ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ആലുവ: ചുവപ്പുനാടയില്‍ കുടുങ്ങിയ പ്രശ്‌നങ്ങള്‍ക്ക് വർഷങ്ങൾക്കു ശേഷം പരിഹാരമേകി ജനസമ്പര്‍ക്ക പരിപാടി. എടത്തല പഞ്ചായത്തിലെ പനാമച്ചിറയും അതിനോടു ചേർന്ന പുറമ്പോക്കും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് 75 കാരനായ പി.ഡി. പൈലി എത്തിയത്. പുക്കാട്ടുപടി-ഇടപ്പള്ളി റോഡില്‍നിന്ന് കുളത്തിലേക്കുള്ള വഴി സ്വകാര്യ വ്യക്തികള്‍ കൈയേറുകയും കുളം വര്‍ഷങ്ങളായി മണ്ണിട്ട് നികത്തിക്കൊണ്ടിരിക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു. പുറമ്പോക്ക് കൈയേറ്റമുണ്ടോയെന്ന് പരിശോധിച്ച് ഉടന്‍ നടപടിയെടുക്കാന്‍ കലക്ടര്‍ റവന്യൂ ഉദ്യോഗസ്‌ഥര്‍ക്ക് നിര്‍ദേശം നല്‍കി. മലയാറ്റൂര്‍ വില്ലേജ് ഇല്ലിത്തോട്ടിലെ ഭൂമി സര്‍വേ ചെയ്ത് കല്ലിട്ടപ്പോള്‍ തങ്ങളുടെ ഭൂമിയിലേക്കുള്ള വഴി വിട്ടുപോയെന്ന പരാതിയുമായാണ് മുഹമ്മദ് അഷ്‌റഫ് എത്തിയത്. സര്‍വേയിലെ തെറ്റ് പരിഹരിക്കണമെന്നും വഴി രേഖപ്പെടുത്തണമെന്നും 1998ല്‍ ജില്ല കലക്ടറുടെ ഉത്തരവുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരാതി പരിശോധിച്ച ജില്ല കലക്ടര്‍ രണ്ടാഴ്ചക്കകം നടപടിയെടുക്കാന്‍ ഉദ്യോഗസ്‌ഥരെ ചുമതലപ്പെടുത്തി. അയല്‍വീട്ടിലെ ടെറസ്സില്‍നിന്ന് വെള്ളം തുടര്‍ച്ചയായി വീണ് വീട് അപകടാവസ്‌ഥയിലാണെന്ന് അയ്യമ്പിള്ളി പഞ്ചായത്തിലെ രാധ സുഗതന്‍ പരാതിനല്‍കി. 2014 മുതല്‍ പരാതി വിവിധ ഓഫിസുകളില്‍ നല്‍കിയിട്ടും നടപടിയായിട്ടില്ല. അസി. എൻജിനീയര്‍ സ്‌ഥലം സന്ദര്‍ശിച്ച് ഉടന്‍ തീരുമാനമെടുക്കാന്‍ ജില്ല കലക്ടര്‍ ഉത്തരവിട്ടു. അയല്‍വാസിയുടെ പറമ്പിലെ മഹാഗണി ഷീറ്റു മേഞ്ഞ വീടിന് ഭീഷണിയാണെന്നും ഒരുവര്‍ഷമായിട്ടും പരാതിയില്‍ നടപടിയെടുക്കുന്നില്ലെന്നും കാലടി നീലീശ്വരം കരയില്‍ ബാലന്‍ പരാതി നല്‍കി. പരിശോധിച്ചശേഷം ഭീഷണിയായ മരം മുറിച്ചുനീക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. മലയാറ്റൂര്‍ നീലീശ്വരം സര്‍വിസ് സഹകരണ ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാന്‍ നിര്‍വാഹമില്ലെന്ന അപേക്ഷയുമായാണ് കെ.ജെ. ഷീജ എത്തിയത്. ഒമ്പതു മാസമായി അപകടത്തില്‍പെട്ട് കിടപ്പിലായ ഭര്‍ത്താവും വിദ്യാർഥികളായ മക്കളുമാണുള്ളത്. വായ്പ ഒഴിവാക്കിത്തരണമെന്ന് ഷീജ അപേക്ഷ നല്‍കി. അപേക്ഷ അനുഭാവപൂര്‍വം പരിഗണിക്കാനും പലിശ ഒഴിവാക്കി നല്‍കാനും കലക്ടര്‍ നിര്‍ദേശിച്ചു. ക്യാപ്‌ഷൻ ea54 janasamparkam ആലുവ താലൂക്കിലെ ജനസമ്പര്‍ക്കപരിപാടി 'പരിഹാരം 2017'ല്‍ ജില്ല കലക്ടറുടെ നേതൃത്വത്തില്‍ പരാതി സ്വീകരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.