പട്ടികജാതി കുടുംബങ്ങളുടെ സമരം ഒത്തുതീർപ്പിലേക്ക്

കടുങ്ങല്ലൂർ: കടുങ്ങല്ലൂരിൽ പട്ടിക ജാതിക്കാരായ ഭൂരഹിതർ നടത്തിവന്ന സമരം ജില്ല കലക്ടറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയെത്തുടർന്ന് ഒത്തുതീർപ്പിലേക്ക്. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കലക്ടറേറ്റിലായിരുന്നു ചർച്ച. ലൈഫ് പദ്ധതിയിൽപ്പെടുത്തി സമരത്തിലുൾപ്പെട്ട 10 കുടുംബങ്ങൾക്ക് വീടുെവച്ച് നൽകും. സമരക്കാർ പരാതി നൽകുന്ന മുറക്ക് ഇവർക്ക് ഭൂമി നൽകിയ ഉടമയുടെ ക്രയവിക്രയങ്ങൾ മരവിപ്പിക്കാനും ഭൂമി വിവാദത്തിൽ ഉൾപ്പെട്ട മുൻ ഭരണകക്ഷി അംഗങ്ങൾക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനും തീരുമാനമെടുത്തിട്ടുണ്ട്. വെണ്മണിക്കാസിച്ചാലിലെ വിവാദ ഭൂമി പഞ്ചായത്ത് ഏറ്റെടുക്കും. കഴിഞ്ഞ ഒരുമാസമായി 10 കുടുംബങ്ങൾ സമരം നടത്തിവരുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം സമരത്തിലായിരുന്നു. നേരത്തേ നടന്ന ചർച്ചകളൊന്നും ഫലം കണ്ടില്ല. തിങ്കളാഴ്ച പഞ്ചായത്ത് ഹാളിൽ ചർച്ചക്കെത്താമെന്നേറ്റിരുന്ന പഞ്ചായത്ത് പ്രസിഡൻറ് എത്താതിരുന്നതിനെത്തുടർന്ന് സമരക്കാർ പഞ്ചായത്ത് ഓഫിസിൽ താമസമാക്കിയതോടെ സമരത്തി​െൻറ ഗതി മാറുകയായിരുന്നു. ഇതിനിടെ, ബി.ജെ.പി കളമശ്ശേരി മണ്ഡലം കമ്മിറ്റി നേതൃത്വം സമരക്കാർക്ക് ഐക്യദാർഢ്യവുമായി രംഗത്തെത്തി. ബി.ഡി.ജെ.എസ് ഹിന്ദു ഐക്യവേദി പ്രവർത്തകരും തിങ്കളാഴ്ച വൈകീട്ട് സ്ഥലത്തെത്തി. വെള്ളക്കെട്ടുള്ള സ്ഥലം വാങ്ങി നൽകി മുൻ ഭരണപക്ഷ അംഗങ്ങൾ കബളിപ്പിച്ചതായാണ് സമരക്കാരുടെ ആക്ഷേപം. ഭൂമി വാസയോഗ്യമാക്കി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ചൊവ്വാഴ്ച രാവിലെ എ.ഡി.എം, ഡെപ്യൂട്ടി കലക്ടർ, തഹസിൽദാർ എന്നിവർ സ്ഥലത്തെത്തി സമരസമിതി നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. എ.ഡി.എം ടി.ബി. ജോസ് വെണ്മണിക്കച്ചാലിലെ സ്ഥലം സന്ദർശിച്ചു. ഓഫിസിൽ ക്യാമ്പ് ചെയ്ത സമരക്കാർ ആത്മഹത്യ ഭീഷണിയും മുഴക്കി. ഇതോടെ കൂടുതൽ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. ഇതിനിടെ, രാവിലെ സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി പ്രവർത്തകർ പഞ്ചായത്ത് പടിക്കൽ നടത്തിയ പ്രതിഷേധയോഗം സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കലക്ടറേറ്റിൽ കലക്ടർ മുഹമ്മദ് വൈ. സഫീറുല്ലയുടെ നേതൃത്വത്തിൽ നടന്ന നടന്ന ചർച്ചയിൽ ഡെപ്യൂട്ടി കലക്ടർ സിദ്ധാർഥൻ എ.ഡി.എം ടി.ബി. ജോസ്, പഞ്ചായത്ത് പ്രസിഡൻറ് രത്നമ്മ സുരേഷ്, വൈസ് പ്രസിഡൻറ് സി.ജി. വേണു, സെക്രട്ടറി മണികണ്ഠൻ, സി.ഐ സനൽകുമാർ, വി.ഗോപകുമാർ, കെ.എസ്. ഉദയകുമാർ സംയുക്ത സമര സമിതി കൺവീനർ സുനിൽ, പട്ടികജാതി വികസന ഓഫിസർ, എ.ഡി.പി ഡിംപിൾ മരിയ എന്നിവർ പങ്കെടുത്തു. എന്നാൽ, ലൈഫ് പദ്ധതിയിൽപെടുത്തി വീട് നൽകാമെന്ന നിർദേശം നേരത്തേ എടുത്തതാണെന്നും അതിന് സമരക്കാർ തയാറാകാതിരുന്നതാണ് സമരം നീളാൻ കാരണമെന്നും പഞ്ചായത്ത് പ്രസിഡൻറ് പ്രതികരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.