പട്ടിക വിഭാഗങ്ങൾക്ക് സംവരണം: എസ്.എൻ.ഡി.പി അപ്പീൽ നൽകിയതിനെതിരെ കോടിയേരി

കായംകുളം: എയിഡഡ് കോളജുകളിലെ അധ്യാപക നിയമനത്തിൽ പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് സംവരണം നൽകണമെന്ന ഹൈകോടതി വിധിക്കെതിരെ അപ്പീൽ പോയ എസ്.എൻ.ഡി.പി നിലപാടിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിധി നടപ്പാക്കാൻ ഇടതുസർക്കാർ ശ്രമിക്കുകയും മന്ത്രിസഭ നിർദേശിക്കുകയും ചെയ്ത അവസരത്തിലാണ് എസ്.എൻ.ഡി.പി അടക്കമുള്ള സമുദായ സംഘടനകൾ അപ്പീൽ പോയത്. സിംഗിൾ െബഞ്ചി​െൻറ വിധി ഹൈകോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. അപ്പീൽ പോയ എൻ.എസ്.എസിന് സംവരണ കാര്യത്തിലുള്ള നിലപാട് മനസ്സിലാകും. എന്നാൽ, സമുദായസംവരണത്തിനുവേണ്ടി വാദിക്കുകയും പോരാടുകയും ചെയ്യുന്ന എസ്.എൻ.ഡി.പി അപ്പീൽ പോയത് അദ്ഭുതപ്പെടുത്തി. എന്തിനാണ് അപ്പീൽ പോയതെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു സി.പി.എം ആലപ്പുഴ ജില്ല സമ്മേളനത്തിന് മുന്നോടിയായി കായംകുളത്ത് സംഘടിപ്പിച്ച 'സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥയും സംവരണവും' സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. സംവരണത്തിനുവേണ്ടി നിലപാട് സ്വീകരിക്കുന്ന സമുദായസംഘടനകൾ അവർ നടത്തുന്ന സ്ഥാപനങ്ങളിലെങ്കിലും സംവരണം നടപ്പാക്കാൻ തയാറാവുമോ എന്നും കോടിയേരി ചോദിച്ചു. എസ്. എൻ.ഡി.പി അസിസ്റ്റൻറ് സെക്രട്ടറി മന്മഥൻ, മുന്നാക്ക വികസന കോർപറേഷൻ ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള, കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, എം.ഇ.എസ് സംസ്ഥാന സെക്രട്ടറി പി.ടി. സക്കീർ ഹുസൈൻ എന്നിവരും പങ്കെടുത്തു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സെമിനാറിൽ പങ്കെടുത്തില്ല. എന്നാൽ, അദ്ദേഹത്തി​െൻറ പ്രസംഗം സെമിനാറിൽ വായിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.