കിറ്റ്കോ ഏറ്റെടുത്ത പദ്ധതികള്‍ സ്തംഭനാവസ്ഥയില്‍

മട്ടാഞ്ചേരി: സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്കോ ഏറ്റെടുത്ത കൊച്ചി മണ്ഡലത്തിലെ പദ്ധതികള്‍ അവതാളത്തിലായതിൽ പ്രതിഷേധം ഉയരുന്നു. പ്രധാന പദ്ധതികളിലൊന്നായ ചീനവല നവീകരണത്തിന് കഴിഞ്ഞ സര്‍ക്കാറി​െൻറ കാലത്ത് ടൂറിസം വകുപ്പ് ഒന്നരക്കോടി അനുവദിച്ചിരുന്നു. നടത്തിപ്പ് ചുമതല കിറ്റ്കോക്കാണ് നല്‍കിയത്. പ്രാരംഭ ചര്‍ച്ചകള്‍ നടന്നതല്ലാതെ മറ്റൊന്നും മുന്നോട്ടുപോയില്ല. എൽ.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കെ.ജെ. മാക്സി എം.എല്‍.എയുടെ നേതൃത്വത്തില്‍ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമം നടന്നെങ്കിലും എവിടെയും എത്തിയിട്ടില്ല. ഒന്നരക്കോടിയില്‍ പകുതി കിറ്റ്കോ കൈപ്പറ്റിയെന്നാണ് അറിവ്. പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായ ചെമ്പിട്ടപള്ളിയുടെയും ഹരിഷേണായി കെട്ടിടത്തി​െൻറയും നവീകരണം ഒച്ചിഴയുന്ന വേഗത്തിലാണ്. കഴിഞ്ഞ സര്‍ക്കാറി​െൻറ കാലത്ത് തന്നെയാണ് ഈ പദ്ധതിയും ആരംഭിച്ചത്. കിറ്റ്കോയെ ഏൽപിച്ച ഫോര്‍ട്ട്കൊച്ചി പരേഡ് മൈതാനം നവീകരണവും പാതി വഴിയില്‍ മുടങ്ങി. ഒടുവില്‍ ഫിഫ അണ്ടര്‍-17 ലോക കപ്പ് ഫുട്ബാളി​െൻറ ഭാഗമായി പൊതുമരാമത്ത് വകുപ്പാണ് നവീകരണജോലികള്‍ പൂര്‍ത്തിയാക്കിയത്. ഫോര്‍ട്ട്കൊച്ചി കുട്ടികളുടെ പാര്‍ക്ക് നവീകരണവും മുൻ സര്‍ക്കാറി​െൻറ കാലത്ത് കിറ്റ്കോ ഏറ്റെടുത്തെങ്കിലും വിവാദങ്ങള്‍ സൃഷ്ടിച്ച് പാതിവഴിയില്‍ മുടക്കി. എഫ്.ഐ.ടിയുടെ നേതൃത്വത്തിലാണ് ടൂറിസം വകുപ്പ് പാര്‍ക്ക് നവീകരണം പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. കിറ്റ്കോ വെള്ളാനയാണെന്ന ആക്ഷേപമാണ് ഉയരുന്നത്. പാര്‍ക്ക് ഉദ്ഘാടനവേളയില്‍ കെ.ജെ. മാക്സി എം.എല്‍.എ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്ര​െൻറ സാന്നിധ്യത്തില്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ ഏറ്റെടുക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമ്പോള്‍ കിറ്റ്കോയുടെ പ്രവൃത്തികൾ ഒച്ചിഴയും വേഗത്തിലാണെന്നാണ് ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.