തൃക്കാക്കരയില്‍ കൊതുകിനെ തുരുത്താന്‍ ഫോഗിങ്; പരിസരശുചീകരണത്തില്‍ വീഴ്ചവരുത്തിയാല്‍ പിഴ

കാക്കനാട്: തൃക്കാക്കരയില്‍ കൊതുകുനശീകരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. മഴക്കാലം തുടങ്ങിയതോടെ നിര്‍ത്തിെവച്ചിരുന്ന കൊതുകുനശീകരണ പ്രവര്‍ത്തനങ്ങളാണ് പുനരാരംഭിച്ചത്. ഇതിനകം ഡെങ്കിപ്പനി ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചതോടെയാണ് നഗരസഭ പ്രതിരോധപ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങിയത്. 50 ലിറ്റര്‍ ഡീസല്‍ സംഭരണശേഷിയുള്ള ഫോഗിങ് യന്ത്രം ഉപയോഗിച്ച് ചൊവ്വാഴ്ച അഞ്ച് വാര്‍ഡുകളില്‍ കൊതുകിനെ തുരുത്തി. മറ്റ് വാര്‍ഡുകളില്‍ വരുംദിവസങ്ങളില്‍ തുടരും. പരിസരശുചീകരണം നടത്തിയില്ലെങ്കില്‍ കര്‍ശനനടപടി സ്വീകരിക്കാനാണ് നഗരസഭ തീരുമാനം. കൊതുകി​െൻറ ഉറവിട നശീകരണത്തിന് ആദ്യം ലഘുലേഖകള്‍ നല്‍കി ബോധവത്കരണം നടത്തും. തുടര്‍ന്നും പരിസരശുചീകരണത്തില്‍ വീഴ്ച വരുത്തുന്ന വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ മുനിസിപ്പല്‍ നിയമം അനുശാസിക്കുന്ന പിഴ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി. പൊതുജന ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവിധം വീടും പരിസരവും സൂക്ഷിക്കാത്തവര്‍ക്ക് 250 മുതല്‍ 2000 രൂപ വരെ പിഴ ചുമത്താനാണ് മുനിസിപ്പല്‍ നിയമം വ്യവസ്ഥ ചെയ്യുന്നത്. ബുധനാഴ്ച പൊതുജന പങ്കാളിത്തത്തോടെ വാര്‍ഡുതലത്തില്‍ കൊതുകളുടെ ഉറവിട നശീകരണപ്രവര്‍ത്തനം നടത്തും. കുടുംബശ്രീ അംഗങ്ങളുടെയും രാഷ്ട്രീയ, സാമൂഹിക സംഘടനകളുടെയും പങ്കാളിത്തം ഉറപ്പുവരുത്തും. പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഉടന്‍ ശുചീകരണം നടത്തും. ഹെൽത്ത് സ്‌ക്വാഡി​െൻറ വാഹനത്തിലാണ് ഫോഗിങ് യന്ത്രം ഘടിപ്പിച്ചിരിക്കുന്നത്. പൂര്‍ണ വളര്‍ച്ചയെത്തിയ കൊതുകുകളെ നശിപ്പിക്കാനാണ് ഫോഗിങ്. തുടര്‍ന്ന് മരുന്ന് ഉപയോഗിച്ച് കൂത്താടികളെ നശിപ്പിക്കും. വാര്‍ഡുതലത്തിെല ദ്രുതകര്‍മ സംഘം രൂപവത്കരിച്ച് കൊതുകുനശീകരണത്തിനാണ് നഗരസഭ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷബ്‌ന മെഹറലി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.