എസ്.എഫ്.ഐ നേതാവിനെ ആ​ക്രമിച്ച കേസിൽ എ.ബി.വി.പി പ്രവർത്തകർക്ക് തടവും പിഴയും

ചെങ്ങന്നൂർ: എസ്.എഫ്.ഐ നേതാവിനെ ആക്രമിച്ച കേസിൽ എ.ബി.വി.പി പ്രവർത്തകരായ ആറുപേർക്ക് തടവും പിഴയും. സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ നേതാവുമായ ജയിംസ് ശാമുവേലിനെ ആക്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചത്. എ.ബി.വി.പി പ്രവർത്തകരായ സജിത്ത് (29), അഖിലേഷ് (31), പ്രമോദ് (37), നിധീഷ്(27), സുനിൽ (25), രാജേഷ് (27) എന്നിവർക്കാണ് ചെങ്ങന്നൂർ അസിസ്റ്റൻറ് സെഷൻസ് കോടതി ജഡ്ജി പി.പി. പൂജ തടവും പിഴയും വിധിച്ചത്. ഒന്നാംപ്രതി സജിത്തിന് മൂന്നു വർഷവും ബാക്കിയുള്ളവർക്ക് ആറുമാസം വീതവുമാണ് ശിക്ഷ. പ്രതികളെല്ലാം കോടതിയിൽ ഹാജരായിരുന്നുവെങ്കിലും ശിക്ഷ മൂന്നുവർഷത്തിൽ താെഴയായതിനാൽ ജാമ്യം ലഭിച്ചു. 2010 സെപ്റ്റംബർ 20ന് ചെങ്ങന്നൂർ ഐ.ടി.ഐ കാമ്പസിനുള്ളിലാണ് കേസിനാസ്പദ സംഭവം. സംസ്ഥാന ഐ.ടി.ഐ കായികമേളയുമായി ബന്ധപ്പെട്ട് എസ്.എഫ്.‌ഐ ജില്ല കമ്മിറ്റി അംഗമായിരുന്ന ജയിംസ് ശാമുേവൽ കാമ്പസിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. കമ്പിവടികൊണ്ട് തലക്കു പിറകിൽ അടിച്ചതിനെ തുടർന്ന് ജയിംസ് തളർന്നുവീണു. ശരീരത്തിലുണ്ടായ പരിക്ക് കൂടാതെ തലയോട്ടിക്കുള്ളിൽ ആന്തരിക രക്തസ്രാവം ഉണ്ടായി രക്തം കട്ടപിടിച്ചു. ചെങ്ങന്നൂർ ഗവ. ആശുപത്രിയിലും തുടർന്ന് മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച ജയിംസിന് 15 ദിവസം ഐ.സി.യുവിൽ കിടക്കേണ്ടിവന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.