ഭൂമി വിൽപന വിവാദത്തിന്​ പിന്നിൽ സഭകൾ തമ്മിലെ പടലപ്പിണക്കവും

കൊച്ചി: സീറോ മലബാർസഭയെ പ്രതിരോധത്തിലാക്കിയ ഭൂമി വിൽപന വിവാദത്തിന് പിന്നിൽ സഭകൾ തമ്മിലെ പടലപ്പിണക്കമെന്നും സൂചന. മാർപാപ്പക്ക് പരാതി നൽകാനുള്ള ഒരുവിഭാഗം വൈദികരുടെ നീക്കം ഭൂമി ഇടപാടിലെ ക്രമക്കേടിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടിക്ക് വഴിവെച്ചേക്കും. വത്തിക്കാന് കീഴിൽ 23 സ്വതന്ത്ര ക്രൈസ്തവ സഭയാണുള്ളത്. ഇതിൽ പ്രബലവിഭാഗങ്ങളാണ് സീറോ മലബാർ, ലത്തീൻ സഭകൾ. ആഗോളതലത്തിൽതന്നെ ക്രൈസ്തവരിൽ ഭൂരിഭാഗവും മാർപാപ്പയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ലത്തീൻ സഭക്ക് കീഴിലാണ്. സീറോ മലബാർ സ്വതന്ത്ര സഭയാണെങ്കിലും ബിഷപ്പുമാരെ നിയമിക്കുന്നതടക്കം പരമാധികാരം മാർപാപ്പക്കാണ്. പൗരസ്ത്യ കൽദായ നിയമത്തി​െൻറ ചുവടുപിടിച്ച് രൂപപ്പെട്ട സീറോ മലബാർ സഭയുടെ തീരദേശമേഖല കേന്ദ്രീകരിച്ചുള്ള അതിരൂപതകളിൽ ലത്തീൻ സഭക്ക് സ്വാധീനമുള്ള ആരാധനക്രമമാണ് നിലവിലുള്ളത്. എന്നാൽ, കൽദായ നിയമത്തിന് പ്രാമുഖ്യമുള്ള ആരാധനക്രമം നടപ്പാക്കാനുള്ള ശ്രമത്തിലാണ് അതിരൂപത ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി, ഇടുക്കി രൂപതകളും സംസ്ഥാനത്തിനും രാജ്യത്തിനും പുറത്ത് പുതുതായി നിലവിൽവന്ന രൂപതകളും ഇൗ ആരാധനക്രമമാണ് പിന്തുടരുന്നത്. പൊതു ആരാധനക്രമം കൊണ്ടുവരാനുള്ള ആലഞ്ചേരിയുടെ നീക്കത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ചിലർ പുതിയ വിവാദങ്ങൾക്ക് പിന്നിലുണ്ടെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. മാർ ജോർജ് ആലഞ്ചേരി നേതൃത്വത്തിൽ വന്നശേഷം സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തേക്ക് സീറോ മലബാർ സഭയുടെ വളർച്ചക്ക് ആക്കം കൂടിയതും ഇതരസഭകളുടെ അനിഷ്ടത്തിനിടയാക്കിയിട്ടുണ്ട്. സീറോ മലബാർ സഭക്കുള്ളിൽ അതിരൂപതകൾ തമ്മിലെ തെക്ക് -വടക്ക് തർക്കമാണ് മറ്റൊരു പ്രശ്നം. തെക്കൻ മേഖലയുടെ പ്രതിനിധികളായ ആലഞ്ചേരി ഉൾപ്പെടെയുള്ളവർ സഭാനേതൃത്വം കൈയാളുന്നതിൽ വടക്കൻ രൂപതകളെ നിയന്ത്രിക്കുന്നവർക്ക് താൽപര്യമില്ല. ഇതിനിടെ, അതിരൂപതക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയ ഭൂമി ഇടപാടിനെക്കുറിച്ച് അന്വേഷിക്കണമെന്നും ഉത്തരവാദികളെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് മാർപാപ്പക്ക് പരാതി അയക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം വൈദികർ. ബിഷപ്പുമാരും വൈദികരും ഒപ്പിട്ട പരാതി ഉടൻ അയക്കുമെന്ന് ഇവർക്കൊപ്പം നിൽക്കുന്ന ഫാ. ജോസഫ് പാറേക്കാട്ടിൽ പറഞ്ഞു. നേതൃസ്ഥാനത്തുനിന്ന് മാർ ജോർജ് ആലഞ്ചേരി മാറണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, സഹായ മെത്രാന്മാരുടെ തീരുമാനത്തി​െൻറ അടിസ്ഥാനത്തിൽ നടന്ന ഭൂമി ഇടപാടി​െൻറ പേരിൽ ആർച് ബിഷപ്പിനെ പ്രതിക്കൂട്ടിൽ നിർത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ് മറുവിഭാഗത്തി​െൻറ വാദം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.