ശുദ്ധീകരണം നിലച്ചു; കൊച്ചിയിലേക്ക് കുടിവെള്ള വിതരണം ഭാഗികമായി മുടങ്ങി

ആലുവ: ജലശുദ്ധീകരണ ശാലയിൽനിന്ന് കൊച്ചിഭാഗത്തേക്കുള്ള ജലവിതരണം തിങ്കളാഴ്ച നിലച്ചു. ഉച്ചക്ക് 12 മുതലാണ് പെരുമാനൂർ ടാങ്കിലേക്കുള്ള വിതരണം നിലച്ചത്. ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന ആലം, കുമ്മായം എന്നിവയുടെ ശേഖരം തീര്‍ന്നതോടെയാണ് വിതരണം നിലച്ചത്. പെരുമാനൂര്‍ ഭാഗത്തേക്കുള്ള 36 ഇഞ്ചി​െൻറ പൈപ്പിലാണ് ശുദ്ധീകരണം നിയന്ത്രിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്ത മഴയിൽ പെരിയാറിലെ ചെളിയുടെ അളവ് കൂടിയിരുന്നു. ഇതോടെ കൂടുതല്‍ ആലവും കുമ്മായവും ഉപയോഗിക്കേണ്ടി വന്നെന്നും ഇതോടെയാണ് സ്‌റ്റോക്ക് കുറഞ്ഞതെന്നും അധികൃതർ പറഞ്ഞു. 225 എം.എല്‍.ഡി വെള്ളം ശുദ്ധീകരിക്കാനുള്ള ശേഷിയാണ് ആലുവ ജലശുദ്ധീകരണ ശാലക്കുള്ളത്. ആലവും കുമ്മായവും തീര്‍ന്നതോടെ 25 എം.എല്‍.ഡിയുടെ കുറവാണ് ഉണ്ടായത്. ഉത്തരേന്ത്യയില്‍ നിന്നാണ് കേരളത്തിലെ ജലശുദ്ധീകരണ ശാലകളിലേക്ക് ആലവും കുമ്മായവും എത്തിക്കുന്നത്. ദീപാവലി അവധിക്കുശേഷം പഴയ രീതിയില്‍ സ്‌റ്റോക്ക് വരുന്നില്ലെന്നും ജല അതോറിറ്റി അധികൃതര്‍ പറയുന്നു. ചൊവ്വാഴ്ചയും വസ്തുകള്‍ എത്തിയില്ലെങ്കില്‍ പൂര്‍ണമായും നിർത്തി വെയ്‌ക്കേണ്ട സ്‌ഥിതിയാണ്. എന്നാൽ, ആലവും കുമ്മായവും വിതരണം ചെയ്യുന്നവരും ചില ഉദ്യോഗസ്‌ഥരും നടത്തുന്ന ഒത്തുകളിയുടെ ഫലമായാണ് ശുചികരണം തടസ്സപ്പെടാൻ ഇടയാക്കിയതെന്ന് ആക്ഷേപമുണ്ട്. ഇത്തരം വസ്തുക്കൾ സ്‌റ്റോക്ക് തീരുന്ന മുറക്ക് പലഘട്ടങ്ങളിലായി അറിയിക്കേണ്ടതുണ്ട്. ഇതുപ്രകാരം ആദ്യഘട്ടങ്ങളിൽ തന്നെ പുതിയ സ്‌റ്റോക്ക് വരുത്താനാകും. അങ്ങനെ എത്തുന്നവയുടെ ഗുണനിലവാരം പരിശോധിക്കാനും ആവശ്യമെങ്കിൽ മാത്രം ഉപയോഗിക്കാനും സാധിക്കും. എന്നാൽ, അവസാന ഘട്ടത്തിൽ മാത്രം സ്‌റ്റോക്ക് വിവരം വ്യക്തമാക്കിയാൽ കരാറുകാർ കൊണ്ടുവരുന്നവ തന്നെ ഉപയോഗിക്കേണ്ടിവരും. ഇത്തരത്തിൽ സ്‌റ്റോക്ക് അവസ്‌ഥ കൃത്യമായി വ്യക്തമാക്കാതിരുന്നതാണ് പ്രശ്നമായതെന്നാണ് ആരോപണം. ശുചീകരണ ശാലയുടെ ചുമതലയുള്ള ഉദ്യോഗസ്‌ഥരെ ഒതുക്കി നിർത്തി ചില ഉന്നത ഉദ്യോഗസ്‌ഥർ നേരിട്ട് കാര്യങ്ങൾ ചെയ്യുന്നതും പ്രശ്നമാകുന്നതായും ആരോപിക്കപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.