ട്രോളിങ്​ നിരോധനം: മത്സ്യ വില കുത്തനെ ഉയർന്നു

കൊച്ചി: ട്രോളിങ് നിരോധനം രണ്ടാഴ്ച പിന്നിട്ടതോടെ വിപണിയിൽ മത്സ്യവില കുത്തനെ ഉയർന്നു. സാധാരണക്കാര​െൻറ തീൻമേശയിലെ സ്ഥിരം വിഭവമായ മത്തി, അയല, മാന്തൾ, കൊഴുവ, നത്തോലി, ടൂണ എന്നിവയുടെ വിലയിൽ 40--50 ശതമാനം വരെയാണ് വർധന. ട്രോളിങ് നിരോധന സമയത്ത് മത്തി, അയല എന്നിവ തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽനിന്ന് കൊണ്ടുവന്നാണ് വിൽപന നടത്തിയിരുന്നത്. ക്ഷാമം മൂലം ചെല്ലാനം, മുനമ്പം എന്നിവിടങ്ങളിൽനിന്നാണ് മത്സ്യം ലഭിക്കുന്നത്. കഴിഞ്ഞ വർഷം മൺസൂൺ കാലത്ത് മത്തിക്ക് ക്ഷാമമില്ലായിരുന്നു. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽനിന്നാണ് ടൂണ ജില്ലയിൽ കൊണ്ടുവരുന്നത്. വിപണിയിൽ സുലഭമായിരുന്നു കിളിമീൻ ട്രോളിങ്ങിന് മുേമ്പ ലഭിക്കാതായി. മൺസൂൺ ശക്തി പ്രാപിച്ചത് തുഴ വഞ്ചിയിൽ മീൻ പിടിക്കുന്നവരെ പ്രതികൂലമായി ബാധിച്ചു. 80--100 രൂപ വിലയുണ്ടായിരുന്ന മത്തിക്ക് 180-200 രൂപയാണ് വില. 35 കിലോയുടെ ബോക്സിന് 2500 രൂപ വിലയുണ്ടായിരുന്ന കൊഴുവക്ക് 5000 രൂപയായി. 80-100 രൂപ വിലയുണ്ടായിരുന്ന അയലക്ക് 240 രൂപയായി. ആവോലി, കണമ്പ് എന്നിവ വിപണിയിൽ ലഭ്യമല്ല. മീൻ ലഭിക്കാത്തതിനാൽ പ്രധാന മാർക്കറ്റുകളായ മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, കൊച്ചി എന്നിവ നിർജീവമാണ്. അഞ്ഞൂറിൽ താഴെ വിലയുണ്ടായിരുന്ന നെയ്മീന് 750-800 രൂപയാണ് വില. കൂന്തലിന് 400 രൂപയാണ് വില. ചെമ്മീ​െൻറ വിലയിലാണ് കാര്യമായ മാറ്റമില്ലാത്തത്. നാടൻ ചെമ്മീനും പൂവാലനും യഥേഷ്ടം ലഭിക്കുന്നു. 300--350 രൂപയാണ് വില. 'കുറച്ചു വർഷങ്ങളായി അയല, മത്തി ചാകര ഉണ്ടാകുന്നില്ല. രണ്ടു ദിവസം മുമ്പ് മട്ടാഞ്ചേരി തീരത്ത് ചെറിയ രീതിയിൽ മത്തി ചാകര ഉണ്ടായത് മാത്രമാണ് ആശ്വാസം'- ഫോർട്ട്കൊച്ചിയിലെ മത്സ്യത്തൊഴിലാളി സലാം പറയുന്നു. ഇൗ വർഷം മഴ ശക്തമായതിനാൽ മത്സ്യം കൂട്ടത്തോടെ തീരത്തേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ. ജൂലൈ 31നാണ് ട്രോളിങ് അവസാനിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.