്തന്നെ കുഴിച്ചുമൂടാൻ ഉദ്ദേശിക്കുന്നു. എന്നാൽ, ആ ഭാഗത്ത് കുറച്ച് കല്ലുകൾ കിടക്കുന്നുണ്ട്. ഇത് നീക്കാൻ കൗൺസിലി​െൻറ അംഗീകാരം വേണം. നിശ്ചിത സമയത്തിനകം മാലിന്യം നീക്കി ബദൽ സംവിധാനം ഒരുക്കാമെന്നാണ് സെക്രട്ടറി ഉറപ്പുനൽകിയത്. എടയപ്പുറത്തെ കളിമൺപാത്ര വ്യവസായത്തിനെതിരായ പരാതിയിൽ പി.സി.ബിയോട് വീണ്ടും സ്‌ഥലം സന്ദർശിക്കാൻ കമീഷൻ നിർദേശിച്ചു. ചൂളകൾ പ്രവർത്തിക്കാതിരുന്നപ്പോൾ പി.സി.ബി സ്‌ഥലം സന്ദർശിച്ചതിനാൽ മലിനീകരണം വ്യക്തമായില്ലെന്ന് പരാതിക്കാരൻ വിജയൻ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ചൂള ഉപയോഗിക്കുന്ന സമയത്ത് സന്ദർശിക്കാൻ നിർദേശിച്ചത്. പെട്രോൾ പമ്പ് ആരംഭിക്കാൻ പഞ്ചായത്ത് അനുമതി നൽകുന്നില്ലെന്ന പരാതിയിന്മേൽ നിയമപരമായ രേഖകൾ ഹാജരാക്കാൻ പരാതിക്കാരനോട് കമീഷൻ നിർദേശിച്ചു. ചേർപ്പ് പഞ്ചായത്തിനെതിരെ എട്ടാം വാർഡിലെ താമസക്കാരനായ മുറ്റിച്ചൂൽ വീട്ടിൽ ജിജി സജീവനാണ് കമീഷനെ സമീപിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് സി.കെ. വിനോദ്, സെക്രട്ടറി എൻ. ഹരികുമാർ എന്നിവർ ഹാജരായിരുന്നു. ഗാർഹിക ആവശ്യത്തിന് ഉപയോഗിച്ചിരുന്ന കെട്ടിടം വ്യാപാര വിഭാഗത്തിലേക്ക് മാറ്റുകയോ ചീഫ് ടൗൺ പ്ലാനറുടെ അംഗീകാരം ലഭ്യമാക്കുകയോ ചെയ്യാതെയാണ് പരാതിക്കാരൻ പമ്പ് ആരംഭിക്കാൻ ശ്രമിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതർ ആരോപിച്ചു. അതിനാലാണ് ലൈസൻസ് നൽകാത്തതെന്നും ഇരുവരും കമീഷനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ചീഫ് ടൗൺ പ്ലാനറുടെ ലൈസൻസ് ഹാജരാക്കാൻ കമീഷൻ നിർദേശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.