ഭരണപക്ഷത്തെ എതിർപ്പിനിടെ പാമ്പാക്കുട പഞ്ചായത്തിൽ പാറമടക്ക് അനുമതി

പിറവം: ഭരണപക്ഷത്തെ മൂന്ന് സി.പി.എം അംഗങ്ങളുടെ എതിർപ്പിനിടെ പാമ്പാക്കുട പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ ഓണക്കൂറിൽ പാറമട തുടങ്ങുന്നതിന് പഞ്ചായത്ത് കമ്മിറ്റി അനുമതി നൽകി. ആവശ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ പാറമട തുടങ്ങുന്നതിന് മെഷീനറികൾ സ്ഥാപിക്കുന്നതിന് അനുമതി നൽകാവുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മിറ്റിയിൽ അറിയിക്കുകയായിരുന്നു. തുടർന്നാണ് പാറമട തുടങ്ങുന്നതിന് പ്രതിപക്ഷത്തി​െൻറ കൂടി പിന്തുണയോടെ ഭരണസമിതി അനുമതി നൽകിയത്. വാർഡ് മെംബറും ക്ഷേമകാര്യ സ്ഥിരം സമിതി അംഗവുമായ സി.ബി. രാജീവ് ഉൾെപ്പടെ സി.പി.എമ്മിലെ സാജു ജോർജ്, സുമ ഗോപി എന്നിവരും തീരുമാനത്തെ എതിർത്തു. നേരേത്ത സമീപവാസികളുടെ പരാതിയിൽ വാർഡ് ഗ്രാമസഭ പാറമട തുടങ്ങുന്നതിനെതിരെ പ്രമേയം പാസാക്കിയിരുന്നു. ഇത് പഞ്ചായത്ത് കമ്മിറ്റിയും അംഗീകരിച്ചിരുന്നു. ഇതിനെതിരെ പാറമട ഉടമ ഹൈകോടതിയെ സമീപിച്ചു. തുടർന്ന് എട്ട് ദിവസത്തിനകം ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഹൈകോടതി പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. തുടർന്ന് കൂടിയ പഞ്ചായത്ത് കമ്മിറ്റിയിലും പാറമടയുടെ പ്രവർത്തനത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും ഒരു മാസത്തിനകം പാറമടയുടെ അനുമതിക്കായി പഞ്ചായത്ത് കമ്മിറ്റിയിൽ അപേക്ഷ എത്തുന്നത്. മൈനിങ് ആൻഡ് ജിയോളജി, പി.സി.ബി, ഡി.ഇ.ഐ.എയുടെ പാരിസ്ഥിതിക അനുമതി, എക്സ്പ്ലോസീവ് ലൈസൻസ്, ബ്ലാസ്റ്റേഴ്സ് സർട്ടിഫിക്കറ്റ്, വസ്തു സംബന്ധമായ രേഖകൾ എന്നിവയും അപേക്ഷയോടൊപ്പം ഹാജരാക്കിയിരുന്നു. എന്നാൽ, നാട്ടുകാരുടെ പരാതി നിലനിൽക്കുന്നുണ്ടെന്നും അതിനാൽ പാറമട തുടങ്ങുന്നതിനെതിരെയുള്ള നിലപാട് തുടരുമെന്നും വാർഡ് മെംബർ സി.ബി. രാജീവ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.